“ഇതങ്ങു വണ്ടിയിലേക്ക് വക്ക് മാധവേട്ടാ.”സാവിത്രിയത് പറഞ്ഞതും
ചെയ്തല്ലേ പറ്റൂ എന്നറിയുന്ന അയാൾ അവരുമായി പുറത്തേക്ക് നടന്നു.തങ്ങൾ കുറച്ചു വസ്ത്രങ്ങൾ നോക്കട്ടെ,മുകളിലുള്ള മന്ത്ര ട്രെൻഡ് സെക്ടറിലേക്ക് എത്തിയേക്ക് എന്ന നിർദ്ദേശവും നൽകിയിട്ട് സാവിത്രി മക്കളെയും കൊണ്ട് നടന്നു.മാഷിന് അനുസരിക്കുകയല്ലെ നിവർത്തി ഉള്ളൂ.അതുകൊണ്ട് എതിരൊന്നും പറയാതെ തന്നെ ഏൽപ്പിച്ച ജോലി തീർക്കാൻ അയാൾ പാർക്കിങിലേക്കും തിരിഞ്ഞു.
അപ്പോഴും തങ്ങളെ ആരോ പിന്തുടരുന്നത് ശ്രദ്ധിക്കാതെ അവർ മൂവരും മന്ത്രയിലേക്ക് കയറി.ചെന്നു കയറിയ ഉടനെ വെൽക്കം ഡ്രിങ്കും ആയി സെയിൽ റെപ്രെസെന്റ്സിലെ ഒരാൾ അവരുടെ അടുക്കലെത്തി.
നല്ല ദാഹം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഒരു ചിരിയോടെ അവരത് വാങ്ങിക്കുടിച്ചശേഷം അകത്തേക്ക് നടന്നു.
ഗോവിന്ദിൽ നിന്നും ലഭിച്ച വിവരങ്ങൾ
വച്ചാണ് സലിം അവരുടെ പിന്നാലെ
കൂടിയത്.മൂവരെയും ഒന്നിച്ചു കിട്ടുന്ന സമയം തന്നെ അയാൾ തിരഞ്ഞെടുത്തു.നല്ലൊരു അവസരം
പ്രതീക്ഷിച്ചുകൊണ്ട് രാവിലെമുതൽ അവരുടെ പിന്നാലെതന്നെയാണ് സലിം.പക്ഷെ ശംഭുവിനെ പ്രതീക്ഷിച്ച ഇടത്തു പകരം മാധവനാണെന്ന് മാത്രം.
അവർക്ക്പിന്നാലെ മന്ത്രയിലെത്തിയ സലിം തന്റെ ഒരു കടമ്പ വളരെയെളുപ്പത്തിൽ നടന്നുകിട്ടിയ സന്തോഷത്തോടെ ഡ്രിങ്ക് സെർവ് ചെയ്ത പെൺകുട്ടിയെ സമീപിച്ചു.
സലീമിനെ കണ്ടതും അവളയാൾക്ക് ഡ്രിങ്ക് നീട്ടി.അത് വാങ്ങിയതിനൊപ്പം
സലിം തന്റെ ആവശ്യം പറഞ്ഞത് കേട്ട ആ കുട്ടി കാര്യമറിയാതെ ഒന്ന് ഞെട്ടി.
പെൺപടകൾ കുടിച്ചു കളയാൻ വച്ച കുപ്പിയായിരുന്നു സലിമിന്റെ ആവശ്യം.ധൃതിയിൽ ജ്യൂസ് ലഭിച്ച കുപ്പി ഡസ്റ്റ് ബിന്നിൽ കളയാതെ ട്രെയിൽ തന്നെ വച്ചിട്ടാണ് അവർ പോയത് പോലും.അത് കളയാൻ തുടങ്ങവേയാണ് സലിം ഇടപെട്ടതും.
ഇയാളൊരു പൊടിക്ക് ലൂസാണോ എന്ന് ഓർത്തുകൊണ്ടാവണം അവൾ കുപ്പികൾ സലീമിന് നേരെ നീട്ടിയത്.
ഒരു ചിരിയോടെ അതു വാങ്ങിയ സലിം അവിടെനിന്നും തന്നെ ഒരു കവർ വാങ്ങി അതിലിട്ട് ഭദ്രമായി തന്റെ തോളിൽ കിടന്ന ചെറിയ ബാഗിലേക്ക് വച്ചശേഷം വീണ്ടും അവർക്ക് പിന്നാലെ കൂടി.
വന്നതിലെ ഒരു കാര്യം നടന്നു.ഇനി ഒന്ന് കൂടി,അതിന് എന്ത് ചെയ്യുമെന്ന് സലിം ചിന്തിച്ചുതുടങ്ങി.ചെറിയൊരു സീൻ ഉണ്ടാക്കുകതന്നെ എന്നുറപ്പിച്ച
സലിം അവർ നിന്നിരുന്ന ഇടത്തെക്ക് ചെന്നു.
കാര്യമായിത്തന്നെയാണ് മൂവരും തിരയുന്നത്.ചുരിദാർ ടോപ്പ് തോളിൽ ചേർത്തുപിടിച്ചു ഗായത്രിക്ക് മുന്നിൽ പോസ് ചെയ്യുകയാണ് വീണ.ഏത്ര നോക്കിയിട്ടും തൃപ്തിയാവാതെ വീണ്ടും തങ്ങൾക്ക് ബോധിക്കുന്നവ ലഭിക്കുവാനായി തിരഞ്ഞുകൊണ്ട് നിൽക്കുകയാണവർ.ഓരോന്ന് വച്ചു നോക്കി അതു പോരാ,ഇതു പോരാ എന്നൊക്കെ പറഞ്ഞുകൊണ്ട് ആ ഒരു ചുറ്റുപാടിൽ തങ്ങളുടെ സ്പേസ് കണ്ടെത്തുന്നവർ.ഇതൊക്കെ കണ്ടു ശീലിച്ച സെയിൽസ് സ്റ്റാഫ് നിറഞ്ഞ പുഞ്ചിരിയോടെ അവരെ ട്രീറ്റ് ചെയ്യുന്നു.