അവള് പറഞ്ഞു തുടങ്ങിയപ്പോൾ ഓരോ സീനും ഞാൻ എന്റെ മനസ്സിൽ കാണാൻ തുടങ്ങി…
“അന്ന് ആ രാത്രി താൻ എന്റെ ബൈക്കിന് കൈ കാണിച്ചപ്പോൾ..
അന്ന് താൻ ഫോണിൽ ചാർജ് ഇല്ലാത്തത് കൊണ്ട് തന്റെ ചേട്ടനെ വിളിക്കാൻ പറ്റാതെ നിൽക്കുകയായിരുന്നു…
ആദ്യം താൻ ലിഫ്റ്റ് ചോദിച്ചപ്പോ തരണ്ട എന്നാണ് കരുതിയത്.. പിന്നെ തന്റെ അന്നത്തെ നിൽപ്പും അവസ്ഥയും ഒക്കെ കണ്ടപ്പോൾ പാവം തോന്നി.. അത് കൊണ്ടാണ് കേറാൻ പറഞ്ഞത്..
വണ്ടിയിൽ കയറി കഴിഞ്ഞിട്ടും താൻ വളരെ ഡീസന്റ് ആയാണ് പെരുമാറിയത്.. സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചതിലും വിത്യസ്തമായ ഒരു സ്വഭാവം..
അതിന്റെ അടുത്ത ദിവസം വൈകുന്നേരം ആണ് ഞാൻ രാജസ്ഥാനിൽ പോകാൻ ഇരുന്നത്. അന്ന് താൻ എന്നെ ഐസ് ക്രീം പാർലറിൽ വച്ച് കണ്ടില്ലേ.. അത് സത്യത്തിൽ ഞാൻ സ്നേഹയെ കാത്ത് നിൽക്കുകയായിരുന്നു.. പിന്നെ അവൾ വിളിച്ച് പറഞ്ഞു വണ്ടി എടുത്ത് മാളിൽ വരാൻ അങ്ങനെ ആണ് അന്ന് താൻ എന്നെ അവിടെ വച്ച് കണ്ടത്..
സത്യത്തിൽ ഞാൻ അന്ന് ഭയങ്കര ടെൻഷനിൽ ആയിരുന്നു. നാട്ടിൽ പോകുന്നതിന്റെയും പിന്നെ വിവാഹത്തിന്റെ യും ഒക്കെ.. അത് കൊണ്ടാണ് അന്ന് തന്നോട് അത്ര ഹാർഷ് ആയിട്ട് പെരുമാറിയത്.. സത്യത്തിൽ അവിടെ നിന്ന് ഇറങ്ങി കഴിഞ്ഞ് പിന്നീട് എനിക്കതിൽ ഒരു ചെറിയ കുറ്റബോധം തോന്നിയിരുന്നു..
അങ്ങനെ എല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ ആണ് സ്നേഹ വിളിക്കുന്നതും ആരോ ഒരാൾ എന്നെ അന്വേഷിച്ച് നടക്കുന്നുണ്ട് എന്ന് അറിഞ്ഞതും…
അടുത്ത ദിവസം തന്നെ അത് താൻ ആണ് എന്നും താൻ എന്നെ കാണാൻ രാജസ്ഥാനിൽ വന്നിട്ടുണ്ട് എന്നും ഞാൻ അറിഞ്ഞു.. പക്ഷേ താൻ എന്റെ കല്ല്യാണത്തിന് വരും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അന്ന് യാധൃഷ്ചികം ആയാണ് തന്നെ വീട്ടിൽ കണ്ടത്.. അപ്പോൾ തോന്നിയ ഐഡിയ ആണ് ഈ കല്ല്യാണ നാടകത്തിൻറെ…
തനിക്ക് എന്നോട് എന്തോ ഒരു പ്രത്യേക താത്പര്യം ഉണ്ട് എന്ന് എനിക്ക് തുടക്കത്തിലേ അറിയാമായിരുന്നു.. തന്റെ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ തന്റെ ഉള്ളിൽ തെറ്റായ ചിന്തകൾ ഒന്നും ഇല്ല എന്ന് എനിക്ക് ബോധ്യമായി…
ആ ഒരു ധൈര്യത്തിൽ ആണ് ഞാൻ തന്നെ എന്റെ കഴുത്തിൽ താലി കെട്ടാൻ അനുവദിച്ചത്…
പക്ഷേ പിന്നീട് തന്നെ ഓരോ തവണ അടുത്ത് അറിയുമ്പോളും താൻ ഞാൻ കരുതിയ പോലെയേ അല്ല എന്നും നല്ല ഒരു മനസ്സിന്റെ ഉടമയാണ് എന്നും എനിക്ക് ബോധ്യമായി കൊണ്ടിരുന്നു..
താൻ എന്റെ വീട്ടുകാരോട് കാണിക്കുന്ന സ്നേഹം ബഹുമാനം ഒക്കെ…
കല്ല്യാണം എന്ന് കേൾക്കുന്നത് തന്നെ എനിക്ക് വെറുപ്പായിരുന്നു.. കല്ല്യാണം കഴിക്കുന്ന എല്ലാ പെണ്ണുങ്ങളും തങ്ങളുടെ സ്വപ്നങ്ങൾ കെട്ടി പൂട്ടി വെക്കേണ്ടി വരും എന്ന് ഞാൻ ഓർത്തു…