” നീ എന്താ കാര്യം എന്ന് വെച്ചാ പറ ” അവിടെ കൂടി നിന്നിരുന്നവരും അവനെ സപ്പോർട്ട് ചെയ്തു. ഇവർ ഇത് എന്താ പറയുന്നത് എന്ന് മനസിലാവാതെ ഞാൻ അവരെ നോക്കി.
” അത് പിന്നെ ഞാൻ ആ വഴി പോവുകയായിരുന്നു. അന്നേരം ഈ ചേട്ടൻ മാണിയെയും വിളിച്ചോണ്ട്, ആരും ഉപയോഗിക്കാത്ത ക്ലാസ്സ് റൂമിലേക്ക് പോവുന്നത് കണ്ടു. എന്തോ പന്തികേട് തോന്നിയ കൊണ്ട് ഞാനും പുറകെ ചെന്നു. അന്നേരം ഈ ചേട്ടൻ അവളെ കഴിഞ്ഞ ദിവസം ക്യാമ്പിൽ വെച്ച് എടുത്ത വീഡിയോ കാണിച്ചു ഭീഷണിപെടുത്തുകയായിരുന്നു. എന്നെ കണ്ടപ്പോ ആനി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. ഞാൻ ആ ഫോൺ പിടിച്ചു വാങ്ങാൻ നോക്കി പക്ഷെ ഈ ചേട്ടൻ എന്നെ ഒരുപാട് തല്ലി എങ്കിലും മല്പിടിത്തത്തിന് ഇടക്ക് ആ ഫോൺ താഴെ വീണു ചിതറി, മെമ്മറി കാർഡ് ഞാൻ ഒടിച്ചു കളഞ്ഞു. അന്നേരം ഇയാൾ എന്നെ വിട്ടിട്ട് അവളുടെ പുറകെ പോയി ” അവൻ അത് പറഞ്ഞു മൂക്കിൽ നിന്നും വരുന്ന ചോര തുടച്ചു.
” ഡാ നാറി കള്ളം പറയുന്നോ?? ” എന്നും ചോദിച്ചു കൊണ്ട് ഞാൻ അവന്റെ കുത്തിന് കയറി പിടിച്ചു. അന്നേരം എല്ലാരും കൂടി ചേർന്ന് എന്നെ പിടിച്ചു മാറ്റി.
” ഞാൻ അല്ല.. ഇവൻ ആ ഇവൻ ആണ് വീഡിയോ പിടിച്ചതും ആ പെണ്ണിനെ ബ്ലാക്മെയിൽ ചെയ്തതും, ഞാൻ അല്ല, ഇവനെ കൊണ്ട് ഞാൻ സത്യം പറയിപ്പിക്കാം ” ഞാൻ എന്നെ പിടിച്ചിരുന്നവരുടെ കയ്യിൽ കിടന്നു കുതറി കൊണ്ട് അലറി.
” മതി നിർത്ത്, നീ ഇത്രയും ദുഷിച്ചവൻ ആണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ” ചാന്ദിനി മിസ്സ്
ഞാൻ പറഞ്ഞത് ആരും വിശ്വസിചില്ല. അല്ലേലും ഞാൻ കോളേജിലെ ന്യൂയിസെൻസ് ആയിരുന്നല്ലോ, അവളും അവനും ഒക്കെ mr ക്ളീൻ സ്റ്റുഡൻസും. സാക്ഷികളും തെളിവ് കളും എനിക്ക് എതിർ ആയിരുന്നു. സംഗതി പോലീസ് കേസ് ആയി. കോളജിൽ എല്ലാരുടേം മുന്നിൽ വെച്ച് പെണ്ണ് കേസിന് എന്നെ പോലീസുകാർ അറസ്റ്റ് ചെയ്തു കൊണ്ട് പോയി. ഒരു ദിവസം ലോക്കപ്പിൽ കഴിച്ചു കൂട്ടി.
പിറ്റേന്ന് എന്നെ കാണാൻ അച്ചുവും അച്ഛനും വന്നു ഒപ്പം നന്ദുവും.
” അച്ചു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മോളെ, മോൾക് തോന്നുന്നുണ്ടോ നിന്റെ ചേട്ടായി ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന്?? ” കരഞ്ഞു കലങ്ങിയി കണ്ണുമായി നിൽക്കുന്ന അച്ചുവിനോട് ഞാൻ ചോദിച്ചു.
” എനിക്ക് അറിയാവുന്ന ചേട്ടായി ഇങ്ങനെ ഒന്നും ചെയ്യുന്ന ആൾ അല്ല, പക്ഷെ..
എനിക്ക് ചേട്ടായിയെ പൂർണമായും അറിയാമോ എന്ന് എനിക്ക് ഇപ്പൊ ഉറപ്പ് ഇല്ല?? ”
അച്ചു കരഞ്ഞു കൊണ്ട് അത് പറഞ്ഞപ്പൊ ഞാൻ അതിന്റ അർഥം മനസ്സിലാവാതെ അച്ചുവിനെ നോക്കി.