ആഷ്‌ലിൻ 3 [Jobin James] [Climax]

Posted by

ആഷ്‌ലിൻ 3

ASHLIN PART 3 | AUTHOR : JOBIN JAMES | PREVIOUS PART

[https://i.imgur.com/jf2htXm.jpg]

കഴിഞ്ഞ ഭാഗത്തിന് തന്ന പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി, ഒപ്പം തന്നെ വല്ലാത്തൊരു
പ്രതീക്ഷാ ഭാരവും നൽകി. ഈ ഭാഗത്തോട് കൂടി ആഷ്‌ലിൻ അവസാനിക്കുകയാണ്. മറ്റൊരു
കഥയുമായി വീണ്ടും കാണാം..Life is stranger than fiction, because fiction has to
make sense. – Unknown

വിമാനത്തിൽ ഇരുന്ന് കൊണ്ടുള്ള ഉറക്കം എനിക്കെന്നും കഴുത്തു വേദന സമ്മാനിച്ചിട്ടേ
ഉള്ളു. ഇത്തവണയും മാറ്റമില്ല, ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ കോഴിക്കോട്
വിമാനത്താവളം എത്താറായിരുന്നു. എയർഹോസ്റ്റസ്മാർ വന്നു സീറ്റ് ബെൽറ്റ്‌ ധരിക്കാനും
സീറ്റ് പൊസിഷൻ ശെരിയാക്കാനും നിർദ്ദേശങ്ങൾ നൽകി കൊണ്ടിരുന്നു.

സമയം നോക്കിയപ്പോൾ 5 മണി കഴിഞ്ഞു. വാച്ച് എടുത്ത് ഒന്നര മണിക്കൂർ മുന്നിലേക്ക്
നാട്ടിലെ സമയത്തേക്ക് മാറ്റി.

ലാൻഡ് ചെയ്ത് ഫോര്മാലിറ്റിസ് എല്ലാം തീർത്തു ലഗേജുമായി വിമാനത്താവളത്തിന്
പുറത്തേക്ക്. പിക്ക് ചെയ്യാൻ ഒന്നും ആരുമില്ല, ഒരു ടാക്സി വിളിച്ചു നേരെ
വീട്ടിലേക്ക്.

ഒരു മാസം മുമ്പേ തന്നെ അമ്മ നാട്ടിലേക്ക് പോന്നിരുന്നു, നാട്ടിൽ സെറ്റിൽഡ് ആവാം
എന്ന് പറഞ്ഞപ്പോൾ തന്നെ അമ്മക്കതു ഏറെ സന്തോഷമായി. ഞങ്ങളുടെ ഇടവക പള്ളിയിൽ എല്ലാ
ദിവസവും കുർബാന കൂടാമല്ലോ എന്നമ്മ പറയുകയും ചെയ്തു. അമ്മ നാട്ടിലെത്തിയ ഉടനെ തന്നെ
ആദ്യം ചെയ്ത കാര്യം അച്ചനെ കൊണ്ട് വീട് വെഞ്ചിരിപ്പിക്കുക ആണ്. പുതുതായി താമസം
തുടങ്ങുന്ന പോലെ തന്നെ ആയിരുന്നു അമ്മയുടെ പെരുമാറ്റം.

വീടിന് മുന്നിൽ ടാക്സി നിർത്തി കാശ് കൊടുത്തു ഇറങ്ങി. ഗേറ്റ് തുറന്ന് അകത്തേക്ക്,
ഇന്റർലോക്ക് മുറ്റത്തിൽ കൂടെ 30 മീറ്റർ നടക്കാനുണ്ട് വീട്ടിലേക്ക്. ഇരുട്ട് പടർന്നു
തുടങ്ങിയിട്ടുണ്ട് ഇരു വശത്തും മരങ്ങളും ചെടികളും, പൂച്ചെട്ടികൾ ഇടവിട്ട്
വെച്ചിട്ടുണ്ട്. ഇത്രേം ഒക്കെ ചെയ്യാൻ അമ്മക്ക് എങ്ങനെ സമയം കിട്ടിയെന്ന് എനിക്ക്
വല്ലാത്ത അത്ഭുതമായി. അവസാനമായി ഇവിടേക്ക് വന്നത് കഴിഞ്ഞ വർഷമാണ്. അന്നെല്ലാം
അലങ്കോലമായി കിടപ്പായിരുന്നു, ഇന്ന് തൂത്തു വൃത്തിയാക്കി ഈ വീട് കാണുമ്പോ ശെരിക്കും
എന്റെ വീട് എന്നനുഭവപ്പെടുന്നു. ഇത്രയും കാലം മറ്റൊരു രാജ്യത്ത് അതിഥിയായി
കിടന്നതോർത്ത് എന്നോട് തന്നെ പുച്ഛവും.

ഫോൺ എടുത്തു നോക്കി, ഇല്ല നെറ്റ്‌വർക്ക് കാണിക്കുന്നില്ല. റോമിംഗ് ഒന്നും
ആക്ടിവേറ്റഡ് അല്ല.

അമ്മ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു, വിശേഷങ്ങൾ ചോദിച്ചപ്പോൾ എല്ലാത്തിനും മൂളൽ
മാത്രമായിരുന്നു എന്റെ മറുപടി. അത് കൊണ്ടാവാം പിന്നമ്മ ഒന്നും ചോദിച്ചില്ല.

വീടിനകത്തു കയറി ബാഗ് കസേരയിലേക്ക് ഇട്ട് ഫോൺ എടുത്ത് വൈഫൈ ഓൺ ആക്കി. ഇല്ല കണക്ട്
ആവുന്നില്ല, വീണ്ടും ശ്രെമിച്ചു.. ഇല്ല

ഞാൻ അമ്മയെ വിളിച്ചു “അമ്മാ”

“എന്താടാ എന്തിനാ നീ കാറുന്നേ?”

“അമ്മ ഞാൻ വരുമ്പോഴേക്കും ഇന്റർനെറ്റ്‌ ശെരിയാക്കാൻ ഞാൻ പറഞ്ഞതല്ലേ, എന്താ നിങ്ങൾ
ചെയ്യാഞ്ഞേ?” എന്റെ ശബ്ദം ഉച്ചത്തിൽ തന്നെ ആയിരുന്നു.

പതിവില്ലാത്ത എന്റെ പെരുമാറ്റം കണ്ട് അമ്മ അമ്പരന്നിട്ടുണ്ട്, ഒരിക്കലും
ദേഷ്യപ്പെട്ടു സംസാരിക്കാത്ത മോൻ പെട്ടന്നങ്ങനെ പെരുമാറുമ്പോ താങ്ങാൻ ആവില്ല.

“ഞാൻ വിളിച്ചിട്ട് അവര് വന്നില്ല, മോൻ വരുമ്പോ ശെരിയാക്കിക്കോളാം എന്നല്ലേ
പറഞ്ഞെ..?” അമ്മയുടെ കണ്ണ് ചെറുതായി നിറഞ്ഞിരുന്നു.

ശെരിയാ.. അമ്മ എന്നെ വിളിച്ചു പറഞ്ഞിരുന്നു, ഞാനാണ് ഓർക്കാത്തത്. എന്റെ ചിന്തകളും
ഓർമ്മകളും ഒന്നും എന്റെ വരുതിക്ക് നിൽക്കാതായിരിക്കുന്നു. ഒന്നു മെസ്സേജ് അയക്കാനോ
അവളെ വിളിക്കാനോ കഴിയാതെ എനിക്ക് ഭ്രാന്ത് ആവും എന്ന പോലായി. ഞാനെന്ത് പറഞ്ഞാലും
അതമ്മയുടെ കരച്ചിലിൽ മാത്രേ അവസാനിക്കൂ.. ഒന്നും മിണ്ടാതെ ഞാനെന്റെ മുറിയിലേക്ക്
പോയി.

ബെഡിൽ ഞാൻ കമിഴ്ന്നു കിടന്നു. കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി വീണ് തലയിണ നനയുന്നത്അ
റിയുന്നുണ്ടായിരുന്നില്ല, ആഷ്‌ലിനെ ചേർത്ത് പിടിച്ചു സോറി പറഞ്ഞു കരയണം എന്നെന്റെ
ഹൃദയം വിങ്ങി കൊണ്ടിരുന്നു, പക്ഷെ അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന് പോലും
അറിയാത്ത വീർപ്പുമുട്ടലും ഞാനതെ നിമിഷം അനുഭവിക്കുന്നു.

തലയിൽ തണുത്ത കരസ്പർശം അറിഞ്ഞപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. അമ്മയാണ്.. എന്റെ പുറകെ
വന്നു, ഞാൻ കിടന്നു കരഞ്ഞപ്പോൾ എന്റെ അരികിൽ വന്നിരുന്നു..

“എന്താടാ പറ്റിയേ.. എന്റെ മോനെന്തിനാ കരയണെ?”

“ഒന്നുല്ല അമ്മാ..” കണ്ണു തുടച്ചു കരച്ചിലടക്കി ഞാൻ പറഞ്ഞു.

“അമ്മക്ക് അറിഞ്ഞൂടെ എന്റെ മോനേ, ഞാൻ അവിടന്ന് വരുന്നതിനു മുമ്പ് തന്നെ നിനക്ക് ചില
മാറ്റങ്ങൾ കണ്ടതാ.. ഇന്നാ എന്റെ ഫോൺ നീ ആരെയാണെന്നു വെച്ചാൽ വിളിക്ക്” അമ്മയുടെ ഫോൺ
എന്റെ അരികിൽ വെച്ച് അമ്മ പോയി.

എന്റെ ഫോണിൽ നിന്ന് ആഷ്‌ലിന്റെ നമ്പർ നോക്കി അമ്മയുടെ ഫോണിൽ ഡയൽ ചെയ്തു.

രണ്ട് പ്രാവശ്യം തുടർച്ചയായി വിളിച്ചിട്ടും അവളെടുത്തില്ല. ഞാൻ ഒരു തവണ കൂടി
വിളിച്ചു, അവളെടുത്തു.

“ഹലോ ആഷ്‌ലിൻ”

“മ്മ് പറയ്”

“എപ്പഴാ എത്തിയെ? പപ്പക്ക് എങ്ങനുണ്ട്?”

“ഞാൻ ഇവിടെ ലഞ്ച് ടൈം ആയപ്പോഴേക്കും എത്തി, പപ്പ.. ഹി ഈസ്‌ ഓകെ” ആഷ്‌ലിന്റെ സംസാരം
വളരെ ശാന്തമായിട്ടായിരുന്നു.

“ഞാൻ വീട്ടിൽ എത്തിയതേ ഉള്ളു, ഇത് അമ്മയുടെ നമ്പർ ആണ്.. പുതിയ സിം കാർഡ് എടുത്ത
ശേഷം വിളിക്കാം”

“ഇറ്സ് ഓകെ..”

“ബൈ”

“ബൈ” അവൾ ഫോൺ കട്ട്‌ ചെയ്തു.

അവളുടെ ശാന്തത എന്നെ ശെരിക്കും വിഷമിപ്പിച്ചു, കാണാതിരിന്നിട്ടും
സംസാരിക്കാതിരിന്നിട്ടും ഞാൻ ഓകെ ആണ് എന്നവൾ പറയുന്ന പോലെ. അവളെ കാണാതിരുന്ന ഓരോ
നിമിഷവും ഓരോ യുഗങ്ങളായി അനുഭവപ്പെടുന്ന എനിക്കത് ഉൾക്കൊള്ളാൻ ആവുന്നില്ലായിരുന്നു.

എന്റെ ഈഗോ ആണോ ഇതിനെല്ലാം കാരണം, അവളോട് ഒന്നു തുറന്ന് സംസാരിച്ചാൽ തീരാവുന്നതല്ലേ
ഉള്ളു എല്ലാം. ഒരു നെരിപ്പോട് പോലെ നീറി നീറി ഇല്ലാതാകണോ.

മുഖം കഴുകി വസ്ത്രം മാറ്റി ഞാൻ ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു. ഭക്ഷണം കഴിച് അന്ന്
നേരത്തെ കിടന്നു.

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു, പുറത്തേക്ക് പോവാൻ തയ്യാറെടുത്തു
ഹാളിലേക്ക് വന്നു. വീട്ടിലെ പണികളിൽ സഹായിക്കാൻ ആയി വന്ന ചേച്ചിയോട് സംസാരിച്ചു
നിൽക്കായിരുന്നു അമ്മ. ഞാൻ പുറത്ത് പോയി വരാമെന്ന് പറഞ്ഞു ഇറങ്ങി..

പുറത്തേക്ക് പോവാനായി വാഹനം ഒന്നുമില്ല, എല്ലാം ഒന്നെന്നു തുടങ്ങണം. ഞാൻ റോഡിലേക്ക്
ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ടൗണിലേക്ക്. ഇറങ്ങി കാശ് കൊടുക്കാൻ നേരത്താണ് ഇന്ത്യൻ
മണി ആക്കിയില്ല എന്നോർത്തത് നേരെ കറൻസി എക്സ്ചേഞ്ച് ചെയ്യാൻ പോയി, കുറച്ച് കാശ്
മാറ്റി ഓട്ടോയുടെ പൈസ കൊടുത്തു.

ഒരു സിംകാർഡ് എടുക്കണം, ഇവിടത്തെ നെറ്റ്‌വർക്ക് ബെറ്റർ ഏതാണെന്നു അന്വേഷിച്ചു പുതിയ
സിം ഇന്റർനാഷണൽ കാളിങ് പ്ലാൻ സഹിതം എടുത്തു. പെട്ടന്ന് തന്നെ ആക്ടിവേറ്റ് ആവുമെന്ന്
പറഞ്ഞതനുസരിച്ചു ഞാൻ കാത്തിരുന്നു, ആക്ടിവേറ്റ് ആയി ഉപയോഗിക്കാം എന്ന നിർദേശം
ലഭിച്ചതോടെ സിം ഫോണിലേക്ക് ഇട്ടു. അൽപ സമയം എടുത്തു നെറ്റ്‌വർക്ക് കണക്ട് ആവാൻ. ഓൺ
ആയ ഉടനെ മൊബൈൽ ഡാറ്റാ ഓൺ ആക്കി, വാട്സ്ആപ്പ് മെസ്സേജുകൾ തുടർച്ചയായി വരുന്നുണ്ട്.
ഒരു മിനിറ്റ് കാത്തു നിന്ന ശേഷം ഞാൻ വീണ്ടും വാട്സ്ആപ്പ് തുറന്ന് നോക്കി.

ആഷ്‌ലിൻ അവിടെ എത്തിയ ഉടനെ അയച്ച മെസ്സേജ് ഉണ്ട്, എന്റെ ഫ്ലൈറ്റ് ലാൻഡ് ആയ ഉടനെ അവൾ
അയച്ച എത്തിയോ എന്ന അടുത്ത മെസ്സേജും ഉണ്ട്. ഞാൻ ആഷ്‌ലിന്റെ നമ്പർ ഡയൽ ചെയ്തു.

“ഹലോ”

“ഹലോ”

“ആഷ്‌ലിൻ.. ഇതാണ് പുതിയ നമ്പർ”

“ഓകെ.. ഞാൻ സേവ് ചെയ്യാം”

“മ്മ്”

“മ്മ്”

“ഞാൻ വിളിക്കാം”

“മ്മ്” ഒരു മൂളൽ മാത്രം മറുപടി

ഞാൻ ഫോൺ കട്ട്‌ ചെയ്തു.. എന്റെ മനസ്സിൽ അവളോടുള്ള സ്നേഹത്താൽ കൂടുതൽ ഈഗോ ആണെന്ന്
എനിക്കിപ്പോ തോന്നുന്നു. മനസ്സ് തുറന്ന് സംസാരിക്കാൻ പോലും എന്റെ ഈഗോ എന്നെ
അനുവദിക്കുന്നില്ല. ഒന്ന് നേരിട്ട് കണ്ടാൽ, ഒന്നു കെട്ടി പിടിച്ചാൽ തീരാവുന്ന
പിണക്കം മറ്റേതെക്കൊയോ തലങ്ങളിൽ എത്തിയിരിക്കുന്നു. എന്റെ ഈഗോ എത്രയോ
വലുതായിരിക്കുന്നു. എന്താ ഞാൻ ചെയ്യേണ്ടത് എന്നെനിക്ക് വ്യക്തമായിട്ട് അറിയാം പക്ഷെ
ചെയ്യാൻ ഞാൻ ഒരുക്കമല്ല, എന്ത് കൊണ്ട് എനിക്കുത്തരമില്ല…

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു, നേരത്തെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞത് പ്രകാരം
അവൻ ബുക്ക്‌ ചെയ്ത കാർ ഞാൻ പോയി ഡെലിവറി എടുത്തു. പുതിയ മോഡൽ റെഡ് കളർ പോളോ.
സ്ഥാപനം തുടങ്ങാനായി എടുത്ത മുറി പോയി കാണാനും അതിന്റെ ഇന്റീരിയർ വർക്ക്‌ ചെയ്യാനും
ഒക്കെ ആയി തിരക്കായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. ആഷ്‌ലിനെ കൊണ്ട് ഇന്റീരിയർ
ചെയ്യിക്കണം എന്നായിരുന്നു എന്റെ ആദ്യത്തെ തീരുമാനം, പക്ഷെ അവളോടൊന്ന് സംസാരിക്കാൻ
പോലും ബുദ്ധിമുട്ടുന്ന ഞാനെങ്ങനെ ഇതിന് വേണ്ടി അവളെ വിളിക്കും.

ഒരാഴ്ചക്കുള്ളിൽ പണി എല്ലാം പൂർത്തി ആയി, സ്റ്റാഫ്‌ റിക്രൂട്ടിങ് ഇതിനിടയിൽ തന്നെ
നടത്തുന്നുണ്ടായിരുന്നു. അറിയാവുന്നവരും കഴിവുള്ളവരും ഉൾപ്പെടുന്ന ഒരു കൊച്ചു ടീം.

ആഷ്‌ലിന്റെ കാര്യം അമ്മയോട് പറയണം എന്ന് പലകുറി ആലോചിച്ചതാണ്. സമയം ആവട്ടെ എന്ന്
വിചാരിച്ചു നീണ്ടു പോയി.

അടുത്ത ദിവസം ആഷ്‌ലിൻ എന്നെ വിളിച്ചു, എന്തോ തിരക്കിൽ ആയത് കാരണം ഒന്നും ഞാൻ
സംസാരിച്ചില്ല തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു കട്ട്‌ ആക്കി. സത്യത്തിൽ
എനിക്കവളോട് ഒന്നും സംസാരിക്കാനില്ല, ഫോൺ പിടിച്ചു സംസാരിക്കാത്തെ ഇരിക്കാൻ വേണ്ടി
എന്തിനാ.

കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഇങ്ങനെ തന്നെ ആയിരുന്നു. മനസ്സിലുള്ളത് പറയാൻ ഞാൻ
ശ്രെമിച്ചെങ്കിലും വാക്കുകൾ എന്റെ ചങ്കിൽ തന്നെ തടഞ്ഞു പോയി ഒരു വാക്ക് പോലും
പുറത്ത് വന്നില്ല.

അപ്പുറത്തും മൗനം മാത്രം.. മിനിറ്റുകളോളം ഞങ്ങൾ ഫോണും പിടിച്ചു അങ്ങനെ ഇരുന്നു
കാണും.

എന്താ എനിക്കവളോട് സംസാരിക്കാൻ പറ്റാത്തെ.. മണിക്കൂറുകളോളം സംസാരിച്ചാലും
മടുക്കാത്ത ഞങ്ങൾക്ക് മിനുട്ടുകൾ സംസാരിക്കാൻ പോലും വാക്കുകൾ കിട്ടുന്നില്ല.
എനിക്കവളെ മടുത്തോ..

റൂമിൽ നിന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി, അമ്മ ഹാളിൽ ഇരുന്നു എന്നെ തന്നെ ആണ്
നോക്കുന്നത്. അമ്മക്ക് മുഖം കൊടുക്കാതിരിക്കാൻ പരമാവധി ശ്രെമിച്ചു.
നാട്ടിലെത്തിയതിനു ശേഷം ശെരിക്ക് സംസാരിച്ചിട്ടില്ല അമ്മയോട്. ആരോടും
സംസാരിച്ചിട്ടില്ല എന്ന് വേണം പറയാൻ. നാട്ടിലെ സുഹൃത്തുക്കളെ ഇത് വരെ നേരിൽ
കണ്ടിട്ടില്ല, ഫോൺ വിളിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ സംസാരം അവസാനിപ്പിക്കാൻ ഞാൻ
ശ്രെമിക്കും. വാട്സ്ആപ്പ് തുറന്നാൽ അവളുടെ മെസ്സേജ് ഉണ്ടോ എന്ന് മാത്രമേ ഞാൻ
നോക്കാറുള്ളു. അവളുടെ സാമീപ്യം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു, പക്ഷെ തൊട്ടടുത്തു
ഉണ്ടായിരുന്നിട്ടും അവളെ വേണ്ടെന്ന് വെച്ച് ആയിര കണക്കിന് കിലോമീറ്റർ അകലേക്ക്‌ ഞാൻ
ഓടി പോന്നു. എന്റെ കരിയർ എന്റെ ലൈഫ് എന്ന് മാത്രമാണോ ഞാൻ ചിന്തിച്ചത്. എന്റെ

ലൈഫിന്റെ ഭാഗം ആകാൻ പോകുന്ന അവളെ കുറിച്ച് ഞാൻ ചിന്തിച്ചോ.. ഇല്ല.. എന്നെ ഇമോഷണലി
ഡ്രെയിൻ ചെയ്യാൻ ഈ ചിന്തകൾ മതിയായിരുന്നു..

മുറ്റത്തേക്ക് ഇറങ്ങി കാർ എടുത്ത് റോഡിലേക്ക്, എങ്ങോട്ട് എന്ന ലക്ഷ്യമില്ലാതെ ഞാൻ
വണ്ടി ഓടിച്ചു. ഒടുക്കം അസ്തമയ സൂര്യനെ നോക്കി ഇരിക്കാമെന്നോർത്തു ബീച്ചിലേക്ക്.
ബീച്ചിനടുത്തെത്തി ആൾകൂട്ടം കണ്ടപ്പോൾ എന്തോ അവിടെ ഇറങ്ങാൻ തോന്നിയില്ല. ഒടുവിൽ
തിരക്ക് കുറവുള്ള ഒരു സ്ഥലം കണ്ടു, സൈക്ലിംഗ് ട്രാക്കും അതിനോട് ചേർന്ന്
ഇരിപ്പിടങ്ങളും ഉള്ള ഒരിടം. ഒരു സിമെന്റ് ബെഞ്ചിൽ ഞാനിരുന്നു. ഞാൻ ഇരിക്കുന്നിടത്തു
നിന്ന് അല്പം അകലെ ആയി മറ്റൊരു ബെഞ്ചിൽ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. അവളാരെയോ
പ്രതീക്ഷിച്ചു കൊണ്ടിരിക്കാണെന്നു കണ്ടാൽ മനസിലാക്കാം, അക്ഷമയായി ഫോണിൽ നോക്കി
കൊണ്ട്. ഇടക്കിടെ ദൂരെ നിന്ന് വരുന്ന ബൈക്കിൽ ഇരിക്കുന്നവരെ നോക്കുന്നുമുണ്ട്. ഞാൻ
ശ്രെദ്ധിക്കുന്നത് ആ കുട്ടിയും കണ്ടു, അധികം വൈകിയില്ല അവളിരിക്കുന്നതിനു അരികിലായി
ഒരു യമഹ എഫ്സി ബൈക്ക് വന്നു നിന്നു. ആ കുട്ടിയേയും കേറ്റി കൊണ്ട് ദൂരേക്ക്.
അവളെന്തോ അവനോട് ചെവിയിൽ പറയുന്നു അവന്റെ മുഖത്ത് പുഞ്ചിരി പടർത്താൻ അത് ധാരാളം.

ആഷ്‌ലിൻ ആദ്യമായ് എന്റെ ബൈക്കിൽ കേറിയ ദിവസം ഞാനോർത്തു, അവളെയും കൂട്ടി ആദ്യമായി
ബീച്ചിൽ പോയതും.. മണൽ പരപ്പിൽ തമ്മിൽ സംസാരിക്കാതെ ഇരുന്നതും.. എല്ലാം വർഷങ്ങൾക്ക്
മുമ്പ് കഴിഞ്ഞത് പോലെ ആണെനിക്ക് തോന്നിയത്.. ഞാനവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.
ഇതിലും കൂടുതൽ എനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല..

ഞാൻ ഫോൺ എടുത്ത് ആഷ്‌ലിനെ വിളിച്ചു, അവളെന്റെ ഫോൺ പ്രതീക്ഷിച്ചു ഇരിക്കയായിരുന്നോ..
ആദ്യത്തെ റിങ്ങിൽ തന്നെ അവളെടുത്തു..

“ആഷ്‌ലിൻ.. ഐ ആം സോറി ഡാ.. എനിക്ക് പറ്റണില്ല ഇങ്ങനെ, നീയെന്റെ അരികിൽ വേണമെന്ന്
തോന്നുവാ എപ്പോഴും” ഞാനൊരു വിതുമ്പലോടെ ആണത് പറഞ്ഞത്.

അവിടെ മൗനം മാത്രം..

“എന്തെങ്കിലും ഒന്ന് പറയ്”

വീണ്ടും മൗനം..

“നീ സംസാരിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും ഹൃദയത്തിനകത്തു കത്തി കുത്തിയിറക്കുന്ന
വേദന ആണ് എനിക്ക് തരുന്നേ, ഇനിയും ഇങ്ങനെ മിണ്ടാതിരിക്കല്ലേ”

വീണ്ടും മൗനം.. കാൾ കട്ട്‌ ആയോ എന്ന് ഞാൻ ഇടക്കിടെ എടുത്തു നോക്കുന്നുണ്ട്.

ഒരു നേർത്ത കരച്ചിൽ ആയി അവളുടെ ശബ്ദം കേട്ടു

“എന്താടാ എന്തേലും പ്രശ്നം ഉണ്ടോ?” ഞാൻ തെല്ലു വിഷമത്തോടാണത് ചോദിച്ചത്

“ബൈ.. ടോക് ടു യു ലേറ്റർ” ആഷ്‌ലിൻ ഫോൺ കട്ട്‌ ചെയ്തു.

ആഷ്‌ലിന്റെ പെരുമാറ്റം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല, എന്റെ മനസ്സിലുള്ളത്
പറഞ്ഞപ്പോഴും അവൾ പ്രതികരിക്കാൻ കൂട്ടാക്കുന്നില്ല. ഇനി വീട്ടിൽ എന്തെങ്കിലും
കുഴപ്പം ഉണ്ടാകുമോ.. ഇല്ല.. അങ്ങനെ ആയിരുന്നെങ്കിൽ അവളത് പറഞ്ഞേനെ..

ചിന്തകൾ ഒരു ചങ്ങല പോലെ തുടർന്നു പോയി കൊണ്ടിരുന്നു.. എന്നെ അതിൽ നിന്ന് ഉണർത്തിയത്
അവളുടെ മെസ്സേജ് നോട്ടിഫിക്കേഷൻ ആണ്.

“ലെറ്റസ്‌ ബ്രേക്ക്‌ അപ്പ്‌, വി ആർ നോട് റൈറ്റ് ഫോർ ഈച് അദർ” മെസ്സേജ് വായിച്ച
എനിക്ക് തല കറങ്ങുന്ന പോലെ ആണ് തോന്നിയത്. എന്റെ കാലുകൾ നിൽക്കുന്ന ഇടത്തെ മണ്ണ്
മുഴുവൻ പോയി ഏതോ ഗർത്തത്തിലേക്ക വീണ് പോയി കൊണ്ടിരിക്കണ പോലെ.

അവൾക്ക് റിപ്ലൈ അയക്കണം എന്നെന്റെ മനസ്സ് ആഗ്രഹിക്കുന്നു, പക്ഷെ ടൈപ് ചെയ്യാൻ
ആവുന്നില്ല. ഫോൺ തന്നെ കയ്യിൽ പിടിക്കാനാവാതെ വഴുതി താഴേക്ക് വീണു, ബെഞ്ചിൽ നിന്ന്
താഴേക്ക് ഇറങ്ങി കാൽ മുട്ടുകൾ നെഞ്ചോടു ചേർത്ത് മുഖം പൂഴ്ത്തി ഞാനിരുന്നു. തൊട്ട്
പുറകിൽ റോഡ് ആണെന്നോ അരികിൽ ആളുകൾ ഉണ്ടെന്നോ എനിക്കോർമ വന്നില്ല.

അരമണിക്കൂർ മണിക്കൂർ സമയം ആ മണ്ണിൽ ഇരുന്ന ശേഷം എഴുന്നേറ്റു വണ്ടിയുമെടുത്തു
തിരിച്ചു വീട്ടിലേക്ക്.

എന്റെ മനസ്സിൽ ആ സമയം ആഷ്‌ലിനെ കുറിച്ചുള്ള ഓർമകൾ ഉണ്ടായിരുന്നില്ല, എന്തിന്
അവളങ്ങനെ പറഞ്ഞു എന്ന ചിന്തകൾ ഉണ്ടായിരുന്നില്ല. ശക്തമായി തിരകൾ അടിച്ചു തകർന്ന്
പോയ ഒരു കടൽഭിത്തി പോലെ, കല്ലുകൾ അടർന്നു വീണ കോട്ട മതിൽ പോലെ എന്റെ ഉള്ളിലെ
സ്വപ്നങ്ങളും തകർന്നടിഞ്ഞു.

അടുത്ത ജംഗ്ഷനിൽ നിന്ന് വലത് വശത്തേക്ക് പോവേണ്ട ഞാൻ തിരക്ക് കുറയാൻ കാത്ത്
നിൽക്കാതെ മുന്നോട്ടു എടുത്തു. ചരക്ക് ലോറികൾ അത്രയധികം പോയി കൊണ്ടിരുന്ന റോഡിൽ
ഒട്ടും ശ്രെദ്ധയില്ലാതെ വാഹനം ഓടിച്ച എനിക്ക് പ്രതീക്ഷിച്ചത് തന്നെ കിട്ടി, എതിരെ
വന്ന ഒരു അശോക് ലെയ്ലാൻഡ് ലോറി കാറിന്റെ ഇടത്തെ ഫ്രന്റ്‌ ടയർനു സമീപത്തു ഇടിച്ചു
നിന്നു. ഒരു മിന്നായം പോലെ നടന്നതെന്തെന്ന് മനസ്സിലാവാതെ എയർ ബാഗ് വന്നിടിച്ചു
എന്റെ ബോധം പോയി..

കണ്ണു തുറക്കുമ്പോൾ കണ്ണിനു മുകളിലൂടെ രക്തം ഒലിച്ചിറങ്ങുന്നത് പോലെ എനിക്ക് തോന്നി
ശരീരം അനക്കാൻ ആകുന്നില്ല കാല് മരവിച്ചു പോയത് പോലെ, ആരോ സ്‌ട്രെച്ചറിൽ കിടത്തി
ആംബുലൻസിൽ നിന്ന് പുറത്തേക്ക് ഇറക്കുന്നു, സൈറൺ ശബ്ദം കേൾക്കനുണ്ട്. തലക്കുള്ളിൽ
ഒരു മുഴക്കം കൂടെ അകമ്പടി ആയി കേൾക്കാം.. വീണ്ടും എന്റെ ഓർമ മറഞ്ഞു..

****

“നീ കൈ കുറച്ചൂടെ നിവർത്തി പിടി, ഫോട്ടോ ഒക്കെ ഞാൻ എടുത്തോളാം നീ മര്യാദക്ക് പോസ്
ചെയ്താ മതി” ഫോട്ടോ എടുക്കാൻ വേണ്ടി നിർദ്ദേശം കൊടുത്തു് ഞാൻ ആഷ്‌ലിനടുത്തേക്ക്
നടന്നു.

അനങ്ങുന്നില്ല, കാലുകൾ മുന്നോട്ട് നീങ്ങുന്നില്ല.. ഞാൻ ആഷ്‌ലിനു നേരെ കൈകൾ
നീട്ടുന്നുണ്ട് പക്ഷെ അവളെന്നെ കാണുന്നില്ല.. ആഷ്‌ലിൻ.. ആഷ്‌ലിൻ.. ഞാൻ തൊണ്ട
പൊട്ടുമാറുച്ചത്തിൽ അവളെ വിളിക്കുന്നുണ്ട് പക്ഷെ അവളെന്നെ കേൾക്കുന്നില്ല..

എന്റെ കൈയിൽ ഒരു ഭാരം അനുഭവപെടുന്നു.. ഒരു നനവും.. ഞാൻ കണ്ണ് തുറന്നു.. എന്റെ
മുകളിൽ ആകാശമല്ല, നേരെ നോക്കിയ ഞാൻ കണ്ടത് ആഷ്‌ലിനെ അല്ല ഒരു ഡോർ മാത്രം അതടഞ്ഞു
കിടക്കുന്നു.. എന്റെ കയ്യിലെ ഭാരം ഓർത്ത് ഞാൻ ചെരിഞ്ഞു നോക്കാൻ ശ്രെമിച്ചു ഇല്ല
ആവുന്നില്ല. എന്റെ കഴുത്തു ചെരിച്ചു നോക്കാൻ പോലും എനിക്കാവുന്നില്ല. എന്റെ അനക്കം
കണ്ടത് കൊണ്ടാവാം എന്റെ അരികിലെ കസേരയിൽ ഇരുന്ന അമ്മ എഴുന്നേറ്റ് എന്റെ മുഖത്തേക്ക്
നോക്കി. മുഖത്ത് സന്തോഷവും സങ്കടവും നിറഞ്ഞു നിൽക്കുന്നു. അമ്മ ചിരിക്കുന്നുണ്ട്
അതെ സമയം കണ്ണ് രണ്ടും നിറഞ്ഞൊഴുകുന്നു. തിരിച്ചു ചിരിക്കാൻ എനിക്കാവുന്നില്ല,
കണ്ണ് അല്ലാതെ മറ്റൊന്നും എന്റെ ഇഷ്ടപ്രകാരം ചലിപ്പിക്കാൻ
എനിക്കാവുന്നില്ലായിരുന്നു. അമ്മേ എന്ന് വിളിക്കാൻ ഞാൻ ശ്രെമിച്ചു. എന്റെ മുഖത്തു
വെച്ചിരിക്കുന്ന ശ്വസന സഹായിയും വായിലൂടെയും മൂക്കിലൂടെയും ഇട്ടിരിക്കുന്ന
ട്യൂബുകളും എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലായിരുന്നു. വേദന കാരണം സംസാരിക്കാൻ
ശ്രെമിക്കുന്നത് ഞാൻ ഉപേക്ഷിച്ചു.

“മോളെ” അമ്മ ആരെയോ വിളിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്.

എന്റെ കയ്യിലെ ഭാരം കുറഞ്ഞതു പോലെ,  എന്നെ ആരോ തലയുയർത്തി നോക്കുന്നു. എനിക്കറിയാം
ഈ മുഖം.. ഇത്.. ആഷ്‌ലിൻ.. ഇവളിവിടെ.. എപ്പോ വന്നു.. എനിക്കൊന്നും മനസിലായില്ല..
ആക്‌സിഡന്റ് ആയി മണിക്കൂറുകൾക്കുള്ളിൽ അവളെങ്ങനെ ഇവിടെത്തി. ബ്രേക്ക്‌ അപ്പ്‌
ആയെന്ന് പറഞ്ഞിട്ട് ഇപ്പോ എന്താ.. എനിക്ക് സന്തോഷമാണോ അതോ മറ്റെന്തെങ്കിലും ആണോ
മനസ്സിലാവുന്നില്ല.. എന്തെങ്കിലും ഓർത്തെടുക്കാൻ ശ്രെമിക്കുന്തോറും എന്റെ വേദനകൾ
കൂടുന്ന പോലെ… ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീണു പോയി..

നേർത്ത ശബ്ദത്തിൽ ഉള്ള ഒരു പാട്ട് കേട്ടാണ് പിന്നെ ഞാൻ കണ്ണ് തുറന്നത്. ഈ
പാട്ടെനിക്ക് ഓർമയുണ്ട്.. എന്റെ കഴുത്ത് ചലിപ്പിക്കാൻ എനിക്കാവുന്നുണ്ട്, ട്യൂബ്
എല്ലാം മാറ്റിയിരിക്കുന്നു. ഞാനെന്റെ ശരീരത്തെ മൊത്തമൊന്ന് നോക്കി.. എന്റെ വലതു കാൽ
പ്ലാസ്റ്റർ ഇട്ടേക്കുന്നു.. തലയിൽ വലിയൊരു കെട്ടുണ്ടെന്ന് വേദന വെച്ച് ഞാൻ
മനസ്സിലാക്കി. പതിയെ കൈ ഉയർത്തി നോക്കി, വലതു കയ്യിൽ മരുന്നു കേറ്റാനായി
കുത്തിയിരിക്കുന്ന സൂചി, ഇടത് കൈ പത്തിക്ക് മീതെ ടേപ്പ് ഒട്ടിച്ചിട്ടുണ്ട്. എല്ലാം
കൊണ്ടും സഹിക്കാൻ പറ്റാത്ത വേദന. ഒന്നെഴുന്നേറ്റ് ഇരുന്നാൽ കൊള്ളാമെന്നു തോന്നി.
സഹായത്തിന് ആരെങ്കിലും ഉണ്ടോ എന്നോ മുറിക്ക് ചുറ്റും ഞാൻ നോക്കി. ബെഡിനരികെ കസേരയിൽ
കണ്ണടച്ചു ഇരിക്കുന്നു ആഷ്‌ലിൻ. അവളുടെ മടിയിൽ ഇരിക്കുന്ന ഫോണിൽ നിന്നാണ് നേർത്ത
സ്വരത്തിൽ ഉള്ള പാട്ട് കേൾക്കുന്നത്. ഞാൻ എഴുന്നേറ്റു ഇരിക്കാൻ ശ്രെമിക്കുന്നുണ്ട്
പക്ഷെ പറ്റുന്നില്ല. ഞാൻ അവളെ വിളിക്കാൻ തന്നെ തീരുമാനിച്ചു.

“ആഷ്..” ശബ്ദം മുഴുവൻ പുറത്തു വന്നില്ല.

പക്ഷെ കണ്ണുകൾ ഉയർത്തി എന്നെ നോക്കി, വിടർന്ന കണ്ണുകളോടെ അവളെന്നെ നോക്കി ചിരിച്ചു.
ആദ്യമായി സംസാരിച്ച കുട്ടിയെ നോക്കുന്ന അമ്മയെ പോലെ ആണ് അവളെ കണ്ടപ്പോ എനിക്കു
തോന്നിയത്. അത്രക്ക് സന്തോഷം ആ മുഖത്തപ്പോൾ ഉണ്ടായിരുന്നു. ഇത്രേം ഒക്കെ സ്നേഹം
ആയിട്ടാണോ ബ്രേക്ക്‌ അപ്പ്‌ ആവാമെന്ന് പറഞ്ഞെ.

“എനിക്ക് എഴുന്നേറ്റു ഇരിക്കണം” ഞാൻ എഴുനേൽക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.

“വേണ്ട വേണ്ട, ഞാൻ നഴ്സിനെ വിളിക്കാം” അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി.

ഞാൻ മുറി മുഴുവൻ നോക്കി. അത്യാവശ്യം വലിയ മുറി ആണ്, എസിയും ചുമരിൽ ആയി ഒരു എൽസിഡി
ടീവിയും ഒക്കെ ഉണ്ട്.

അധിക സമയം ആയില്ല ഒരു നേഴ്സ് അകത്തേക്ക് വന്നു, ചിരിച്ചു കൊണ്ട് എന്നോട് ഓരോന്ന്
ചോദിക്കുന്നുണ്ട്. ഞാൻ തല ആട്ടി കൊണ്ട് മാത്രം മറുപടി പറഞ്ഞു. ആഷ്‌ലിനോടും
എന്തോക്കെയോ പറയുന്നു. രണ്ടു പേരും ചിരിക്കുന്നുമുണ്ട്, ഇവര് വല്ല്യ ഫ്രണ്ട്‌സ്
ആണെന്ന് തോന്നുന്നു. ഒരു മനുഷ്യൻ അനങ്ങാൻ വയ്യാണ്ടായി ബെഡിൽ കിടക്കുമ്പോ നോക്കി
ചിരിക്കാൻ എങ്ങനെ മനസ്സ് വരുന്നു മിസ്റ്റർ.

ട്രിപ്പ്‌ മാറ്റി ഇട്ട് അവര് പോയി ആഷ്‌ലിൻ എന്റെ അരികിൽ തന്നെ നിൽക്കുന്നുണ്ട്.
അമ്മയെ കണ്ടില്ലലോ ആഷ്‌ലിനോട് ചോദിക്കാമെന്ന് വെച്ചു.

“അമ്മ?” സംസാരിക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.

“വൈകുന്നേരം പോയി, രാവിലേ വരും” അവളെന്റെ അരികിലേക്ക് ഇരുന്നു.

“മ്മ്”

ട്രിപ്പ്‌ ട്യൂബ് ഇട്ടേക്കുന്ന എന്റെ വലത് കൈ അവൾ കൈ വെള്ളയിൽ എടുത്തു. “എന്നോട്
ദേഷ്യമുണ്ടോ?”

“എന്തിന്?” അവൾക്ക് ഞാൻ മുഖം കൊടുത്തില്ല.

“ആ മെസ്സേജ് അയച്ചതിനു” അവൾ വീണ്ടും ചോദിച്ചു.

“നീ സത്യമല്ലേ പറഞ്ഞത്, അപ്പൊ ഞാൻ എന്തിനാ ദേഷ്യപെടുന്നേ” എത്ര വേദന ആണെങ്കിലും അത്
പറഞ്ഞു എന്റെ കൈ വേർപ്പെടുത്തി അവളുടെ മുഖത്തേക്ക് നോക്കി.

“അപ്പൊ അത്രേ ഉള്ളു” അവളുടെ വിടർന്ന കണ്ണുകളിൽ നനവ് പടരാൻ തുടങ്ങിയ പോലെ എനിക്കു
തോന്നി.

“അതെ” കുറച്ച് സങ്കടപെടട്ടെ എന്നെ നല്ലോണം സങ്കടപെടുത്തിയതല്ലേ.

അവളൊന്നും മിണ്ടിയില്ല.. നിശബ്ദത വീണ്ടും ആ മുറിയിൽ നിറഞ്ഞു.. പിന്നെ ഞങ്ങൾ ഒന്നും
സംസാരിച്ചില്ല, അവൾ തിരിച്ചു കസേരയിലേക്ക് ഇരുന്നു.. മുഖം കുനിച്ചു എന്തോ ആലോചിച്ചു
കൊണ്ടിരിക്കുന്ന പോലെ. പിന്നെ എന്തോ തീരുമാനമെടുത്ത പോലെ തല ഉയർത്തി എന്നെ നോക്കി
എഴുന്നേറ്റു ഡോറിനടുത്തേക്ക് നടന്നു.. അവളുടെ പ്രവർത്തികൾ നോക്കി കിടന്ന ഞാൻ
എപ്പോഴോ വീണ്ടും മയങ്ങി പോയി.

രാവിലെ ചെറിയ ശബ്ദത്തിൽ ഉള്ള സംസാരം കേട്ട് കൊണ്ടാണ് ഉണർന്നത്. അമ്മയും ആഷ്‌ലിനും
ആണ്, ആഷ്‌ലിൻ കയ്യിൽ ഹാൻഡ് ബാഗ് എടുത്ത് പോവാൻ നിൽക്കുകയാണ് അമ്മ അവളോട് എന്തോ
പറയുന്നുണ്ട്.

ഞാൻ അവരെയും നോക്കി കിടന്നു, ഒന്നും മിണ്ടിയില്ല. ആഷ്‌ലിൻ എന്നെ ഒന്നും കൂടെ
നോക്കി, എന്നോടെന്തൊക്കെയോ പറയാൻ ഉള്ളത് പോലെ ആണ് അവളുടെ മുഖം. കർചീഫ് കൊണ്ട് കണ്ണ്
ഒപ്പി അവളമ്മയെ കെട്ടിപിടിച്ചു. എന്നോട് ഒന്നും പറഞ്ഞില്ല തിരിഞ്ഞു പുറത്തേക്ക്
നടന്നു..

അമ്മ എന്റെ അടുത്തേക്ക് നടന്നു വന്നു. “നിനക്കാ കുട്ടിയോട് കുറച്ചൂടെ മര്യാദക്ക്
ഒക്കെ സംസാരിച്ചു കൂടെ? എത്ര ദിവസായ് നിനക്ക് കാവലിരിക്കാൻ തുടങ്ങിയിട്ടെന്ന്
അറിയോ? രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. എന്നിട്ട് കണ്ണു തുറന്നപ്പോ ആ കുട്ടിയെ
കരയിച്ചു പറഞ്ഞയച്ചു”

അമ്മ എന്തൊക്കെ ആണ് പറയണേ, ഞാൻ എന്താ മര്യാദകേട് കാണിച്ചത്. അവളെന്നോട്
കാണിച്ചതെന്താണെന്ന് അമ്മക്ക് അറിയാത്തത് കൊണ്ടാ.

“അമ്മ എന്താ ഉദേശിച്ചേ എത്ര ദിവസമായി കാവലിരിക്കാൻ തുടങ്ങിയിട്ടെന്ന് പറഞ്ഞല്ലോ?”

“അപ്പൊ ഒന്നും ഓർമ ഇല്ലാലെ.. മോനോടൊന്നും പറഞ്ഞുമില്ല അല്ലെ, പറയില്ല.. ഒന്നിനും
പരാതി ഇല്ല എന്റെ മോൾക്ക്” അമ്മ കണ്ണ് തുടച്ചു കൊണ്ടാണ് പറഞ്ഞത്.

എന്റെ മോളോ.. അത് പറഞ്ഞു അമ്മ എന്തിനാ കരയണെ, അമ്മ എന്ന് മുതലാ ഇത്രക്ക്
ഡ്രമാറ്റിക് ആയത്. ഇവിടെ എന്തൊക്കെയാ നടക്കണേ.. ഞാൻ എത്ര ദിവസായി ഈ കിടപ്പ്
തുടങ്ങിയിട്ട് 2 ദിവസമോ?

“അമ്മ പറഞ്ഞില്ല ഞാൻ എത്ര ദിവസായി ഇവിടെ?”

“15 ദിവസം” അമ്മ എന്റെ അരികിലേക്ക് ഇരുന്നു.

എന്റെ ബോധം വീണ്ടും പോവുമെന്ന് തോന്നി.. 15 ദിവസായിട്ട് ഞാനീ കിടപ്പാണ്.. വെറുതെ
അല്ല സംസാരിക്കാൻ ഇത്ര പാട്. അപ്പൊ ആഷ്‌ലിൻ അവളെപ്പോഴാ വന്നേ.. അവളെത്രയോ ദിവസമായി
എന്റെ അരികിലുണ്ട്, എന്തോ തെറ്റ് ചെയ്തെന്ന കുറ്റബോധം കൊണ്ട് ആവുമോ ഇങ്ങനെ.. പക്ഷെ 
സ്നേഹമില്ലെങ്കിൽ അവളെങ്ങനെ ചെയ്യോ.. ഞാൻ മഹാ ചെറ്റ തന്നെ ഇങ്ങനെ പെരുമാറാൻ..

“ഇപ്പോൾ അവളെങ്ങോട്ടാ പോയത്?” എനിക്ക് അവളെ ഇപ്പോൾ തന്നെ കാണണം എന്ന തോന്നൽ
ശക്തമായി

“വീട്ടിലേക്ക്.. മോൾ തിരിച്ചു പോവാണെന്നു പറഞ്ഞു.” അമ്മ എന്റെ അരികിലേക്ക് ഇരുന്നു.

“അമ്മ അവളെ വിളിക്ക്, ഇങ്ങോട്ട് വരാൻ പറ” ഞാൻ അക്ഷമനായി.

“യാത്ര പറയാൻ വരും അപ്പൊ കാണാം” അമ്മ ഞാൻ പറയുന്നത് മൈൻഡ് ചെയ്യുന്നില്ല.

“പറ്റില്ല എനിക്കിപ്പോ കാണണം, വരാൻ പറ അമ്മ പ്ലീസ്” ഞാൻ ചെറിയ കുട്ടികൾ
പെരുമാറുന്നത് പോലെ ആയപ്പോൾ അമ്മക്ക് ചിരി വന്നു. ഫോൺ എടുത്ത് വിളിച്ചു.

“വരാമെന്ന് പറഞ്ഞിട്ടുണ്ട്” അമ്മ എഴുന്നേറ്റ് മുറിക്കു പുറത്തേക്ക് നടന്നു
വാതിലടച്ചു.

മിനുട്ടുകൾ കഴിഞ്ഞപ്പോഴേക്കും വാതിൽ വീണ്ടും തുറന്നു, ആഷ്‌ലിൻ.. ഞാൻ അവളെ അപ്പോഴാണ്
പൂർണമായി ശ്രെദ്ധിക്കുന്നത്. അയഞ്ഞ മഞ്ഞ നിറത്തിലുള്ള ടോപ്പും ജീനും ആണ് വേഷം.
ഉറക്ക കുറവ് കൊണ്ടാകാം കണ്ണിനു താഴെ കറുപ്പ് നിറം പടർന്നിട്ടുണ്ട്. പൂവിനേക്കാൾ
സൗന്ദര്യമുള്ള അവൾടെ മുഖം വാടിയതായി കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.

അവളെനിക്കരികിലേക്ക് നടന്നു വന്ന് ബെഡിനരികെ നിന്നതേ ഉള്ളു..

ഞാൻ കൈ എത്തിച്ചു അവളുടെ കൈയിൽ പിടിക്കാൻ ആഞ്ഞു. എന്റെ ശ്രെമം കണ്ടത് കൊണ്ടാവാം
ആഷ്‌ലിൻ കുറച്ച് കൂടെ എനിക്കരികിലേക്ക് നീങ്ങി നിന്നു. ഞാനവളുടെ കയ്യിൽ പിടിച്ചു
എനിക്കരികിലേക്ക് ഇരിക്കാൻ പറഞ്ഞു.

എന്റെ മുഖത്തേക്ക് നോക്കുന്നില്ല എങ്കിലും പറഞ്ഞത് കേട്ട് അരികിൽ ഇരുന്നു.
കയ്യെത്തിച്ചു ബെഡ് പൊസിഷൻ ശെരിയാക്കാനുള്ള കീപാഡ് എടുത്ത് ചാരി കിടക്കാൻ
പാകത്തിലാക്കി. അവളെന്നെ ഇപ്പോഴും നോക്കുന്നില്ല..

“ഇച്ചായനോട് മിണ്ടില്ലേ?” കയ്യിൽ പതിയെ തലോടി കൊണ്ട് ഞാൻ ചോദിച്ചു.

അവളെന്നെ മുഖം തിരിച്ചു നോക്കി.. പക്ഷെ മറുപടി ഇല്ല..

“അത്രക്ക് ഇഷ്ടമാണ് എങ്കിൽ അന്നെന്തിനാ അങ്ങനെ മെസ്സേജ് അയച്ചത്” അവളുടെ മറുപടി
ഇല്ലാത്തത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു.

ആ ചോദ്യം കേട്ടതോടെ അവളെന്റെ മുഖത്ത് നിന്ന് കണ്ണുകൾ പിൻവലിച്ചു. ഞാൻ കയ്യിൽ
പിടിച്ചു വലിച്ചപ്പോൾ ആണ് വീണ്ടുമെന്നെ നോക്കിയത്.

“പറ” ഞാൻ വീണ്ടും പറഞ്ഞു.

അവളെന്നെ നോക്കി കൊണ്ട് ഇരിക്കാണ്, ഒന്നും മിണ്ടുന്നില്ല.. പിന്നെ പതിയെ ചുണ്ടുകൾ
ചലിക്കാൻ തുടങ്ങി.

“ഇപ്പോ തന്നെ പറയണോ? എല്ലാം മാറിയിട്ട് സമാധാനായിട്ട് നമുക്ക് സംസാരിച്ചാൽ പോരെ?”
മുഖത്തൊരു പുഞ്ചിരി വരുത്തി കൊണ്ടാണത് പറഞ്ഞത്.

“മതി.. പക്ഷെ ഈ ചിരി എപ്പോഴും വേണം” ഞാനും പതിയെ ചിരിക്കാൻ ശ്രെമിച്ചു.

“ഞാൻ എപ്പോഴും ദെ ഇവിടെ ഉണ്ടാവും ഇങ്ങനെ ചിരിച്ചോണ്ട്” അവൾ ചിരിച്ചു കൊണ്ട് എന്റെ
നെഞ്ചിലേക്ക് ഒന്നു ചാഞ്ഞു.

“അയ്യോ അപ്പൊ ഇനി പോണില്ല? പറഞ്ഞത് അബദ്ധയല്ലോ” അവളെ പിടിച്ചെഴുന്നേല്പിക്കാൻ ഞാൻ
നോക്കി.

“പോടാ ദുഷ്ടാ” അവൾ പഴയ പോലെ എന്റെ വയറ്റത്തിട്ട് ഒരിടി.

ഭക്ഷണം ഒന്നും മര്യാദക്ക് ഇല്ലാത്തോണ്ട് ആവും വയറൊക്കെ ചുരുങ്ങി പോയിട്ടുണ്ട്. ഇടി
കിട്ടിയ ഞാൻ നിലവിളിച്ചു പോയി.

സോറി..സോറി എന്ന് പറഞ്ഞപ്പോഴേക്കും ഞാനവളെ പിടിച്ചു എന്റെ നെഞ്ചിലേക്ക് വീണ്ടും
ചേർത്ത് പിടിച്ചു. ഒരുപാട് നാളായിട്ടു ഞാൻ അനുഭവിച്ചിട്ടില്ലാത്ത ആ അനുഭൂതി
വീണ്ടും. ഡോറിനു പുറത്ത് കാലൊച്ച കേട്ടപ്പോൾ മനസില്ലാ മനസ്സോടെ അവളെ ചുറ്റി പിടിച്ച
എന്റെ കൈ അയച്ചു, ആഷ്‌ലിൻ വേഗം എഴുന്നേറ്റു മാറി. ഡോർ തുറന്നു ഒരു ഡോക്ടറും രണ്ട്
നഴ്സുമാരും അമ്മയുടെ കൂടെ കേറി വന്നു.

“ഹൗ ർ യു?” ഡോക്ടർ എന്നെ നോക്കി ചോദിച്ചു..

“ഐ ആം ഗ്രേറ്റ്‌ ഡോക്ടർ”

“ഐ നോ.. വാട്ട്‌ എബൌട്ട്‌ യു?” ആഷ്‌ലിനെ നോക്കിയായിരുന്നു അടുത്ത ചോദ്യം.

നിറഞ്ഞ ചിരി മാത്രമായിരുന്നു അവളുടെ മറുപടി. എല്ലാവർക്കും ഇവളെ അറിയാമെന്നു എനിക്ക്
മനസ്സിലായി.

മുറിവുകൾ എല്ലാം ഒന്നും കൂടെ നോക്കി, ഡോക്ടർ നേഴ്സ്മാരുടെ കൂടെ ഇറങ്ങി പുറകെ
ആഷ്‌ലിനും. അമ്മ എന്റെ അരികിൽ വന്നിരുന്നു, ഒരു കള്ള ചിരി അമ്മയുടെ മുഖത്തുണ്ട്.
എല്ലാം ചോദിച്ചു മനസ്സിലാക്കണം എന്നുണ്ട് എനിക്ക് പക്ഷെ അമ്മയോട് അതെ പറ്റി
ചോദിക്കാൻ വല്ലാത്ത മടി.

ഒരാഴ്ചത്തെ കൂടെ ആശുപത്രി വാസം അവസാനിപ്പിച്ചു ഡിസ്ച്ചാർജായി വീട്ടിലേക്ക് പോവാണ്
ഇന്ന്. ആക്‌സിഡന്റ് ആയത് കൊണ്ട് ആഷ്‌ലിൻ ഇങ്ങോട്ട് വരാനും അവളെ നഷ്ടപ്പെട്ടില്ല
എന്നുറപ്പിക്കാനും സാധിച്ചത് കൊണ്ട് ഇതൊരു മോശം കാര്യമായി ഒന്നും തോന്നിയില്ല.
ആരോഗ്യം കുറച്ചു നഷ്ടമായി അത് തിരിച്ചു പിടിക്കാവുന്നതേ ഉള്ളു.

ആംബുലൻസിൽ തന്നാണ് വീട്ടിലേക്ക് പോയത്, തനിച്ച് എഴുന്നേറ്റു നടക്കാൻ ആയിട്ടില്ല.
വീട്ടിലെത്തി എന്റെ റൂമിൽ പ്രത്യേകമായി ഒരുക്കിയ കട്ടിലിലേക്ക് കിടത്തി.

അമ്മ ഇപ്പൊ വരാമെന്ന് പറഞ്ഞ് പുറത്തേക്ക്. ആഷ്‌ലിൻ എന്റെ മുറിയിൽ തന്നെ ഉണ്ട്, ഞാൻ
അപ്പോഴാണ് ചുറ്റും നോക്കിയത് വാർഡ്രോബ് പാതി തുറന്നു കിടക്കാണ്. അവിടേം ഇവിടേം
ഒക്കെ ഡ്രെസ്സും കിടക്കുന്നുണ്ട്, എന്റെ നോട്ടം കണ്ടിട്ടാവാം ആഷ്‌ലിൻ വേഗം ചെന്നു
താഴെ കിടന്ന ഡ്രസ്സ്‌ എല്ലാം പെറുക്കി എടുത്തു. എന്നെ നോക്കി ഒന്നു ഇളിച്ചു
കാണിച്ചു. നാട്ടിൽ വന്ന ശേഷം എന്റെ മുറിയിലാണ് ലഗേജ് എല്ലാം ഇറക്കി
താമസമാക്കിയതെന്ന് എനിക്ക് മനസ്സിലായി.

കല്യാണത്തിന് മുമ്പേ തന്നെ കെട്ട്യോന്റെ മുറിയിൽ താമസമാക്കിയ ഭാര്യ. എനിക്ക് ചിരി
വന്നത് ഞാൻ അടക്കി പിടിച്ചു അവളുടെ പ്രവർത്തികൾ നോക്കി കിടന്നു. എല്ലാം അടുക്കി
പെറുക്കി വെച്ച് പെണ്ണെന്നെ നോക്കി പിന്നേം ചിരിച്ചു, ഒരു ചമ്മൽ നിറഞ്ഞ ചിരി.. ഞാൻ
മറുപടിയായി കണ്ണിറുക്കി കാണിച്ചതെ ഉള്ളു..

“നീ അപ്പൊ ഇവിടെ ആണോ രാത്രി കിടക്കാൻ പോണേ? കാലിനു വയ്യാത്തോണ്ട് ആക്ഷൻ ഒന്നും
ഉണ്ടാവില്ല” എന്റെ കാലിനെ ഞാനൊന്ന് നോക്കി.

“എന്താക്ഷൻ.. ആദ്യം എഴുന്നേറ്റു നടക്കാൻ നോക്കടോ” അവൾ ഖോഷ്ടി കാണിച്ചു കൊണ്ട്
ഹാളിലേക്ക് പോയി.

എനിക്കു ഭക്ഷണം കൊണ്ട് വന്നു വെച്ച് അമ്മ പോയി, കോരി കഴിക്കുന്നത് വലിയൊരു ജോലി
ആണ്. പക്ഷെ അവൾ വന്ന് അടുത്തിരുന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും എന്നെ കൊണ്ട്
കഴിപ്പിക്കാൻ. ഞാനെത്ര മിസ്സ്‌ ചെയ്തിരുന്നു ഇതെല്ലാം എന്ന് മനസ്സിലാക്കായിരുന്നു ആ
നിമിഷങ്ങളിൽ. നടക്കാൻ പോലും പറ്റാതെ കിടക്കാണേലും ‘വെർത് ഇറ്റ്’.

പിന്നീടുള്ള ദിവസങ്ങളിൽ ആഷ്‌ലിനോടുള്ള അമ്മയുടെ പെരുമാറ്റം കണ്ടപ്പോൾ അവളെ
മരുമകളായി ദത്തെടുത്ത മട്ടായിരുന്നു. ആഷ്‌ലിനെ കാണാൻ പോലും കിട്ടാത്ത പോലായി,
അമ്മയുടെ കൂടെ പാചകവും കഥ പറച്ചിലും എല്ലാം ആയി തിരക്കായപ്പൊ എന്നെ മറന്നു.

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… വോക്കറിന്റെ സഹായത്തോടെ ഞാൻ നടക്കാൻ തുടങ്ങി,
ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ആഴ്ചയിൽ ഒരിക്കൽ ഹോസ്പിറ്റൽ വിസിറ്റിംഗ്.

ആഷ്‌ലിൻ വന്നിട്ട് ഒരു മാസത്തോളം ആയി, ഞങ്ങളിതു വരെ മുമ്പ് നടന്നതിനെ കുറിച്ച്
സംസാരിച്ചിട്ടില്ല. അവളുടെ ജോലി കാര്യത്തെ കുറിച്ചും ലീവിനെ കുറിച്ചും ഒന്നും
അവളിതു വരെ പറഞ്ഞു കേട്ടില്ല. അവളടുത്തുള്ളടത്തോളം കാലം എനിക്ക് സന്തോഷമായത് കൊണ്ട്
ഞാൻ ചോദിക്കാനും മിനക്കെട്ടില്ല. പക്ഷെ ഇങ്ങനെ തുടർന്നാൽ പറ്റില്ലെന്ന് അറിയാം.
അവളോട്‌ സംസാരിക്കാൻ തന്നെ തീരുമാനിച്ചു.

പതിവ് പോലെ ചെക്ക് അപ്പ്‌ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി നമുക്ക് ബീച്ചിലേക്ക്
പോവാമെന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. നട്ടുച്ച സമയമാണ്, ടാക്സിയിൽ തന്നെ സിമെന്റ്
ബെഞ്ചുകൾ ഇട്ട സ്ഥലത്തേക്ക് പോയി. പോകും വഴി ഞാൻ ആഷ്‌ലിനു എനിക്ക് ആക്‌സിഡന്റ്
ഉണ്ടായ സ്ഥലം കാണിച്ചു കൊടുത്തു. അവളെന്റെ കൈകളിൽ മുറുകെ പിടിച്ചതെ ഉള്ളു.

ടാക്സിക്ക് കാശ് കൊടുത്തു വിട്ട് മരത്തണൽ ഉള്ള സ്ഥലം നോക്കി കടലിനഭിമുഖമായി
ഞങ്ങളിരുന്നു. എന്റെ വലതു കരം അവളുടെ ഇടതു കരത്തിനുള്ളിൽ കോർത്തു പിടിച്ചു എന്റെ
തോളിൽ ചാരി ആയിരുന്നു അവളുടെ ഇരുത്തം.

“ഇനി പോണില്ലേ?” ഞാൻ സംഭാഷണത്തിനു തുടക്കമിട്ടു.

“ഞാൻ പോണോ?” അവളെന്റെ കൈ ഒന്നൂടെ മുറുക്കി പിടിച്ചു.

“അപ്പൊ ജോലി?”

“ഞാൻ റിസൈൻ ചെയ്തു.”

“എന്താ? എന്തിന്.. നീ എന്നോട് ഇതേ പറ്റി ഒന്നും സംസാരിച്ചത് പോലുമില്ലലോ?” ഞാൻ കൈ
വിട്ട് അവൾക്ക് അഭിമുഖമായി തിരിഞ്ഞിരുന്നു

“നമ്മളതിന് എന്നാ സംസാരിച്ചത്?” അവളുടെ ഉത്തരം മറ്റൊരു ചോദ്യമായിരുന്നു.

എനിക്കതിനു ഉത്തരമില്ല.. പക്ഷെ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറായില്ല..

“ഞാൻ ചോദിച്ചതിന് ആദ്യം മറുപടി പറ”

“ഞാൻ വെറുതെ പറഞ്ഞതാ, ഞാൻ റിസൈൻ ചെയ്തില്ല. പക്ഷെ ലീവ് കഴിഞ്ഞ് പോയാൽ ഞാൻ ചെയ്യും..
എനിക്ക് ഇങ്ങനെ ഇരുന്നാ മതി” വിട്ട കൈ വീണ്ടും കൂട്ടി പിടിച്ചു അവൾ പറഞ്ഞു.

കുസൃതിയും സ്നേഹവും നിറഞ്ഞ അവളുടെ മറുപടി കേട്ട് എനിക്ക് ദേഷ്യപ്പെടാൻ
ആവില്ലായിരുന്നു. ഞാൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു..

“ഇനി പറ.. എന്താ പറയാനുള്ളതെന്ന് പറഞ്ഞത്” ഞാൻ കുറച്ച് സീരിയസ് ആയി.

അവളെന്റെ കണ്ണുകളിലേക്ക് നോക്കി.. വീണ്ടും അകലേക്ക്‌ കണ്ണുകൾ മാറ്റി..

“എവിടന്നാ ഞാൻ തുടങ്ങണ്ടെ.. ഇച്ചായനെ ആദ്യം കണ്ടത് മുതലോ.. അതോ എന്നെ ഇഷ്ടാണെന്ന്
അറിഞ്ഞപ്പോ മുതലോ..” തീരത്ത് തട്ടി മടങ്ങുന്ന തിരമാലകൾ നോക്കി അവൾ ചോദിച്ചു.

“നീ എന്നോട് എന്താ പറയാതെ വിട്ടത് അത് മാത്രം മതി” അവളെ ചേർത്ത് പിടിച്ച കൈകൾ
അയക്കാതെ ഞാൻ പറഞ്ഞു.

“ഇച്ചായൻ എന്നോട് നാട്ടിൽ ബിസിനസ്‌ തുടങ്ങാണെന്ന് പറഞ്ഞത് ഓർമ ഉണ്ടോ? അത്
കേട്ടപ്പോൾ എനിക്ക് കുറച്ച് സങ്കടം ഒക്കെ തോന്നി.. പിന്നെ തോന്നി നമുക്ക് വേണ്ടി
അല്ലെ ചെയ്യുന്നത് എന്ന്.. കൂടെ ഞാനും വരാമെന്ന് ആഗ്രഹിച്ചാണ് പപ്പയോടു ഇച്ചായന്റെ
കാര്യം പറയാമെന്നു വെച്ചത്.. ഞാൻ പപ്പയെ വിളിച്ചു, ഡീറ്റെയിൽസ് ഒന്നും പറയാതെ
എനിക്കൊരാളെ ഇഷ്ടമാണ് എന്ന് മാത്രം പറഞ്ഞു.. ഇഷ്ടപ്പെട്ടു എന്നതിൽ പപ്പക്ക് കുഴപ്പം
ഒന്നുമില്ല, കല്യാണം കഴിഞ്ഞാൽ അങ്ങോട്ട് വരണം എന്ന് മാത്രമാണ് പപ്പയുടെ നിർബന്ധം..
അതിൽ ഒരു വിട്ട് വീഴ്ചക്കും തയ്യാറല്ല, എനിക്കു സമ്മതം ആണെങ്കിൽ മുന്നോട്ട്
പൊക്കോളാൻ പപ്പക്കും സമ്മതം. എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ അയാൾക്ക് ഇഷ്ടമുള്ള
ജീവിതം ആണ് ഞാൻ ആഗ്രഹിക്കുന്നത്. അവിടെ ഞാൻ പപ്പയുടെ ഇഷ്ടത്തിന് എങ്ങനെ മുൻഗണന
കൊടുക്കും എന്ന് ചോദിച്ചു വഴക്കായി.. എന്നോട് തമാശക്ക് പോലും ദേഷ്യപ്പെടാത്ത പപ്പ
ആദ്യമായി എന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചത് അന്നാണ്. ഞാൻ ജോലി റിസൈൻ ചെയ്യാൻ
പോവാണെന്നു പപ്പയോടു പറഞ്ഞ് ലീവിന് അപ്ലൈ ചെയ്തു. ഇച്ചായൻ നാട്ടിലേക്കു വരുമ്പോ
കൂടെ വരണം എന്ന് വിചാരിച്ചു ടിക്കറ്റ് വരെ ഞാൻ ബുക്ക്‌ ചെയ്തു. പക്ഷെ തലേ ദിവസം
രാവിലെ ആണ് പപ്പക്ക് സുഖമില്ല എന്ന് പറഞ്ഞു വിളിച്ചത്. കൂടുതൽ ഒന്നും സംസാരിക്കാൻ
പോലും ആവാതെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് ഞാൻ അങ്ങോട്ട് പോയി. അവിടെ ചെന്നപ്പോൾ
ശെരിക്ക് ട്രാപ്പിൽ ആയത് പോലെ ആയിരുന്നു ഞാൻ. പപ്പയും മമ്മിയും റിലേറ്റീവ്സ്
എല്ലാരും കൂടെ എന്നെ ബ്രെയിൻ വാഷ് ചെയ്യാൻ വേണ്ടി വിളിച്ചു വരുത്തിയത് പോലെ.
ചുറ്റും നിന്ന് ഉപദേശിച്ചു കൊണ്ടിരുന്നു. അവരുടെ നിർബന്ധത്തിനു വഴങ്ങി അവരുടെ
മുന്നിൽ വെച്ചാ അന്ന് ഞാൻ ഫോൺ വിളിച്ചപ്പോൾ എടുത്തത്.

നേരിട്ട് പറയാൻ ആവാത്തത് കൊണ്ടാ ഞാൻ മെസ്സേജ് അയച്ചത്” അവൾക്ക് കരച്ചിൽ
നിയന്ത്രിക്കാൻ ആവുന്നില്ലായിരുന്നു പൊട്ടി കരഞ്ഞു ഇരു കരങ്ങളിലും മുഖം പൂഴ്ത്തി
അവളിരുന്നു.

“കഴിഞ്ഞില്ലേ.. അത് പോട്ടെ.. ആ കാണുന്ന ബെഞ്ച് കണ്ടോ അന്ന് ഞാനതിനു ചുവട്ടിൽ
ഇരുന്നാ കരഞ്ഞത് ഇതേ പോലെ” അവൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു.

കണ്ണു തുടച്ചു അവളൊന്നു ചിരിച്ചു..

“നീ മുഴുവൻ ആക്കിയില്ല.. എന്നിട്ട്” ഞാനവളെ പിടിച്ചു നേരെ ഇരുത്തി പറഞ്ഞു.

“അന്ന് ഞാനങ്ങനെ മെസ്സേജ് അയച്ചു നേരെ മുറിയിലേക്ക് പോയി. ഫോൺ എടുത്ത് ഇച്ചായനെ
വിളിച്ചു.. ഫോൺ എടുക്കുന്നില്ല.. ദേഷ്യമായിരിക്കും എന്ന് വിചാരിച്ചു. അന്ന് രാത്രി
വീണ്ടും വിളിച്ചു, പിറ്റേ ദിവസവും വിളിച്ചു.. പക്ഷെ സ്വിച്ച് ഓഫ്‌.. പിറ്റെന്ന്
മുഴുവൻ ഞാൻ വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു. എനിക്കപ്പോ കുറേശെ പേടി ആയി,
ഇച്ചായനെന്തെങ്കിലും പറ്റിയോ എന്നൊരു പേടി. ഞാൻ ഓഫീസിലേക്ക് എല്ലാം വിളിച്ചു
നോക്കി.. അവരാരും കോൺടാക്ട് ഇല്ല എന്ന് മാത്രം പറഞ്ഞു. അപ്പോഴാണ് നാട്ടിലെത്തിയ
ഉടനെ എന്നെ വിളിച്ച കാര്യം ഞാൻ ഓർത്തത്. അമ്മയുടെ നമ്പറിൽ നിന്നാണ് എന്നെ
വിളിച്ചതെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ? ആ നമ്പറിലേക്ക് ഞാൻ തിരിച്ചു വിളിച്ചു. കുറെ
പ്രാവശ്യം വിളിക്കേണ്ടി വന്നു.. പക്ഷെ അമ്മ എടുത്തു.. ആക്‌സിഡന്റ്ന്റെ കാര്യം
പറഞ്ഞു.. ഞാൻ പൊട്ടി കരഞ്ഞു പോയി, അമ്മയാണ് എന്നെ ആശ്വസിപ്പിച്ചത്. ദുബായിലേക്ക്
തിരിച്ചു പോവാണെന്നു പറഞ്ഞു ഞാൻ വീട്ടീന്ന് ഇറങ്ങി. അവിടന്ന് ഞാൻ ഇങ്ങോട്ട്
ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തു. ഞാൻ ഒറ്റക്കാ ഇവിടെ വന്നു കേറിയത്.. അമ്മക്ക്
എന്നെ കണ്ടപ്പോഴേ മനസ്സിലായി അതെനിക്ക് വലിയ അത്ഭുതം ആയിരുന്നു. ആക്‌സിഡന്റ് ആയി
മൂന്നാം ദിവസം മുതൽ ഞാനിവിടെ ഉണ്ട്. ലീവ് എക്സറ്റൻഡ് ചെയ്തത് നെക്സ്റ്റ് വീക്ക്‌
കഴിയും” അവൾ പറഞ്ഞു നിർത്തി.

“നീ ഒരു സിനിമ സ്റ്റോറി പറഞ്ഞത് പോലുണ്ട്, എന്തോരം ട്വിസ്റ്റ്‌ ആൻഡ് ടേൺ ആണ്..
പക്ഷെ ക്ലൈമാക്സ്‌ അതെനിക്കിഷ്ടായി..” ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

“അമ്മക്ക് നിന്നെ മനസ്സിലായതിൽ അത്ഭുതം വേണ്ട പലപ്പോഴും എന്റെ ഫോൺ വോൾപേപ്പർ അമ്മ
കണ്ടു കാണും.. നിന്റെ മുഖം നിന്റെ ഫുൾ ഫിഗർ ഞാൻ വോൾപേപ്പർ ഇടാറുണ്ട്” ഞാൻ തുടർന്നു.

അവളെന്നെ കുറച്ച് അവജ്ഞതയോടെ ആണ് നോക്കിയത്.. വോൾപേപ്പറാ എന്ന അർത്ഥത്തിൽ ആവും..

“എന്റെ ഫോണിൽ ഒന്നും ഞാൻ ആരുടേം ഫോട്ടൊ വാൾപേപ്പർ ഇടാറില്ല” അവൾടെ ഫോൺ കാണിച്ചു
കൊണ്ടാണത് പറഞ്ഞത്.

ഞാനെന്റെ ഫോൺ എടുത്ത് അവളെ കാണിച്ചു. പിറന്നാളിന്റെ അന്ന് എടുത്ത ഒരു ഫോട്ടോ
ആയിരുന്നു അത്. കണ്ടപ്പോ അവൾടെ കണ്ണ് പെട്ടന്ന് നിറഞ്ഞു പോയി.. പരിസരം മറന്നു
പെട്ടന്നവളെന്നെ കെട്ടി പിടിച്ചു.

“ഡീ വിട്.. നടു റോഡ് ആണ്” ഞാൻ പുറത്ത് തട്ടി കൊണ്ട് അവളെ വിടീപ്പിച്ചു.

“എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം എന്നെ ഓര്മിപ്പിച്ചതിനു” അവൾ
ചിരിച്ചു കൊണ്ടാണത് പറഞ്ഞത്.

“അപ്പൊ ഇന്ന് നിനക്ക് അത്ര സന്തോഷമില്ലേ..?” വീണ്ടും തോളിലേക്ക് ചാരി ഇരുന്ന അവളുടെ
മുടിയിഴകൾ തലോടി കൊണ്ട് ഞാൻ ചോദിച്ചു.

“സെക്കന്റ്‌ ഫേവറിറ്റ്” എന്റെ കയ്യിൽ ഒരുമ്മ തന്ന് കൊണ്ടാണ് പറഞ്ഞത്.

“സെക്കന്റ്‌ ഫേവറിറ്റു ആയിട്ട് കയ്യിലാണോ ഉമ്മ..” ഞാൻ കൈ പിൻവലിച്ചു അവളെ എന്റെ
നേരെ തിരിച്ചിരുത്തി.

“അയ്യടാ.. മോനാദ്യം മര്യാദക്ക് എഴുന്നേറ്റ് നടക്ക്.. എന്നിട്ടുമ്മ തരാം” അവളെന്നെ
പിടിച്ചെഴുന്നേല്പിച്ചു.

“മതി.. പക്ഷെ വാക് മാറരുത്” അവളുടെ തോളിലൂടെ ചേർത്ത് പിടിച്ചു നടക്കുന്നതിനിടയിൽ
ഞാൻ പറഞ്ഞു.

അവളെന്നെ നോക്കി ഒന്നു ചിരിച്ചതേ ഉള്ളു.. കുസൃതി നിറഞ്ഞ പ്രേമാർദ്രയായ അവളുടെ
ചിരി..

തിരിച്ചു വീട്ടിലേക്കുള്ള യാത്ര ഓൺലൈൻ ടാക്സിയിൽ ആക്കി. ബുക്ക്‌ ചെയ്ത്
മിനിറ്റുകൾക്കുള്ളിൽ വണ്ടിയെത്തി, വീട്ടിക്കെത്തിയപ്പോ ഞങ്ങളെ കാണാതെ അമ്മ
പൂമുഖത്തു തന്നെ ഇരിപ്പുണ്ട്. അപ്പോഴാണ് ഓർത്തത് വിളിച്ചു പറയാൻ മറന്നെന്ന്.
എവിടെയെങ്കിലും കറങ്ങാൻ പോവാനുള്ള ആരോഗ്യം എനിക്കില്ല എന്ന തോന്നൽ അമ്മക്കുള്ളത്
കൊണ്ടാണ് ഈ വേവലാതി.

വീട്ടിലെത്തി അമ്മയോട് കുശലം പറഞ്ഞ് അകത്തേക്ക്. ആഷ്‌ലിൻ എന്റെ കൂടെ മുറിയിലേക്ക്
വന്നു, അമ്മ കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി മാത്രമേ ഞങ്ങളുടെ പ്രേമ സല്ലാപം ഒക്കെ
ഉള്ളു. മുറിയിലേക്ക് കയറിയ ഉടനെ ഞാൻ കതകടച്ചു.

“എവിടെ എന്റെ ഉമ്മ?” അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു.

“ശ്.. വേദനിക്കുന്നു” കൈ വിടുവിച്ചു കൊണ്ട് അവൾ ദേഷ്യം കാണിച്ചു.

“ഞാൻ വേദനിപ്പിക്കുന്നില്ല.. വേഗം തന്നിട്ട് പൊക്കോ” ഞാൻ കതകിന്റെ മുന്നിൽ തന്നെ
നിന്നു

“മാറിക്കെ അമ്മ അന്വേഷിക്കും മോശമാണ് ട്ടൊ” അവളെന്നെ പിടിച്ചു മാറ്റാൻ ഉള്ള ശ്രേമം
തുടങ്ങി.

ഞാൻ മാറില്ലെന്ന് പറഞ്ഞു കുറെ കളിപ്പിച്ചെങ്കിലും, എന്റെ ആരോഗ്യമില്ലായ്‌മയെ
മുതലെടുത്തു തള്ളി മാറ്റി. കതകു തുറന്നു പുറത്തേക്ക് ആഷ്‌ലിൻ ഇറങ്ങിയപ്പോൾ ഞാനെന്റെ
ബെഡിനടുത്തേക്ക് പതിയെ ചുവട് വെച്ചു.

പോയതിന്റെ ഇരട്ടി വേഗത്തിൽ അവൾ തിരികെ വന്നു എന്റെ മുന്നിലേക്ക് വന്നു, കണ്ണുകൾ
പാതി തുറന്നു വിയർപ്പ് പൊടിഞ്ഞ മേൽചുണ്ടുകളും നാണത്താൽ ചുവന്ന കവിളുകളുമായി
അവളെന്റെ മുന്നിൽ എന്തിനോ വേണ്ടി കാത്തു നിന്നു. താല്പര്യമില്ലാത്ത പോലെ തട്ടി
മാറ്റി ഞാൻ ബെഡിനടുത്തേക്ക് തന്നെ നടന്നു ബെഡിലേക്ക് കേറി ഇരുന്നു. നോക്കിയപ്പോൾ
ആഷ്ലിൻ അതെ നിൽപ്പാണ്.

“ഹേയ് പോണില്ലേ.. അല്ലേൽ അമ്മ അന്വേഷിക്കും” കളിയാക്കുന്ന പോലാണ് ഞാൻ പറഞ്ഞത്.

“പോടാ പട്ടി” ചെറിയ ശബ്ദത്തിൽ അവൾടെ പിറുപിറുപ്പ് എനിക്ക് കേൾക്കാം..

“എന്താന്ന്.. ഡീ ഇവടെ വാടി” ഞാൻ ബെഡിന്ന് എഴുന്നേൽക്കുമ്പോഴേക്കും അമ്മാ വിളിച്ചോ
എന്നും ചോദിച്ചു അവളിറങ്ങി ഓടി..

സാരമില്ല നിന്നെ എന്റെൽ കിട്ടും, ഞാനെന്റെ പണിയിലേക്ക് കടന്നു, ഞാനില്ലെങ്കിലും
വലിയ ആർഭാടം ഇല്ലാതെ ഓഫീസ് തുറന്നു പ്രവർത്തനം തുടങ്ങിയിരുന്നു. പുതുതുതായി കിട്ടിയ
ക്ലയന്റ്ന്റെ ഡിസൈനിങ് വർക്ക്‌ എല്ലാം കഴിഞ്ഞ് അയച്ചത് ഒന്നു വെരിഫൈ ചെയ്യണം.
ജീവിതത്തിൽ ഒരു പ്രധാനപെട്ട കാര്യം ചെയ്യാൻ ഒരുങ്ങിയപ്പോഴേക്കും ഇങ്ങനെ ഒരു മോശം
സംഭവം ഉണ്ടായെന്നു വെച്ച് അതുപേക്ഷിക്കാൻ പാടില്ല എന്ന് പറഞ്ഞത് അമ്മ ആണ്. അതോണ്ട്
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഷിഫ്റ്റ്‌ ആയപ്പോൾ അതിനു വേണ്ടുന്ന കാര്യങ്ങൾ
ആഷ്‌ലിൻ തന്നെ ചെയ്തു.

ഇന്റീരിയർ അവളുടെ മേഖല ആയത് കൊണ്ട് ചില്ലറ മിനുക്കു പണികൾ കൂടെ കഴിഞ്ഞ ശേഷമാണു
സമ്മതിച്ചത്. പക്ഷെ അവിടത്തെ ജോലി സംബദ്ധമായ കാര്യങ്ങളിൽ അവൾ ഇടപെടാറില്ല. താൻ
എന്നാണോ അവിടെ ജോലി ചെയ്യാൻ തുടങ്ങുന്നത് അപ്പോൾ മുതൽ ഉത്തരവാദിത്തം കാണിക്കാം
എന്നാണ് അവളുടെ പക്ഷം. അതിൽ കുറ്റം പറയാൻ പറ്റാത്തത് കൊണ്ട് പിന്നീട് ഞാനും
തർക്കിക്കാൻ നിന്നില്ല.

എന്റെ കാലിലെ പ്ലാസ്റ്റർ എടുത്ത് മാറ്റാനുള്ള ദിവസമായി.. ഇതൂടെ കഴിഞ്ഞാൽ ഫ്രീ ആണ്..
ജീവിതം വീണ്ടും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെ മുന്നോട്ടു പോവാൻ തുടങ്ങി. പക്ഷെ
അതിനധികം ആയുസ്സ് ഉണ്ടായില്ല.

ആഷ്‌ലിൻ പറഞ്ഞ ഒരാഴ്ച നാളെ തീരും, അവളുടെ ലീവ്. ഇനിയും നീട്ടാനാവില്ല, ഇത് തന്നെ
ഓരോ കള്ളം പറഞ്ഞ് പിടിച്ചു നിൽക്കുന്നതാണ്. പോവാനുള്ള സമയം ആയപ്പോൾ അവളുടെ മുഖത്ത്
വീണ്ടും ഒരു വാട്ടം.

ലഞ്ച് കഴിച്ച് കഴിഞ്ഞ് ഹാളിലേക്ക് വന്നു ടീവി ഓൺ ചെയ്തു സോഫയിലേക്ക് ഇരുന്നു.
ആഷ്‌ലിനെ നോക്കിയപ്പോൾ അവളെന്തോ ചിന്തയിലാണ്.

“പോയിട്ട് റിസൈൻ ചെയ്തിട്ട് വാ.. നമുക്കിവിടെ അടിച്ചു പൊളിക്കാം” ഞാനവളെ ഒന്ന് ചിയർ
അപ്പ്‌ ചെയ്യാനുള്ള ശ്രെമം നടത്തി.

അവളെന്നെ ആർ യു സീരിയസ് എന്നൊരു നോട്ടം നോക്കി. അവൾ പറയാതെ തന്നെ അതിന്റെ
അർത്ഥമറിയാവുന്നത് കൊണ്ട് ഞാൻ തല താഴ്ത്തി ഇരുന്നതെ ഉള്ളു.

“എനിക്കു പോവാൻ തോന്നുന്നില്ല, ജോലി റിസൈൻ ചെയ്യാനും തോന്നുന്നില്ല.. പപ്പയെ
വിഷമിപ്പിക്കാനും തോന്നുന്നില്ല.. ഞാൻ എന്താ ചെയ്യാ” തളർന്ന പോലെ ആഷ്‌ലിൻ
അടുത്തുള്ള കസേരയിലേക്ക് ഇരുന്നു.

അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു. എന്തു പറഞ്ഞാണ് അവളെ
സമാധാനിപ്പിക്കുക എന്നറിയാതെ ഇരുന്നു.

അവൾ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് വന്ന് എന്റെ അരികിൽ ഇരുന്ന് തോളിലേക്ക് തല
ചായിച്ചു.

“ഞാനെന്താടോ ഇച്ചായാ ചെയ്യാ?” അവളാകെ വിഷമത്തിൽ ആണ്.

“ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും അധികം പക്വത
ഉള്ള ആളുകളിൽ ഒരാളാണ് നീ. ഈ പക്വത എന്ന സാധനം അരികെ കൂടെ പോലും പോവാത്ത എന്നോട് ഇതേ
പറ്റി ചോദിച്ചാൽ ഞാൻ എന്താ പറയണ്ടേ.. ഐ വുഡ് സെ, ഡു വാട്ട് യു ഫീൽ റൈറ്റ്..” അവളുടെ
കവിളിൽ തട്ടി കൊണ്ടാണ് ഞാനത് പറഞ്ഞത്.

തോളിൽ നിന്ന് തലയെടുത്തു എന്റെ കവിളിലേക്കു അവളൊരുമ്മ തന്നു. വല്ലപ്പോഴും മാത്രം
കിട്ടുന്ന സമ്മാനം. ഞാനവളെ നോക്കി ഒരു പൊട്ടനെ പോലെ ചിരിച്ചതേ ഉള്ളു. കൂടുതൽ ഒന്നും
നടക്കാൻ പോണില്ലെന്ന് നന്നായിട്ട് അറിയാവുന്ന എന്റെ ചിരി.. പക്ഷെ അവളെന്നെ
ഞെട്ടിച്ചു.. മടിയിലേക്ക് കയറി എനിക്കഭിമുഖമായി ഇരുന്നു എന്റെ കണ്ണുകളിലേക്ക്
നോക്കി കൊണ്ട്, പതിയെ അവളുടെ ചുണ്ടുകൾ എന്നിലേക്ക് ചേർന്നു. എത്ര സമയം അങ്ങനെ
ഇരുന്നെന്ന് അറിയില്ല. വീടിന്റെ കാളിങ് ബെൽ ശബ്ദം കേട്ടപ്പോൾ ആണ് ഞങ്ങൾ ഞെട്ടി
എഴുന്നേറ്റത്.

***

ആഷ്‌ലിൻ തിരിച്ചു ദുബായിലേക്ക് പോവാൻ തന്നെ ആണ് തീരുമാനിച്ചത്. പക്ഷെ പപ്പയുടെ
പിണക്കം മാറ്റി കല്യാണത്തിന് സമ്മതിപ്പിച്ചിട്ടേ ഇങ്ങോട്ട് വരുള്ളൂ എന്നൊരു വാക്ക്
കൂടി അവൾ പറഞ്ഞു. ഞാൻ തന്നെ ആണ് അവളെ എയർപോർട്ടിൽ കൊണ്ട് വിട്ടത്, വീട്ടിൽ നിന്ന്
ഇറങ്ങിയപ്പോൾ അമ്മയെ കെട്ടി പിടിച്ചു അവൾ യാത്ര പറഞ്ഞപ്പോൾ കണ്ടു നിന്ന എന്റെയും
കണ്ണ് നിറഞ്ഞു പോയി. വീണ്ടും ഒന്നിച്ചു ചേരാൻ ഉള്ളതല്ലേ എന്നാലോചിച്ചു സമാധാനിച്ചു.

ആഷ്‌ലിൻ പോയ ശേഷം ദിവസങ്ങൾ കുറച്ച് ബോറിങ് ആയെങ്കിലും പഴയത് പോലെ ഉത്തരവാദിത്തം
ഇല്ലാതെ ഞാൻ നടന്നില്ല. കൃത്യമായി ഓഫീസിൽ പോവാനും ജോലികൾ തീർക്കാനും താല്പര്യം
കാണിക്കാൻ തുടങ്ങി. ജീവിതത്തിനു കുറച്ച് കൂടി അർത്ഥം വന്ന പോലെ ആയി എന്റെ ജീവിതം.
ദിവസവുമുള്ള വീഡിയോ കാളുകളും ഇടവിട്ടുള്ള വാട്സ്ആപ്പ് മെസ്സേജുകളും ആയി ഞങ്ങളുടെ
ലോങ്ങ്‌ ഡിസ്റ്റൻസ് പ്രണയം മുന്നോട്ടു പോയി കൊണ്ടിരുന്നു.

അതിനിടയ്ക്കാണ് ആഷ്‌ലിൻ എന്നെ ഒരു ദിവസം രാവിലെ വിളിക്കുന്നത്. ഓഫീസിലേക്ക്
ഇറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്ന ഞാൻ ഫോൺ എടുത്തു.

“എന്താടാ.. ഞാൻ ഇറങ്ങാൻ നില്ക്കാ, വേഗം പറ” ഞാൻ മുടി ചീകി ഒതുക്കുന്നതിനിടയിൽ ലൗഡ്
സ്പീക്കർ ഇട്ട് സംസാരിച്ചു.

“ഇന്ന് പോവണ്ട.. ഉള്ള അപ്പോയ്ന്റ്മെന്റ് എല്ലാം ക്യാൻസൽ ആക്കിയേക്ക്.. വീട്ടിലേക്ക്
ഒരു ഗസ്റ്റ് ഉണ്ട്” അവളൊരു ചിരിയോടാണത് പറഞ്ഞത്.

“ഗസ്റ്റോ.. ഹാ.. നീ എത്തിയോ?” ചീപ്പ് എല്ലാം കളഞ്ഞു ഞാൻ ഫോൺ കൈയ്യിലെടുത്തു.

“ഞാനെന്നാണ് മിസ്റ്റർ ഗസ്റ്റ് ആയത്, അയ്യടാ ഒരാളുടെ ആഗ്രഹം.. ഞാൻ വരുന്നില്ല..
പക്ഷെ മമ്മയുടെ ആങ്ങള വരുന്നുണ്ട് എന്റെ അങ്കിൾ. കൂടെ ചെലപ്പോൾ ആരെങ്കിലും ഒക്കെ
കാണും”

“എടിയേ.. അവര് ചെക്കനെ കാണാൻ വരുന്നതാണോ?” എന്റെ ശ്വാസമെടുപ്പ് ഒന്ന് നിലച്ചു.
കാര്യം എന്തൊക്കെ ആണെങ്കിലും ഈ പെണ്ണ് കെട്ടൽ ഇത്തിരി റിസ്ക് പരിപാടി തന്നാണ്,
ബന്ധുക്കളുടെ എല്ലാം ക്രോസ്സ് വിസ്താരം കഴിഞ്ഞേ ഉള്ളു കല്യാണം. അതൊക്കെ
ഒഴിവാക്കാനാണ് പ്രേമിച്ചു കെട്ടുമെന്ന് വെച്ചത്. അതിപ്പോ ഇങ്ങനെ ആയി.

“അതേലോ.. അപ്പൊ എല്ലാം പറഞ്ഞത് പോലെ.. അപ്ഡേറ്റ് മി” അവളു ഫോൺ വെച്ചു. ദുഷ്ട..
കണ്ണിച്ചോര ഉണ്ടോ അവൾക്ക്, എന്നെ പിടിച്ചു ഇട്ടു കൊടുക്കാൻ പോവാ..

“അമ്മാ..” മുറീന്ന് പുറത്തിറങ്ങി അടുക്കളയിലേക്ക് നോക്കി ഞാൻ വിളിച്ചു.

“എന്താടാ” അമ്മയുടെ ശബ്ദം പുറത്തുന്ന് ആണ്.

ഞാൻ വർക്ക്‌ ഏരിയയിലേക്ക് നടന്നു ചെന്നു. അമ്മ തേങ്ങ പൊളിക്കുന്ന പണിയിലാണ്.

“ചേച്ചി വന്നില്ലേ അമ്മ, ഞാൻ സഹായിക്കണോ?” ഞാൻ നിഷ്കളങ്കത അഭിനയിച് ചോദിച്ചു.

അമ്മ എന്നെ ആകെ മൊത്തമൊന്ന് നോക്കി വീണ്ടും തേങ്ങ പൊളിയിലേക്ക് ശ്രെദ്ധ മാറ്റി.
“നീയിന്നു പോണില്ലേ”

“ഒരു കാര്യമുണ്ട്.. എന്നെ കാണാൻ ഇന്ന് ചിലരിവിടെ വരും” നിലത്തു കിടന്ന തേങ്ങ
എടുത്ത് നാര്‌ പറിച്ചെടുത്തു ഞാനമ്മയെ ഒന്ന് നോക്കി.

കയ്യിലുള്ള തേങ്ങ നിലത്തിട്ട് അമ്മയെന്നെ നോക്കി ചിരി തുടങ്ങി. ഒരു മാതിരി
കൊലച്ചിരി…

“ഒന്നു നിർത്തമ്മ ഞാൻ സീരിയസാ” ഞാൻ കൊറുവിച്ചു.

“എന്നോട് മോളിതു വിളിച്ചു പറഞ്ഞതാ നേരത്തെ” അമ്മ ചിരി നിർത്തി വീണ്ടും പണിയിലേക്ക്
തിരിഞ്ഞു.

“ആണോ.. ഞാൻ ചുമ്മാ പേടിച്ചു” അമ്മക്ക് കൂസലില്ലാതെ നിന്നപ്പോ എനിക്കും ധൈര്യമായി.

ഞാൻ നേരെ ഹാളിലേക്ക് ചെന്നു ഫോൺ എടുത്ത് ഓഫീസിലേക്ക് വിളിച്ചു ഇന്ന് വരില്ലെന്ന്
അറിയിച്ചു. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്ന്
ഏൽപ്പിച്ചു.

കുറച്ച് സമയം ഫോണെടുത്തു ചുമ്മാ കുത്തി കൊണ്ടിരുന്നപ്പോൾ അമ്മ വന്നു
പണിയേൽപ്പിച്ചു. പള്ളിയിൽ പോയി അച്ചനെ വിളിച്ചു കൊണ്ട് വരാൻ.

ഞാൻ വണ്ടിയെടുത്തു പള്ളിയിലേക്ക് ഇറങ്ങി, ആക്‌സിഡന്റിന് ശേഷം വളരെ സൂക്ഷിച്ചെ
ഓടിക്കാറുള്ളു. പള്ളിയിലെത്തി അച്ചനെ കാത്ത് കുറച്ച് നേരം നിന്നു, അച്ചൻ വന്ന്
വിശേഷം ഒക്കെ ചോദിച്ച് എന്റെ കൂടെ കാറിലേക്ക് കേറി. അമ്മ ആദ്യമേ നേരിട്ട് കണ്ടു
എല്ലാം പറഞ്ഞിട്ടുണ്ട് അത് കൊണ്ട് എന്നോട് അധികം ചോദ്യ വിസ്താരം ഒന്നും ഉണ്ടായില്ല.

വീട്ടിലെത്തി അച്ചനൊരു ചായ കുടിക്കുമ്പോഴേക്കും ഗേറ്റിനു പുറത്ത് കാർ എത്തി. ഞാൻ
മുറ്റത്തേക്കിറങ്ങി ഗേറ്റ് തുറന്നു കൊടുത്തു. ഒരു ജീപ്പ് കോമ്പസ്, ആലപ്പുഴ
രെജിസ്ട്രേഷൻ.

വണ്ടി നിർത്തി മുന്നിലെ സീറ്റിൽ നിന്ന് ഒരാളിറങ്ങി എനിക്കു കൈ തന്നു. പുറകിലെ
സീറ്റിൽ നിന്ന് ഒരു സ്ത്രീയും മറ്റു രണ്ട് പേരും കൂടെ ഇറങ്ങി. അമ്മ പൂമുഖത്തു
നിന്ന് അവരെ അകത്തേക്ക് ക്ഷെണിച്ചു. ഹാളിലെ സെറ്റിയിൽ എല്ലാരും ഇരുന്നു. അച്ചനാണ്
സംഭാഷണത്തിനു തുടക്കമിട്ടത്. കൂട്ടത്തിലുള്ള ആന്റി അമ്മയോട് ചിരിച്ചു വളരെ
സന്തോഷത്തിൽ സംസാരിക്കുന്നത്

കണ്ടപ്പോൾ എന്റെ പകുതി ശ്വാസം നേരെ വീണു. ഭക്ഷണം എല്ലാം എല്ലാർക്കും ഇഷ്ടപ്പെട്ടു,
ആഷ്‌ലിന്റെ ടിപ്സ് പ്രകാരം വരുന്നവർക്ക് ഇഷ്ടപെട്ട വിഭവങ്ങൾ തിരഞ്ഞു പിടിച്ചു
ഉണ്ടാക്കിയ എന്റെ അമ്മയുടെ മാസ്സ് പെർഫോമൻസ് ഞാൻ വൈകി ആണ് അറിഞ്ഞത്.

വീടും വീട്ടിലുള്ളവരെയും ഇഷ്ടപെട്ടത് പോലെ തന്നെ ആയിരുന്നു അവരുടെ പെരുമാറ്റം.
ഇറങ്ങാൻ നേരം ഇനി എല്ലാം ചടങ്ങായിട്ട് നടത്താം എന്ന് പറഞ്ഞ് അവരിറങ്ങി. ഇത്രേ
ഉള്ളു, ഇതിനാണോ ഞാനിത്രക്ക് പേടിച്ചത്. ചെ.. വേണ്ടായിരുന്നു..

അവരിറങ്ങിയപ്പോൾ ഞാനും കൂടെ ഇറങ്ങി യാത്ര പറഞ്ഞു, കൂട്ടത്തിൽ പ്രധാനപെട്ട ആളായ
ആഷ്‌ലിന്റെ അങ്കിൾ എന്നെ മാറ്റി നിർത്തി സംസാരിച്ചു. പുള്ളി എല്ലാം
ശെരിയാക്കിക്കോളാം എന്ന് ഉറപ്പ് തന്നു..

ആഷ്‌ലിനു ഏറ്റവും കൂടുതൽ ഇഷ്ടമുള്ള അങ്കിളും ആന്റിയുമാണ് വന്നതെന്ന് അവൾ പറഞ്ഞ
ശേഷമാണു ഞാൻ അറിഞ്ഞത്. അവൾടെ തലതൊട്ടപ്പനും അമ്മയും. അവൾടെ ആഗ്രഹം എന്താണെങ്കിലും
സാധിച്ചു കൊടുക്കും എന്ന ഉറപ്പ് അവൾക്കുണ്ടായത് കൊണ്ടായിരുന്നു അവരെ തന്നെ
ഇങ്ങോട്ടേക്കു പറഞ്ഞയച്ചത്. അവരു പറഞ്ഞാൽ ആഷ്‌ലിന്റെ മമ്മ കേൾക്കും എന്ന് തന്നെ ആണ്
അവൾടെ വിശ്വാസം. മമ്മ പറഞ്ഞാൽ പിന്നെ പപ്പക്ക് എതിരഭിപ്രായമില്ല.

അവൾടെ ബുദ്ധി ഓർത്ത് ഒരു നിമിഷം ഞാൻ കൈ കൂപ്പി പോയി.. കെട്ട് കഴിഞ്ഞാൽ ഇതെല്ലാം
എന്റെ അടുക്കൽ ആണല്ലോ ഉപയോഗിക്കാൻ പോണേ എന്നാലോചിച്ചപ്പോൾ ഒരു നടുക്കവും.

അധികം വൈകാതെ തന്നെ ആഷ്‌ലിൻ ജോലി റിസൈൻ ചെയ്ത് ലണ്ടനിലേക്ക് തിരികെ പോയി. ഇത്രക്ക്
ഹൈ പേയിങ് ആയ ജോലി രാജി വെച്ച് അവൾ എനിക്കു വേണ്ടി പോരടിക്കുന്നത് കണ്ടപ്പോൾ ഞാൻ
അവളെ അർഹിക്കുന്നുണ്ടോ എന്ന് പോലും തോന്നി പോയി.

***

മനസ്സമ്മതമായിരുന്നു ഇന്നലെ നാളെ കല്യാണവും.. പെണ്ണ് കാണലും ചോദിക്കലും എല്ലാം
കഴിഞ്ഞ് അധികം വൈകാതെ തന്നെ മനസ്സമ്മതത്തിനു തിയ്യതി നിശ്ചയിച്ചു. പെണ്ണിന്റെ
പള്ളിയിൽ വെച്ചായിരുന്നു മനസ്സമ്മതം. അമ്മയും എന്റെ അനിയത്തിയും അവൾടെ കെട്ട്യോനും
മക്കളും പിന്നെ അത്രയും വേണ്ടപ്പെട്ട കുറച്ച് ബന്ധുക്കളും മാത്രം ഉൾപ്പെട്ട ഒരു
ചെറിയ ചടങ്ങ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷെ അവിടെ എത്തിയപ്പോഴാണ്, അവർക്ക്
കല്യാണം മനസ്സമ്മതം എന്ന് വ്യത്യാസമൊന്നുമില്ലെന്ന് മനസ്സിലായത്. അത്രക്കധികം
ആളായിരുന്നു.. എല്ലാവരെയും പരിചയപ്പെട്ടും വിശേഷങ്ങൾ ചോദിച്ചും നിന്നപ്പോഴേക്കും
ചടങ്ങിനു സമയമായി.. ചടങ്ങ് കഴിഞ്ഞു ഇറങ്ങുന്ന സമയത്താണ് ആഷ്‌ലിന്റെ പപ്പ എന്നോട്
ആദ്യമായി ദീർഘ നേരം സംസാരിച്ചത്.

“ജെയ്‌സൺ.. ഒന്ന് നിൽക്കൂ”

“യെസ്.. സർ പറയു” ഞാൻ ഇത് വരെ അദ്ദേഹത്തെ പപ്പ എന്ന് വിളിച്ചിട്ടില്ല അത് അവൾക്കും
അറിയാം. എനിക്കങ്ങനെ ഒരു അടുപ്പം വരുന്നത് വരെ ഞാൻ വിളിക്കില്ല എന്നവളോട്
പറഞ്ഞിട്ടും ഉണ്ട്.

“എന്റെ മോൾടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ സമ്മതിച്ചത്..

പക്ഷെ ജെയ്‌സണെ കുറിച്ച് ഞാൻ കേട്ടതെല്ലാം നല്ലത് മാത്രമാണ്.. എന്റെ മോൾക്ക് തെറ്റ്
പറ്റിയിട്ടില്ല എന്ന് വിശ്വസിക്കട്ടെ ഞാൻ” അദ്ദേഹം കർച്ചീഫ് കൊണ്ട് നെറ്റിയിലെ
വിയർപ്പ് തുടക്കുന്നുണ്ട്, ചൂട് കൊണ്ടാണ്. പക്ഷെ ആ ചോദ്യം കേട്ടതോടെ ഞാൻ ഉരുകാൻ
തുടങ്ങി. എന്താ ഞാൻ പറയാ എന്നാലോചിച്ചു കൊണ്ട്. പിന്നെ രണ്ടും കല്പ്പിച്ചു ഇങ്ങനെ
പറഞ്ഞു.

“സാറിന് സാറിന്റെ മകളോടുള്ള ഇഷ്ടം എനിക്കു മനസ്സിലാവും.. സാറിന്റെ മകൾക്ക്
സാറിനോടുള്ള ഇഷ്ടവും എനിക്കു മനസ്സിലാവും.. അതിന്റെ ഒരംശം എങ്കിലും അവളെന്നെ
സ്നേഹിക്കണേ എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു, എത്ര മടങ്ങു ഞാൻ അവളെ
സ്നേഹിച്ചാലും എനിക്കെന്നും അവളുടെ മനസ്സിൽ രണ്ടാം സ്ഥാനം മാത്രേ ഉണ്ടാവുള്ളു.. ഒരു
പക്ഷെ സാറവളോട് വേണ്ട എന്ന് തീർത്തു പറഞ്ഞിരുന്നെങ്കിൽ അവളെന്നോട് ബൈ പറഞ്ഞു
പോയേനെ.. മോളോട് സ്നേഹം ഉള്ളത് കൊണ്ടല്ലേ സമ്മതിച്ചത്.. സാറിന്റെ സ്നേഹത്തിൽ സാറിന്
വിശ്വാസം ഉണ്ടെങ്കിൽ ഞാൻ ഉറപ്പിച്ചു പറയാം തീരുമാനം തെറ്റിയില്ല എന്ന്” ഞാൻ നല്ല
ആത്മവിശ്വാസത്തോടെ തന്നെ ആണത് പറഞ്ഞത്.

കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിനും മനസ്സ് നിറഞ്ഞെന്നു എനിക്കു തോന്നി, കർച്ചീഫ്
എടുത്ത് വിയർപ്പ് ഒപ്പുന്നതിന്റെ കൂട്ടത്തിൽ കണ്ണട എടുത്ത് കണ്ണ് കൂടെ അദ്ദേഹമൊന്ന്
തുടച്ചു. അത്രക്ക് വലുതായി ഒന്നും ഞാൻ പറഞ്ഞില്ലലോ.. ഉവ്വോ..

ശെരിയെന്നു പറഞ്ഞ് ഞാൻ തിരിഞ്ഞ് നടക്കാൻ ആരംഭിച്ചപ്പോൾ പുറകിന്ന് അദ്ദേഹമെന്നെ
ഒരിക്കൽ കൂടെ വിളിച്ചു.

“ജെയ്‌സൺ”

“പറയു സർ”

“ഈ സർ വിളി മാറ്റിക്കൂടെ.. എനിക്ക് വല്ലാത്ത അകലം തോന്നുന്നു.. മോള് വിളിക്കുന്നത്
പോലെ വിളിച്ചൂടെ”

“ശെരി പപ്പ” ഞാനൊന്ന് ചിരിച്ചു.

അദ്ദേഹത്തിന്റെ നിറഞ്ഞ ചിരി കണ്ടു കൊണ്ട് ഞാൻ കാറിനരികിലേക്ക് നടന്നു.
കുറച്ചപ്പുറത്തു മരത്തണലിൽ കസിൻസിന്റെ കൂടെ സംസാരിച്ചു കൊണ്ടിരുന്ന ആഷ്‌ലിനെ ഞാൻ
അപ്പോഴാണ് ശ്രെദ്ധിച്ചത്. അവൾ ഞങ്ങളുടെ സംഭാഷണം കണ്ടു കൊണ്ടിരിക്കായിരുന്നു
എന്നെനിക്ക് ബോധ്യമായി. അവളെന്നെ കൈ വീശി, വിളിക്കാമെന്ന് ആംഗ്യം കാണിച്ചു. ഞാൻ
കാറിലേക്ക് കയറി തിരികെ കോഴിക്കോട്ടേക്ക്..

കല്യാണതലേന്ന് അത്ര കാര്യമായ ചടങ്ങുകൾ ഒന്നുമില്ല, ക്ഷെണം സ്വീകരിച്ചു വന്ന
ആൾക്കാരെ സ്വീകരിക്കുക എന്നത് തന്നാണ് ഏറ്റവും വലിയ ജോലി. കൂടെ സപ്പോർട്ട് ആയി
അനിയത്തിയും അളിയനും ഉണ്ടെന്നതാണ് സമാധാനം. കല്യാണത്തിനുള്ള സ്യൂട് അവരുടെ സെലെക്ഷൻ
ആണ്. അനിയത്തിയുടെ കെട്ട്യോൻ എന്റെ പഴയൊരു സുഹൃത്ത് ആണ്, കെട്ട് കഴിഞ്ഞതോടെ
അവനെന്റെ അളിയനായി മാറി. അല്ലെങ്കിലും അളിയന്മാരെ സുഹൃത്തുക്കളായി വെക്കുന്നത്
കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഭാര്യമാരെ പേടിയുള്ളവർ ആണെങ്കിൽ പറയുകയേ വേണ്ട.

തിരക്കിനിടയിൽ ആഷ്‌ലിൻ എനിക്ക് മെസ്സേജ് അയച്ച് വിശേഷങ്ങൾ പറഞ്ഞു
കൊണ്ടിരിക്കുന്നുണ്ട്. അവളുടെ വിവാഹ വസ്ത്രത്തെ പറ്റിയും ധരിക്കാൻ പോകുന്ന
ആഭരണത്തിനെ പറ്റിയും എല്ലാം. സത്യത്തിൽ എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാൻ
ആവുന്നില്ല.. എങ്ങനെ ഇവിടെ വരെ എത്തിയെന്ന്. അവൾടെ ദൃഡനിശ്ചയം ഇല്ലെങ്കിൽ ഞാൻ
വെറുമൊരു നിരാശാകാമുകൻ മാത്രമായി തീർന്നേനെ. അവളാണ് എല്ലാത്തിനും മുൻകൈ എടുത്തത്,
ഞാൻ പുറകിൽ നിന്നതേ ഉള്ളു.

തിരക്കെല്ലാം കഴിഞ്ഞ് റൂമിലെത്തി ബെഡിലേക്ക് കിടന്നപ്പോൾ ഞാനവൾക്ക് വാട്സാപ്പിൽ
മെസ്സേജ് അയച്ചു.

“വേഗം ഉറങ്ങിക്കോ.. നാളെ ഉറങ്ങാൻ പറ്റില്ല..”

“അതെന്താ..” കൺഫ്യൂസ്ഡ് സ്മൈലി വെച്ച് അവൾ റിപ്ലൈ അയച്ചു.

“നിന്നെ ഞാൻ ഉറക്കില്ലലോ”

“ഉഫ്.. താനെന്തൊരു വഷളൻ ആടോ”

“ഹോ.. ഇപ്പോ ഞാനായി വഷളൻ, എത്ര നാളായി ഒരുമ്മ പോലും തരാതെ” ഞാൻ സെന്റി സ്മൈലി
മൂന്ന് നാലെണ്ണം വെച്ചു.

“അച്ചോ.. പാവം.. നാളെ തരാം ട്ടൊ” കണ്ണടച്ച് കാണിക്കുന്ന സ്മൈലി വെച്ച് അവൾ
തിരിച്ചയച്ചു.

“ശെരിക്കും..”

“മ്മ്.. പിന്നെ.. ഇന്നലെ പപ്പ എന്താ സംസാരിച്ചേ?”

“അത് നിന്റെ പപ്പക്ക് ഒരു സംശയം നിനക്ക് പപ്പയോടു സ്നേഹം ഉണ്ടോ എന്ന് ഞാനതൊന്ന്
തീർത്തു കൊടുത്തതാ”

“അത്രേ ഉള്ളു?”

“കൂട്ടത്തിൽ പുള്ളി എന്നോട് ഇനി മുതൽ പപ്പയെന്ന് വിളിച്ചാ മതിയെന്ന് ഒരു സജഷൻ കൂടെ
വെച്ചു”

“എന്നിട്ട്”

“എന്നിട്ടെന്താ ഞാനത് അക്‌സെപ്റ് ചെയ്തു”

“റിയലി?”

“ആടോ.. സത്യം”

“ഐ ആം സോ ഹാപ്പി.. ഐ ലവ് യൂ കെട്ട്യോനെ”

“ഐ ലവ് യു ടൂ മൈ കെട്ട്യോൾ”

“ഗുഡ് നൈറ്റ്‌”

“ഗുഡ് നൈറ്റ്‌”

ഫോൺ മാറ്റി വെച്ച് ഞാൻ കണ്ണടച്ച് കിടന്നു അവളുടെ മുഖം മനസ്സിൽ താലോലിച്ചെപ്പോഴോ
ഉറങ്ങി പോയി..

രാവിലെ എഴുന്നേറ്റപ്പോൾ വല്ലാത്ത ഒരു ഭയം.. കല്യാണം കഴിക്കാൻ പോവാണല്ലോ എന്നോർത്തു
തന്നെ ആവും. സന്തോഷമുള്ള കാര്യമാണെങ്കിലും ഇതോടെ എന്റെ സർവ്വ സ്വാതന്ത്ര്യം അടിയറ
വെക്കേണ്ടി വരുമെന്ന് എന്നെനിക്കറിയാം.

കുളിച്ചു വസ്ത്രം മാറാൻ വേണ്ടി ബെഡ് റൂമിൽ എത്തിയപ്പോഴേക്കും ക്യാമറ ക്രൂ റെഡി
ആയിരുന്നു.. കടും നീല നിറത്തിലുള്ള സ്യൂട് ആയിരുന്നു എന്റെ കല്യാണ വസ്ത്രം.
പ്രാർത്ഥന എല്ലാം കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് പള്ളിയിലേക്ക് ഇറങ്ങി,
കല്യാണത്തിനായി പ്രത്യേകം എന്റെ കൂട്ടുകാരൻ വഴി ആഗ്രഹ പൂർത്തീകരണത്തിനായി ഓഡി
ആർഎയ്റ്റ് (Audi R8) വാടകക്ക് എടുത്തിരുന്നു. ചെറുക്കനും പെണ്ണിനും പോവാനുള്ള വാഹനം
അതാണ്‌. പള്ളിയിലേക്ക് ഞാനാ കാറിൽ ആണ് പോയത്.

പള്ളിയിലെത്തി അല്പ സമയം വെയിറ്റ് ചെയ്തപ്പോഴേക്കും ആഷ്ലിനും ഫാമിലിയും എത്തി.
എല്ലാവരും സ്റ്റേ ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് ഇങ്ങോട്ട് എത്താൻ കുറച്ച് സമയം
മാത്രേ വേണ്ടി വന്നുള്ളൂ.

കാറിൽ നിന്ന് ആഷ്‌ലിൻ ഇറങ്ങുന്നത് ഞാൻ കണ്ടില്ല, അതിനു മുമ്പേ എന്നെ ആരൊക്കെയോ കൂടി
തള്ളി പള്ളിക്കകത്തേക്ക് കൊണ്ട് പോയി. അൾത്താരക്ക് മുന്നിൽ എന്റെ പെണ്ണിനേയും
കാത്തു നിന്നു, വല്ലാത്തൊരു കാത്തു നിൽപ്പാണത്. അടുത്ത മണിക്കൂർ മുതൽ അവളെന്റെത്
മാത്രം ആകുന്നതിനു മുന്നേ ഉള്ള കാത്തിരിപ്പ്.

അധികം വൈകിയില്ല, പള്ളിക്കകത്തേക്ക് അവളുടെ ഫാമിലിയിലെ ഓരോരുത്തരായി കയറി വന്നു
കൊണ്ടിരുന്നു. ഒടുവിലായി ആഷ്‌ലിനും.. തൂവെള്ള നിറത്തിലുള്ള ഒരു ഗൗണാണ് വേഷം.. ചിറക്
വിരിച്ച മാലാഖ പോലെ അവളെന്റെ അരികിലേക്ക് നടന്നു വന്നു. തൊട്ടടുത്തു വന്നു നിന്ന്
കൈ മുട്ട് കൊണ്ട് വയറ്റിലൊരു ഇടി തന്നപ്പോളാണ് എനിക്കു പരിസര ബോധം വന്നത്. ഇവൾ
അരികിൽ ആയിരിക്കുമ്പോൾ എനിക്കു പരിസര ബോധം നഷ്ടപ്പെടുന്നത് ആദ്യായിട്ടൊന്നുമല്ല.
പള്ളിയിലാകെ പതിഞ്ഞ ശബ്ദത്തിൽ ചിരി പടർന്നു.

അച്ചൻ കുർബാന ചൊല്ലാൻ ആരംഭിച്ചു, കുർബാന സ്വീകരണം കഴിഞ്ഞ് മിന്നു കെട്ടും പുടവ
കൊടുക്കലും. മിന്നു കെട്ടുമ്പോൾ ഞങ്ങൾ രണ്ടു പെരുടെയും കണ്ണ് നിറഞ്ഞിരുന്നു.
ആഷ്‌ലിന്റെ കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണീർ തുടക്കാൻ ഞാനെന്റെ കർച്ചീഫ് എടുത്തു
കൊടുത്തു. അവളത് തുടച്ചു എന്നെ നോക്കി ചിരിച്ചു. അവളെന്തോ ഓർത്ത് ചിരിച്ചതാണെന്ന്
എനിക്കു മനസ്സിലായി..

ചടങ്ങ് എല്ലാം കഴിഞ്ഞ് ലൈറ്റ് ആയിട്ട് ഭക്ഷണവും കഴിച്ച് ഞങ്ങളിറങ്ങി. ഞങ്ങൾക്കായി
ഒരുക്കി നിർത്തിയിരിക്കുന്ന ഔഡി ആർ എയ്റ്റിലേക്ക് കേറി.

“അപ്പൊ എങ്ങനാ, തുടങ്ങല്ലേ?”

“എന്ത്?” ഞാനവളെ എന്തോ ചെയ്യാൻ പോവാണെന്നു പേടിച്ചു പുറകോട്ടു വലിഞ്ഞു.

“എടി പുല്ലേ.. ലൈഫ് തുടങ്ങുന്ന കാര്യമാ പറഞ്ഞെ” ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു.

“പുല്ലെന്നാ.. ഞാനിനി എന്തൊക്കെ കേൾക്കണം..” ദൈവത്തോട് ചോദിക്കുന്ന പോലെ അവൾ
മുകളിലോട്ട് നോക്കി.

“അതൊക്കെ വേണ്ടി വരും.. ഇന്ന് മുതൽ നീയെന്റെ അടിമ” കാർ പതിയെ റോഡിലേക്ക് ഇറക്കി.

“ഡോ കെട്ട്യോനെ.. കെട്ടിയ അന്ന് തന്നെ ഡിവോഴ്സ് വാങ്ങിച്ചു എന്ന ചീത്ത പേര്
കേൾപ്പിക്കരുത് എനിക്ക്” അവളെന്നെ ഭീഷണിപ്പെടുത്താനായി ഷിർട്ടിന്റെ കോളറിൽ കേറി
പിടിച്ചു.

“ഡിവോഴ്സ് ഒക്കെ തരാം, ആദ്യം ഞാനൊന്ന് സ്നേഹിച്ചു തീരട്ടെ” അവൾടെ കൈയെടുത്തു
ഞാനെന്റെ വിരലുകൾ കോർത്തു.

“അതെപ്പോ തീരും” അവൾ ചോദ്യ രൂപേണ എന്നെ നോക്കി.

“ഈ മിടിപ്പ് നിലക്കുമ്പോൾ” അവൾടെ കയ്യെടുത്തു ഞാനെന്റെ നെഞ്ചിൽ ഹൃദയത്തോട് ചേർത്ത്
വെച്ചു.

ആഷ്‌ലിൻ.. അവളൊന്നും മിണ്ടിയില്ല.. മുന്നോട്ട് നോക്കി കൊണ്ടിരുന്നു.. കവിളിലൂടെ ഒരു
കണ്ണീർ കണം ഒളിച്ചിറങ്ങുന്നുണ്ട്.. അവളെനിക്കു നേരെ തിരിഞ്ഞ് ചിരിച്ചു… ആ കണ്ണു നീർ
സന്തോഷത്തിന്റെ ആണ് അതൊഴുകട്ടെ എന്നവൾ ചിന്തിച്ചു കാണും..

സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും സ്നേഹിക്കാൻ കൂടെ ഒരാൾ ഉള്ളിടത്തോളം കാലം
ജീവിതം മനോഹരമാണ്.. അത് നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളുടെ കൂടെ ആണെങ്കിൽ
അതിമനോഹരവും..

(അവസാനിച്ചു)

J..

Leave a Reply