നെറ്റിയും താടിയും പൊട്ടി ചോര വന്നു. ഓടി കൂടിയവർ പത്രോസിനെ എടുത്ത് ഒരു ഓട്ടോയിൽ കയറ്റി ചന്തപ്പുര ഗവണ്മെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. മുറിവുകൾ ഡ്രസ്സ് ചെയുകയും ഉളുക്കിയ കാലിൽ പ്ലാസ്റ്റർ ഇടുകയും ചയ്തു.
തിരിച്ച് ഓട്ടോയിൽ വീട്ടിലേക്ക് വരുമ്പോൾ പത്രോസിന്റെ മനസ്സിൽ സിന്ധുമാത്രമായിരുന്നു. താൻ അവളെ തല്ലാൻ പാടില്ലായിരുന്നു എന്നവൻ പലതവണ മനസ്സാൽ ഓർത്തു.
പക്ഷെ ചെയ്തുപോയ തെറ്റ് തിരിച്ചെടുക്കാൻ പറ്റില്ലാലോ..? കുറ്റബോധത്തിന്റെ ചുഴിയിൽ പെട്ട പത്രോസ് ആ ഓട്ടോയിലിരുന്ന് മനസ്സാൽ ഒരു തീരുമാനമെടുത്തു. ‘ഇനി ഒരിക്കലും സിന്ധുവിനെ താൻ വേദനിപ്പിക്കില്ല’.
പിണങ്ങി പോയ പത്രോസിനെയും കാത്ത് പൂമുഖത്ത് അക്ഷമയോടെ കത്ത് നിന്നിരുന്ന സിന്ധുവിന്റെയും അന്നമ്മയുടെയും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു.
എങ്ങിനെയാണ്, എവിടേക്കാണ് തിരഞ്ഞു പോവുക എന്നറിയാതെ ചിന്താമഗ്നരായി ഇരിക്കുന്നതിനിടയിലാണ്, വീടിനു മുന്നിലേക്ക് ഒരു ഓട്ടോറിക്ഷ കയറി വരുന്നത് കണ്ടത്.
“ആരാണ്.. ഈ നേരത്ത്..?” അന്നമ്മയുടെ ആത്മഗതം ഉറക്കെയായി.
വണ്ടിയിൽ നിന്നും മെമ്പർ രാജേഷും പിറകെ കാലിൽ പ്ലാസ്റ്ററും കൈയിലും നെറ്റിയിലും താടിയിലും ചെറിയ പ്ലാസ്റ്ററുകളുമായി പത്രോസും ഇറങ്ങിയത്. അത് കണ്ട അന്നമ്മയുടെയും സിന്ധുവിന്റെയും നിയന്ത്രണം നഷ്ടപെട്ടു.
“മോനെ… എന്താ പറ്റിയത്…ആയോ..” അന്നമ്മ നിലവിളിച്ച് കൊണ്ട് മുറ്റത്തേക്കിറങ്ങി പത്രോസിനെ താങ്ങി. കൂടെ സിന്ധുവും ചെന്നു.
സിന്ധുവിന്റെ ശബ്ദം പുറത്തേക്ക് വന്നില്ലെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അന്നമ്മയും സിന്ധുവും കൂടെ പത്രോസിനെ പിടിച്ച് പൂമുഖത്തെ കസേരയിലേക്കിരുത്തി.
“എന്താ മെമ്പറെ പറ്റിയത്..?” അന്നമ്മ സങ്കടത്തോടെ രാജേഷിനോട് ചോദിച്ചു.
“ഒന്നുല്ല അന്നമ്മച്ചി… ചെറുതായിട്ട് ബൈക്കീന്ന് വീണതാണ്.. കാര്യായിട്ട് ഒന്നുല്ല ഒരാഴ്ച റെസ്റ്റടുക്കാൻ പറഞ്ഞിട്ടുണ്ട്..ഡോക്റ്റർ.. ദ മരുന്ന്..” അന്നമ്മയുടെ നേരെ മരുന്നുപൊതി നീട്ടി കൊണ്ട് രാജേഷ് പറഞ്ഞു.
“എവിടെ വെച്ചാ..?”
“നമ്മളെ കവലയിൽ.. ചെറുതായിട്ട് ഒന്നു വീണതെ ഒള്ളു അന്നമ്മച്ചി പേടിക്കാനൊന്നുല്ല… കുറച്ച് തൊലി പോയിണ് അത്രേ ഒള്ളു… എന്ന ഞാൻ പോട്ടെ..” അതും പറഞ്ഞു രാജേഷ് വന്ന ഓട്ടോയിൽ തന്നെ കയറി പോയി.
അന്നമ്മയും സിന്ധുവും കൂടെ താങ്ങി പത്രോസിനെ റൂമിൽ കൊണ്ട് പോയി കിടത്തി. അപ്പോഴും സിന്ധുവിന്റെ കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നുണ്ടായിരുന്നു.
ഒന്നും പറയാനോ ചോദിക്കാനോ കഴിയാതെ അവൾ പത്രോസിന്റെ അടുത്തിരുന്നു. വീണതിന്റെ തണർ ഇട്ടു കിടക്കുന്ന അവന്റെ കൈകൾ അവൾ തലോടി. പത്രോസ് അവളുടെ കരഞ്ഞു കലങ്ങിയ കണ്ണിലേക്ക് നോക്കി.
“എന്തിനാ കരയുന്നെ..?” പത്രോസ് കഷ്ടപ്പെട്ട് ചുണ്ടിൽ ഒരു ചിരി വരുത്തി ചോദിച്ചു.