ദോശക്കല്ലിൽ തട്ടി ചുവന്ന കയ്യിൽ ഊതിക്കൊണ്ട് സാവിത്രി അരിശപ്പെട്ടു.വെന്ത ദോശയെടുത്തു മാറ്റി വീണ്ടും പരത്തുമ്പോൾ വീണ്ടും ഗായത്രിയുടെ വക വിളിയെത്തി.”മനുഷ്യനെ ഒരു പണിയും ചെയ്യാൻ സമ്മതിക്കരുത്….എന്നാ എന്റെ മോള്
വന്നു സഹായിക്കുവോ,അതും ഇല്ല.
നാളെയൊരിക്കൽ കെട്ടിച്ചുവിടേണ്ട പെണ്ണാണെന്നുള്ള ഒരു വിചാരവുമില്ല’
അടുക്കളയിൽ രാവിലത്തെ തിരക്കുപിടിച്ചുള്ള ജോലിക്കിടയിൽ മകളുടെ ഒച്ചപ്പാടു കൂടിയായപ്പോൾ ദേഷ്യം കയറിയ സാവിത്രി കയ്യിൽ കിട്ടിയ ചട്ടുകവുമായി ഉമ്മറത്തേക്ക് വന്നു.കലിപ്പെടുത്തുള്ള വരവിൽ ഗായത്രിയോട് വീണ്ടും എന്തോ പറയാനായി വാ തുറന്നതും പടികയറി വരുന്ന ശംഭുവിനെയും വീണയെയും കണ്ട് അതെ നിൽപ്പ് നിന്നുപോയി.
“ദേ നോക്കിയേ അമ്മെ…….ഇവന്റെ നെറ്റിയിൽ കുറി.”ആ വരവുകണ്ട് ഗായത്രി പറഞ്ഞു.പുഞ്ചിരിച്ചുകൊണ്ട് ടീച്ചറെ എന്നുള്ള ശംഭുവിന്റെ വിളി
കേട്ടതും സാവിത്രിയുടെ കണ്ണ് നിറയുന്നതവർ കണ്ടു.
“എന്റെ ടീച്ചറ് എന്തിനാ ഇപ്പൊ……..”
ശംഭു മുഴുവിക്കുന്നതിന് മുന്നേ സാവിത്രിയവനെ പുണർന്നുകഴിഞ്ഞിരുന്നു.ഉറഞ്ഞു കൂടിയ മഞ്ഞുരുകുന്നതു കണ്ടാണ് മാധവൻ അങ്ങോട്ട് വരുന്നതും.
“സാവിത്രി………സ്നേഹപ്രകടനം അല്പം കഴിഞ്ഞുമാകാം.നിന്റെ ദോശ കരിയുന്നുണ്ട്,ഒന്ന് വേഗം ചെല്ല്.”
അപ്പോഴാണ് അക്കാര്യം സാവിത്രി ഓർത്തതും.”ഈ പെണ്ണിന്റെ ഒടുക്കത്തെ ധൃതിവെപ്പ്………എന്റെ ദോശയും പോയിക്കിട്ടി.”
അടുക്കളയിൽ നിന്നുള്ള ദോശയുടെ കരിഞ്ഞ മണം മൂക്കിലടിച്ചതും കയ്യിലിരുന്ന ചട്ടുകം കൊണ്ട് ഗായത്രിയുടെ തോളിലൊരു കൊട്ടും കൊടുത്തിട്ട് സാവിത്രി അകത്തേക്കോടി.
വീട്ടിലേക്ക് തിരിച്ചുവന്നുവെങ്കിലും ശംഭു സാവിത്രിക്ക് മുഖം കൊടുത്തിരുന്നില്ല.എന്തിന് പറയുന്നു, വീണയോട് പോലും
ഇഷ്ട്ടക്കേടോടെയാണ് അവൻ പെരുമാറിയത്.ആകെ മാധവനോടു
മാത്രം സന്തോഷമായി സംസാരിക്കും.
അതിൽ സാവിത്രിക്ക് നല്ല വിഷമവും ഉണ്ടായിരുന്നു.ശംഭു പുഞ്ചിരിയോടെ ടീച്ചറെ എന്ന് വിളിച്ചതും സാവിത്രി അടക്കിപ്പിടിച്ചു നടന്ന വീർപ്പുമുട്ടലു
മുഴുവൻ ആവിപറക്കുന്നതുപോലെ അവളിൽ നിന്നും
ഒഴിഞ്ഞുപോയിരുന്നു.
സാവിത്രിയുടെ പിറകെ ശംഭുവും ചെന്നു.അവിടെ അടുക്കളയിൽ കരിഞ്ഞ ദോശ കല്ലിൽ നിന്നും ചിരണ്ടി മാറ്റി ബാക്കികൂടി ചുടാനുള്ള തിരക്കിലായിരുന്നു സാവിത്രി.ചെന്ന പാടെ അവളെ തിരിച്ചു നിർത്തി നെറ്റിയിൽ കുറി തൊട്ടു കൊടുക്കുകയാണ് അവനാദ്യം ചെയ്തത്.”അപ്പുറെ പോയിരിക്ക് കൊച്ചെ…..ഞാൻ തീർത്തിട്ട് വരാം”