“ചേട്ടൻ വന്നേ……”തന്റെകൂടെയുള്ള ആളെയും കൊണ്ട് ദിവ്യ ഉള്ളിലേക്ക് നടന്നു.അവർ ഒരു ഓഫിസ് മുറിയുടെ വാതിൽക്കൽ എത്തി.വരുന്ന വഴി ജോലിക്കാരൊക്കെ അവൾക്ക് മര്യാദ
കൊടുക്കുന്നത് അയാൾ ശ്രദ്ധിച്ചു.
ക്യാബിനിലേക്ക് കയറുമ്പോൾ പുറത്ത് എഴുതിവച്ചിരുന്ന ബോർഡ് വായിക്കാനും അയാൾ മറന്നില്ല.
“വിനോദ്…..മാനേജിങ് ഡയറക്ടർ”
*****
“….വില്ല്യമിന്റെ മരണം….”അത് സ്ഥലം എസ് ഐ വിക്രമനെ സംബന്ധിച്ച് തലവേദനതന്നെയായിരുന്നു.ഒരു പ്രഫഷണൽ ടച്ചോടെയുള്ള മർഡർ,
അതും ഒരു പെണ്ണ്.
കൃത്യം നടത്തിയത് പെണ്ണുതന്നെ എന്നുള്ളത് മൊഴികളിൽ നിന്നും അയാളുറപ്പിച്ചു.അതിനെ സാധൂകരിക്കുന്ന തെളിവുകളെന്നു
പറയാൻ കുറച്ചു ഫിംഗർ പ്രിന്റ്സും കൊലയാളി സ്ത്രീയുടെതെന്ന് കരുതാവുന്ന ഡി എൻ എ സാമ്പിളും.
ഒരു സ്ത്രീ ഒറ്റക്ക് ഒരു ഫ്ലാറ്റിൽ കയറി
കൊലചെയ്യുക,അതും കരുത്തനായ ഒരു ആണിനെ.അവൾക്ക് പിന്നിൽ ആരോ ഉണ്ടെന്നും അയാൾ ഉറപ്പിച്ചു.
അത് നടത്തിയെടുത്ത ബുദ്ധിയെ അയാൾ ഒരു നിമിഷം സ്തുതിച്ചു.
കാരണം പ്രത്യക്ഷത്തിൽ എളുപ്പം എന്ന് തോന്നുമെങ്കിലും അതിനു പിന്നിലെ ഗൃഹപാഠം വളരെ വലുതാണെന്ന് സമർത്ഥനായ വിക്രമന് നല്ല ബോധ്യമുണ്ടായിരുന്നു.
പർദ്ദയിട്ട സ്ത്രീ,അങ്ങനെയൊരാളെ കണ്ടത് രാത്രി ജോലിക്ക് നിന്ന സെക്യൂരിറ്റി മാത്രം.പിന്നെ അങ്ങനെ ഒരാളെ അറിയുന്നത് വില്ല്യം മുഖേന ഗോവിന്ദും.
പിന്നെ അവൾ കയറിപ്പോയി എന്ന് സെക്യൂരിറ്റി പറഞ്ഞ കാർ. ആ പരിസരത്തുനിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു കാർ കണ്ടു പിടിക്കാൻ ശ്രമിച്ചുവെങ്കിലും അത് വെള്ളത്തിൽ വരച്ച വരപോലെയായി
കാരണം അങ്ങനെയൊരു കാർ ആ ദൃശ്യങ്ങളിലൊന്നും പതിഞ്ഞിരുന്നില്ല.
ആ കെട്ടിടസമുച്ചയത്തിന് പരിസരം നന്നായി മനസിലാക്കി സി സി ടി വി
നിരീക്ഷണമുള്ള ഇടങ്ങൾ ഒഴിവാക്കിയാണ് സസ്പെക്ട്സ് സഞ്ചരിച്ചിട്ടുള്ളതെന്ന് വിക്രം അനുമാനിച്ചു.
വില്ല്യമിന്റെ കാൾ ഹിസ്റ്ററിയിൽ നിന്ന് സംശയം തോന്നിയ നമ്പറിന്റെ ഉറവിടം എന്തെന്ന് അന്വേഷിച്ചു.വ്യാജ ഐഡി ഉപയോഗിച്ചെടുത്ത നമ്പർ ആയതിനാൽ അതും ആസ്ഥാനത്തു ചെന്ന് നിന്നു.കിട്ടിയ അഡ്രെസ്സ് അന്വേഷിച്ചു ചെന്നപ്പോൾ ആ വ്യക്തി മരിച്ചിട്ട് മാസങ്ങളായി എന്നതാണ് ലഭിച്ച വിവരം.മിച്ചമുള്ളത് കുറച്ചു ടവർ ലൊക്കെഷനുകൾ മാത്രം.
തന്നെയുമല്ല അത് വില്ല്യമിനെ മാത്രം കോൺടാക്ട് ചെയ്യാനുള്ള നമ്പർ ആയിരുന്നു എന്നുള്ളത് മറ്റൊരുവശം
ഇനി എന്ത് ചെയ്യും.എങ്ങനെ,എവിടെ നിന്ന് തുടങ്ങും എന്ന് ചിന്തിച്ച വിക്രം സെക്യൂരിറ്റിയെയും ഗോവിന്ദിനെയും ഒരിക്കൽ കൂടെ കാണുവാൻ തീരുമാനിച്ചു.ഒപ്പം സൈബർസെല്ലിൽ ജോലി ചെയ്യുന്ന തന്റെ സുഹൃത്തിനെ വിളിച്ച് അപ്പാർട്ട്മെന്റ് പരിസരത്തെ ടവറിന് കീഴിൽ അന്നേ ദിവസം രാത്രി
വന്നുപോയ നമ്പറുകളെക്കുറിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട
ശേഷമാണ് വിക്രം ഉറക്കം പിടിച്ചതു
പോലും.
*****