” ഞാൻ രവിയെ അന്ന് നിന്റെ വീട്ടിലേക്ക് വന്ന അന്ന് കണ്ടതാണ് പിന്നെ ഇത് വരെ കണ്ടിട്ടില്ല. ഇത്രയും കാലം എന്റെ കൂടെ നടന്ന നിനക്ക് ഞാൻ പറഞ്ഞതാണോ അതോ ഇന്നലെ കണ്ട രവി പറഞ്ഞതാണോ വിശ്വസിക്കുന്നത് ”
” അത് അജി.. ഞാൻ .. ഇനിയിപ്പോ ഞാനെന്താ ചെയ്യാ…”
” നിന്നെ അവൻ കെട്ടിയിട്ടൊന്നും ഇല്ലാലോ.. നിനക്ക് നിന്റെ വീട്കാരോട് അവനെ ഇഷ്ടമല്ല എന്ന് പറഞ്ഞ് ഇതിൽ നിന്ന് ഒഴിഞ്ഞു മാറിയാൽ പോരെ..”
” നടക്കില്ല അജി.. അവൻ ഒരു പുളിങ്കൊമ്പാ.. അത് എന്റെ അച്ഛനും അമ്മയും മനസ്സിലാക്കിയത് മുതൽ അവര് ഈ കല്യാണം നടത്താൻ വലിയ ആവേശത്തിലാ…”
” നിനക്ക് ഈ വിവാഹത്തിൽ താല്പര്യമുണ്ടോ .. എനിക്ക് അത് അറിഞ്ഞാൽ മതി..”
” ഒരിക്കലും ഇല്ല.. എനിക്ക് ഇനിയും ഫ്രീയായി , ആരുടേം ശല്യമില്ലാതെ ഒരു പട്ടം കണക്കെ പറക്കണം.. ഞാനെന്ന പട്ടത്തിന്റെ നൂൽ പിടിക്കുന്ന ഒരാളെ എനിക്ക് വേണ്ട.. പകരം എന്റെ കൂടെ പറക്കാൻ ഒരു കൂട്ടാണ് വേണ്ടത് ”
ഞാൻ അവളുടെ കൈ രണ്ടും ചേർത്ത് പിടിച്ച് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.
” അങ്ങനെ ഒരാളെ നിനക്ക് കിട്ടുന്നത് വരെ ഞാൻ ഉണ്ടാകും കൂടെ, അത് പോരെ.. ”
പെട്ടെന്ന് അവിടേക്ക് ആരോ വരുന്നത് പോലെ തോന്നിയപ്പോൾ ഞാൻ അവളുടെ കൈ വിട്ടു.
” അജി.. വാ നമുക്കൊരു ചായ കുടിക്കാം..”
ഞാനും അവളും കാന്റീനിൽ കയറി ഓരോ ചായ കുടിച്ച് ഞങ്ങളുടെ ഉള്ളിലെ ആ കറുത്ത അദ്ധ്യങ്ങൾക്ക് വിരാമമിട്ട് വീണ്ടും സൗഹൃദ വലയം തീർത്ത് കൊണ്ടിരുന്നു.
അപ്പോഴും എന്റെ മനസ്സിൽ രവി തന്നോട് ചെയ്ത നെറികേട് ഉള്ളിൽ പുകഞ്ഞ് കൊണ്ടിരുന്നു. വേറെ ആര് അവളെ കെട്ടിയാലും വേണ്ടില്ല , അവനെ പോലെ ഉള്ള ഒരു ആഭാസന് ഞാൻ അവളെ കൊടുക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു.
ദിവസങ്ങൾ കൊഴിഞ്ഞ് കൊണ്ടിരുന്നു. അവര് തമ്മിലുള്ള വിവാഹം ഏകദേശം ഉറപ്പിച്ച രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഞാൻ ഈ വിവാഹം മുടക്കി തരാം എന്ന് അനുവിന് കൊടുത്ത ഉറപ്പിന്മേലാണ് അവൾ ഇരിക്കുന്നത്.
അന്നൊരു ഞായറാഴ്ചയായിരുന്നു. ഞാൻ രവിയ്ക്ക് വിളിച്ച് ഒന്ന് കാണണം എന്ന് പറയാൻ വേണ്ടി ഫോൺ എടുക്കാൻ നോക്കിയതും പെട്ടെന്ന് ഫോൺ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ റിസീവർ എടുത്ത് ചെവിയിൽ വച്ച് ചോദിച്ചു.
” ഹാലോ.. ആരാണ്.”
” എടാ ഇത് ഞാനാണ് രവി..”
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ..
” ആ. നിനക്ക് ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു.. നീ എന്തിനാ എന്റെ പേരും പറഞ്ഞ് നിന്റെ അച്ഛനേം അമ്മയേം കൂട്ടി അനുവിന്റെ വീട്ടിൽ പോയത്..? ”