Love Or Hate 03
Author : Rahul RK | Previous Parts
(പ്രിയ വായനക്കാർ ക്ഷമിക്കുക.. ജോലി സംബന്ധമായ ചില തിരക്കുകൾ കാരണം ആണ് ഈ പാർട്ട് ഇത്രയും വൈകിയത്.. ഇനി വരുന്ന പാർട്ടുകൾ എത്രയും വേഗത്തിൽ തന്നെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുനതായിരിക്കും.. ഒരിക്കൽ കൂടി ക്ഷമ ചോദിച്ച് കൊണ്ട് തുടങ്ങുന്നു…)വിഷ്ണു: ഓഹ്… ഞാൻ പറയാൻ മറന്നു.. മറ്റെ.. ദിയയുടെ ഇരട്ട സഹോദരി ആണ് ഇത് ….മായ.. സ്വഭാവത്തിൽ ദിയയുടെ നേരെ ഒപ്പോസിറ്റ്.. ഒരു പച്ച പാവം.. സ്റ്റൈൽ മാത്രേ മാറ്റം ഒള്ളു കാണാൻ രണ്ടും ഒരുപോലെ തന്നെ.. പിന്നെ ആകെ ഒരു പ്രശ്നം ഉള്ളത് ഈ കൊച്ചിന് സംസാരിക്കാൻ ഒക്കത്തില്ല…
(തുടരുന്നു..)
എനിക്കും ആൻഡ്രുവിനും അപ്പോളാണ് കാര്യങ്ങൾ ബോധ്യമായത് ഇവർ ഒരാളല്ല രണ്ടാൾ ആണെന്ന്…
ഷൈൻ: ആൻഡ്രൂ അപ്പോ നമ്മൾ ആദ്യം കണ്ടത് ഇവൾ ആയിരുന്നു.. രണ്ടാമത് കണ്ടത് മറ്റവളെയും…
ആൻഡ്രൂ: അതെ.. ഏതായാലും അവളോട് കേറി കോർക്കാഞ്ഞത് നന്നായി..
ഷൈൻ: അതെ…
ഞങളുടെ സംസാരം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു വിഷ്ണു..
വിഷ്ണു: എന്ത് പറ്റി..?? നിങ്ങള് ഇവരെ മുന്നേ കണ്ടിട്ടുണ്ടോ??
ആൻഡ്രൂ: ഹോട്ടലിൽ എത്തിയിട്ട് പറയാം.. ഷൈൻ വണ്ടി എടുക്ക്…
ഞാൻ വിഷ്ണു മുന്നേ പറഞ്ഞ ഹോട്ടലിലേക്ക് വണ്ടി ഓടിച്ചു.. കോളേജിന്റെ അടുത്ത് തന്നെ ആയിരുന്നു ആ ഹോട്ടൽ..
അത്ര വലുത് അല്ലെങ്കിലും സാമാന്യം വലിയ ഒരു ഹോട്ടൽ ആയിരുന്നു അത്.. നല്ല വൃത്തി ഉള്ള അന്തരീക്ഷം ആയിരുന്നു..
ഞങ്ങൾ ഒരു ടേബിളിൽ പോയി ഇരുന്നു.. വിഷ്ണു തന്നെ മൂന്ന് ബിരിയാണി ഓർഡർ ചെയ്തു..
ടേബിളിന്റെ മേലെ ഉണ്ടായിരുന്ന ഗ്ലാസ്സ് നിവർത്തി വച്ച് ജഗ്ഗിൽ നിന്നും വെള്ളം ഒഴിച്ച് കുടിച്ച ശേഷം വിഷ്ണു ഞങ്ങളോട് രണ്ടാളോടും ചോദിച്ചു..
വിഷ്ണു: ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നുണ്ട്.. നിങ്ങള് രണ്ടാളും ദിയയെ കുറിച്ച് ആണല്ലോ സംസാരിച്ച് കൊണ്ടിരുന്നത്… എന്താ കാര്യം??
പിന്നെ ഒന്നും മറച്ചു വെക്കാൻ നിന്നില്ല.. ഞാനും ആൻഡ്രുവും ഞങ്ങൾ കോളജിൽ വരുന്ന വഴിക്ക് മായയെ കണ്ട കാര്യവും ആക്സിഡന്റ് ആയതും അവളെ വഴക്ക് പറഞ്ഞതും അവൾ കരഞ്ഞതും എല്ലാം വിഷ്ണുവിനോട് വിവരിച്ച് പറഞ്ഞു…
എല്ലാം കേട്ട് അന്തം വിട്ട് നിന്ന വിഷ്ണു തുടർന്നു…