ഒരു തരത്തിലും ആ പ്രണയം മുന്നോട്ട് പോകില്ല എന്നു ഉറപ്പായപ്പോ രണ്ടുപേരും പിരിയാൻ തീരുമാനിച്ചു . പരസ്പരം വിളിക്കില്ല , കാണില്ല എന്നൊക്കെ ഉള്ള തീരുമാനത്തില് എത്തി . പിന്നെയും അവൾ മൂഡ് ഓഫ് ആയി . ഈ കാര്യങ്ങൾ ഒക്കെ അവളുടെ ഒരു സുഹൃത്ത് വഴി ഞാൻ അറിയുന്നുണ്ടായിരുന്നു . അപ്പോഴാണ് അവൾക്കു വീടിന് അടുത്ത് തന്നെ ഒരു നല്ല ജോലി കിട്ടിയത് . ഇവിടെ ഒരു മാസം നോട്ടീസ് പീരിയഡ് ഉള്ളത് കൊണ്ട് എന്നോടു വന്നു കാര്യം പറഞ്ഞു . അത് കേട്ടതോടെ എന്റെ പാതി ജീവൻ പോയി . എന്നെന്നേക്കുമായി അവളെ നഷ്ടപ്പെടാന് പോവുകയാണ് . അപ്പോള് നിങ്ങൾ കരുതും വേറെ ജോലി കിട്ടി പോവുകയല്ലേ അതിനു എന്തിനാ ഇത്ര വിഷമിക്കുന്നത് എന്നു .. എന്റെ മനസിൽ അപ്പോഴും അവളോടുള്ള പ്രണയം തിളച്ചു മറിയുകയായിരുന്നു . അത് തന്നെ കാരണം . ഇപ്പോ അവളെ കാണുകയും മിണ്ടുകയും എങ്കിലും ചെയ്യാം . പുതിയ ജോലി കിട്ടി പോയാൽ പിന്നെ അതും ഉണ്ടാകില്ലല്ലോ .
അങ്ങിനെ ഞാൻ വീണ്ടും അവളെ പ്രൊപ്പോസ് ചെയ്തു . അവളുടെ മുഴുവൻ കാര്യങ്ങളും (എന്നു വച്ചാല്‍ അവളുടെ പ്രണയം പൊട്ടിയത്) അറിഞ്ഞാണ് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞതെന്നും കൂടി അവളോട് പറഞ്ഞു .
“നിങ്ങളുടെ പ്രണയം സത്യമുള്ളതാണെന്ന് എനിക്കറിയാം . നിങ്ങൾക്കു തന്നെ അറിയാം ഇത് ഒരിക്കലും നടക്കില്ല എന്നും . അത് കൊണ്ട് മാത്രം ആണ് ഞാൻ വീണ്ടും ആലോചനയുമായി വന്നത് . ഇപ്പോ എനിക്കു നിന്നെ കല്യാണം കഴിക്കണം എന്നല്ല ഞാൻ പറഞ്ഞത് . ഒരിക്കലും നിനക്കു അവനെ കിട്ടില്ല എന്നു ഉറപ്പ് വന്നാല് വേറെ ഒരാളുടെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ട അവസ്ഥ വന്നാല് ഉള്ള കാര്യം മാത്രം ആണ് പറഞ്ഞത് ഞാൻ . എനിക്കു ഒരു അനിയത്തി ഉണ്ടെന്ന് നിനക്കറിയാലോ . അവളുടെ കല്യാണം കഴിഞ്ഞ് എന്റെ കല്യാണം ആലോചിക്കുമ്പോൾ ആദ്യം നിന്റെ കാര്യം ആണ് മനസിൽ വരിക . ആ സമയത്ത് നിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ ആലോചനയുമായി ഞാൻ വീട്ടിലേക്കു വന്നോട്ടേ എന്നു മാത്രം പറഞ്ഞാൽ മതി . ”
ഞാൻ പറഞ്ഞതിന് ഒന്നും മറുപടി പറഞ്ഞില്ല അവൾ .
“എനിക്കു നീ ജീവിതകാലം മുഴുവൻ എന്റെ കൂടെ ഉണ്ടാകണം എന്നു ആഗ്രഹം ഉണ്ട് . ഒന്നു നീ ആലോചിച്ചു നോക്കൂ .. വേറെ ഒരു പരിചയവും ഇല്ലാതെ ഉള്ള ഒരാൾ വന്നു കല്യാണം കഴിക്കുന്നതിലും നല്ലതല്ലേ നിന്നെ നന്നായി മനസിലാക്കുന്ന ഒരാൾ കെട്ടുന്നത്? . പിന്നെ …. നിങ്ങളുടെ പ്രണയത്തിന്റെ കാര്യം പറഞ്ഞു ഒരിക്കലും വിഷമിപ്പിക്കില്ല .. ആ ഒരു വാക്കു കൂടി തരാം ഞാൻ . ”
“ഞാൻ എന്താ പറയാ .. എനിക്കറിയില്ല എന്താ വേണ്ടതെന്ന് ..” അവൾ പറഞ്ഞു .
“ഇപ്പോ തന്നെ ഒരു മറുപടി പറയണം എന്നൊന്നും ഞാൻ പറയുന്നില്ല .. നിനക്കു എപ്പോ ഓകെ ആകുന്നുവോ അപ്പോ പറഞ്ഞാൽ മതി ..
പിന്നെ .. നിന്നെ അല്ലാതെ വേറെ ആരെയെങ്കിലും കെട്ടുകയാണെങ്കിൽ കൂടി അത് നിന്റെ കല്യാണം കഴിഞ്ഞു സുഖമായി ജീവിക്കുന്നു എന്നു അറിഞ്ഞതിന് ശേഷം ആയിരിക്കും .
നിനക്കു ആലോചിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട് .. മറുപടി പറയണം എന്നും ഞാൻ നിർബന്ധിക്കുന്നില്ല . അവനെ നിനക്കു കിട്ടുന്നില്ലെങ്കിൽ അടുത്ത ഓപ്ഷൻ ആയി എന്റെ കാര്യം ഓർക്കണം . അതേ പറയാനുള്ളൂ . ”
“എനിക്കു ഏട്ടനെ ഇഷ്ടമൊക്കെ തന്നെ ആണ് .. പക്ഷേ അതിനെക്കാളും എത്രയോ മുകളിൽ ആണ് എനിക്കു നീരജുമായിട്ടുള്ള ഇഷ്ടം . മരിക്കുന്നതു വരെ ആ ഇഷ്ടം ഉണ്ടാകും .. ആ ഞാൻ എങ്ങിനെയാ ഇതിന് മറുപടി പറയുക ?”
ആ സംഭാഷണം അവിടെ അവസാനിച്ചു .
ഞാന്‍ അവളെ പ്രൊപ്പോസ് ചെയ്തത് ഒന്നും വേറെ ആരും അറിഞ്ഞിരുന്നില്ല . മനോജ് പോലും…. അവളും ആരോടും പറഞ്ഞില്ല ..