ഷെറിന്റെ മുഖം തെളിഞ്ഞു. അവള് നന്ദി സ്ഫുരിക്കുന്ന ഭാവത്തോടെ തലയാട്ടി.
“എങ്കില്‍ പറഞ്ഞോളൂ” അച്ചന് അവളെ കേള്‍ക്കാന്‍ തയ്യാറായി.
“ശ്ശൊ ഇവിടെ വച്ചോ” ഷെറിന് ലജ്ജയോടെ ചുറ്റിലും നോക്കി.
“ഇവിടെ പറ്റില്ലെങ്കില്‍ ഓഫീസില്‍ ഇരുന്നു സംസാരിക്കാം”
അവള് തലയാട്ടി.
ഓഫീസില്‍ അച്ചനെതിരെ ഇരിക്കുമ്പോള്‍ ഷെറിന് ധൈര്യം ചോര്‍ന്ന അവസ്ഥയിലായിരുന്നു. ഇതൊക്കെ എങ്ങനെയാണ് ഒരു പുരോഹിതന്റെ മുഖത്ത് നോക്കി പറയുക? അച്ചന് കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. പള്ളിയും പരിസരവും എല്ലാം അവിടെയിരുന്നാല്‍ സിസിടിവിയിലൂടെ അദ്ദേഹത്തിന് കാണാന്‍ സാധിക്കും.
“എനിക്ക് അച്ചന്റെ മുഖത്ത് നോക്കി പറയാന്‍ വയ്യ” ഷെറിന് മുഖം കുനിച്ച് അപമാനഭാരത്തോടെ പറഞ്ഞു. അച്ചന്റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു; അര്‍ത്ഥഗര്‍ഭമായ പുഞ്ചിരി.
“ശരി. ഷെറിന് അടുത്ത മുറിയില്‍ പോയി ഇന്റര്‍കോം വഴി സംസാരിച്ചോളൂ. ഒന്നാം നമ്പരില്‍ എന്നെ കിട്ടും” അതിനും അദ്ദേഹം പ്രതിവിധി നല്കി.
അവള് തലയാട്ടിയ ശേഷം ഓഫീസ് മുറിയോട് ചേര്‍ന്നുള്ള പള്ളി സെക്രട്ടറിയുടെ മുറിയിലേക്ക് കയറി കതകടച്ചു. അവിടെ കസേരയിലേക്ക് ഇരുന്ന അവള് ഒരുനിമിഷം മൌനമായി പ്രാര്‍ഥിച്ചു. പിന്നെ ഫോണെടുത്ത് ഒന്നാം അക്കത്തില്‍ അമര്‍ത്തിയ ശേഷം ചെവിയോട് ചേര്‍ത്തു.
“കമോണ്‍ ഷെറിന്” അച്ചന്റെ ശബ്ദം അവള് സ്വന്തം കാതില്‍ കേട്ടു.
ഷെറിന് കണ്ണടച്ച് ദീര്‍ഘമായി നിശ്വസിച്ച ശേഷം അധരപുടങ്ങള്‍ മെല്ലെ വിടര്‍ത്തി. അച്ചനോട് പറയാനായി വന്ന കാര്യങ്ങള്‍ ഒരു ചലച്ചിത്രത്തില്‍ എന്നപോലെ അവളുടെ മനസ്സിലേക്കെത്തി അക്ഷരങ്ങളുടെ രൂപം ധരിച്ച്, ശബ്ദമായി പരിവര്‍ത്തിതമായി ഫാദര്‍ ജയിംസിന്റെ കാതുകളിലേക്ക് ഒഴുകാനാരംഭിച്ചു.
ഒരു മാസിക വായിച്ച് മുകള്‍നിലയിലെ സ്വന്തം മുറിയില്‍ അലസമായി കിടക്കുകയായിരുന്നു ഷെറിന്. രാവിലെ പ്രാതല്‍ കഴിഞ്ഞാല്‍പ്പിന്നെ അവള്‍ക്കൊരു ആലസ്യമുണ്ട്. അത് മാറാന്‍ ഇങ്ങനെ കുറേനേരം കിടക്കും. പിന്നെ എഴുന്നേല്‍ക്കുന്നത് പത്തുമണിക്ക് ശേഷമായിരിക്കും. കുളിയും മറ്റും അപ്പോഴാണ്. ആ സമയത്ത് വീട്ടില്‍ ജോലിക്കാര്‍ മാത്രമേ ഉണ്ടാകൂ. കുര്യന് മുതലാളി തന്റെ സ്ഥാപനങ്ങളിലേക്കും, ഭാര്യ മോളി പര്യടനത്തിനും, ഇളയ മകള്‍ ജൂബി സ്കൂളിലും പോയിട്ടുണ്ടാകും. ജോസന് മിക്കപ്പോഴും കേരളത്തിന് പുറത്തായിരിക്കും. മാസത്തില്‍ നാലോ അഞ്ചോ ദിവസങ്ങളാണ് അയാള്‍ വീട്ടില്‍ ഉണ്ടാകുക. ജോസനും ജൂബിക്കും നടുവില്‍ ഒരു മകനുണ്ട്. അവന് അമേരിക്കയിലാണ് പഠിക്കുന്നത്. ഇപ്പോള്‍ പക്ഷെ സ്കൂള്‍ അവധിയായതുകൊണ്ട് ജൂബി വീട്ടില്‍ത്തന്നെയുണ്ട്.