ഭൂതം [John Honai]

Posted by

എന്റെ വളർത്തമ്മയുടെ തറവാട്ടിൽ മുത്തശ്ശിയെ കാണാൻ ഞാൻ പോകുമായിരുന്നു. എന്തോ മുത്തശ്ശിക്ക് എന്നെ വല്യ കാര്യമായിരുന്നു.

തറവാട്ടിലെ ഭൂതത്താൻ കോവിലിലെ ഭൂതത്തിന്റെ കഥകൾ എന്നും എനിക്കൊരു കൗതുകമായിരുന്നു. ആദ്യമായാണ് ഒരു സ്ഥലത്ത് ഭൂതത്താൻ കോവിൽ കാണുന്നത്. അതിന് വളരെ വളരെ പഴക്കമുള്ള ഒരു കെട്ടുകഥയും. പണ്ട് ആ തറവാട്ടിലെ കാരണവർ സേവകനെ പോലെ കൊണ്ട് നടന്നിരുന്ന ഒരു ഭൂതം ഉണ്ടായിരുന്നു. ഭീകരരൂപിയായ ആ ഭൂതത്തെ ചൊൽപ്പടിക്ക് നിർത്താൻ കഴിവുള്ള ഒരു മാന്ത്രികനായിരുന്നുവത്രെ കാരണവർ.

അത് കൊണ്ട് തന്നെ നാട്ടിലുള്ളവർക്കെല്ലാം നല്ല ഭയമായിരുന്നു കക്ഷിയെ. കാരണവർ മരിക്കുന്നതിന് കുറച്ചു നാൾ മുൻപ് ആ ഭൂതത്തെ ആ കോവിലിൽ മന്ത്രം ജപിച്ചു പൂട്ടിയിട്ടു. കാരണവർ തന്റെ മരണം മുൻകൂട്ടി അറിഞ്ഞുവത്രേ ഭൂതത്തിൽ നിന്നും.

കുട്ടിക്കാലത്തു ഇതെല്ലാം കേട്ടാണ് ഞാൻ വളർന്നത്. ആകെ കൂടി സ്നേഹത്തിന്റെ ഒരംശം കിട്ടിയിരുന്നത് ആ മുത്തശ്ശിയിൽ നിന്നും മാത്രം. മുത്തശ്ശിയുടെ വക പേടിപ്പെടുത്താൻ അങ്ങനെ പല പല കെട്ടുകഥകൾ. പല കഥകളും ഞാൻ മറന്നു എന്നതാണ് സത്യം. ഇമ്മാതിരി കെട്ടുകഥകൾ ഓർത്തിരിക്കേണ്ട ആവശ്യം എനിക്കെന്തിന്.

ഭൂതത്താൻ കോവിൽ ഇടിഞ്ഞു പൊളിഞ്ഞു തീരാറായിരുന്നു. മുത്തശ്ശിയുടെ മരണം കഴിഞ്ഞു ഞാൻ എന്റേതല്ലെങ്കിലും ഞാൻ ആ തറവാട്ടിൽ അവസാനമായി ഒന്ന് പോയി. ഞാൻ MBAക്ക് പഠിക്കുന്ന സമയത്തായിരുന്നു മുത്തശ്ശിയുടെ മരണം.

തറവാടെല്ലാം ബന്തുക്കൾ എല്ലാരും കൂടി ഏതോ വലിയ ബിസിനസ്‌ ഗ്രൂപ്പിന് വിറ്റുവെന്നും അവിടെ എന്തോ റിസോർട്ട് പണിയാൻ പോവാണെന്നൊക്കെ കേട്ടു. ഭൂതത്താന്റെ മനസ്സമാധാനം കളഞ്ഞിട്ടുണ്ടാവണം. ആ കോവിൽ എല്ലാം തട്ടി നിരത്തി കാണും. കാശിന്റെ മേലെ പരുന്തല്ല ഭൂതം പോലും പറക്കില്ല. എന്തായാലും പിന്നീട് ഞാൻ അതിനെ കുറിച്ചും എന്റെ ഭൂതകാലത്തിലെ ഭൂതത്തെ കുറിച്ചും അന്വേഷിക്കാൻ പോയില്ല.

വർഷങ്ങൾ കഴിഞ്ഞു ഇപ്പോ ഞാൻ ഒരു MNC കമ്പനിയിൽ ജോലി ചെയ്യുന്നു. പഴയതെല്ലാം മറന്നിരിക്കയായിരുന്നു. പക്ഷെ ഇപ്പൊ കുറച്ചു ദിവസങ്ങളായി മുത്തശ്ശി പറഞ്ഞ ഭൂതത്തിന്റെ ഓർമ മനസ്സിൽ ചേക്കേറിയിരിക്കുന്നു. അതാണ്‌ ഇപ്പോ ഉള്ള ദുസ്വപ്നത്തിനു കാരണം. ബോധമനസ്സിനു വിശ്വാസമില്ലെങ്കിലും എന്റെ ഉപബോധമനസ്സു ആ കെട്ടുകഥകൾ വിശ്വസിക്കുന്നുണ്ടാവണം. നാശം.. മനസ്സമാധാനം കളയാൻ….

…………………………………

Leave a Reply

Your email address will not be published. Required fields are marked *