വായുവിൽ ഉയർന്നു ചാടി ഞാൻ അവന്റെ തലയുടെ മുകളിൽ വരെ കാലുകൾ ഉയർത്തി. ചുരുക്കി പറഞ്ഞാൽ ഞാൻ അവന്റെ മുകളിൽ കൂടി ചാടി. എന്നെ അടിക്കാൻ ഓടി വന്ന അവന് എന്നെ കിട്ടിയില്ല അപ്പോളേക്കും ഞാൻ അവന്റെ മുകളിൽ കൂടി ചാടി അവന്റെ പുറകിൽ എത്തി.
എന്താണ് നടക്കുന്നത് എന്ന് അറിയാതെ തിരിഞ്ഞു വന്ന സാജന് ഞാൻ ഒരു അപ്പർ കട്ട് സമ്മാനിച്ചു. എന്റെ കാലിന്റെ പത്തി അടിയിൽ നിന്ന് അവന്റെ താടിയെല്ലിൽ ശക്തിയായി പതിഞ്ഞു. ഒരു നിമിഷം സാജന്റെ കണ്ണുകൾ മുകളിലേക്ക് ആയിരുന്നു. അടി കൊണ്ട് ബോധം കെട്ടവനെ പോലെ സാജൻ ഒന്ന് നിന്ന് ആടി. എനിക്കുറപ്പാണ് അവന്റെ ബോധം ഇപ്പൊ പോകും. ഞാൻ ഒന്നുകൂടി വായുവിൽ ചാടി നെഞ്ചിൽ തന്നെ അടുത്ത കിക്ക് കൊടുത്തു. അതോടെ സാജൻ തെറിച്ചു പോയി നിലത്തു വീണു.
ഹഹഹ വിചാരിച്ചതിലും എളുപ്പം ആയി. സാജൻ അനങ്ങാതെ കിടക്കുന്നു. ഇനി അവന് കുറച്ച് ശിക്ഷ കൊടുക്കണം. അവനെ കോളറിൽ തൂക്കി എടുത്ത് നേരെ നിർത്താനായി ഞാൻ അവന്റെ അടുത്തേക്ക് കുനിഞ്ഞു. കണ്ണടച്ചു ബോധം പോയി കിടക്കുകയാണ് സാജൻ. ഞാൻ കുനിഞ്ഞു അവന്റെ കോളറിൽ പിടിച്ചതും സ്വിച്ച് ഇട്ടതുപോലെ അവൻ കണ്ണ് തുറന്നു. ചുവന്ന ആ കണ്ണുകൾ കണ്ട് ഞാൻ ഞെട്ടി പണ്ടാരം അടങ്ങി. ശരവേഗത്തിൽ അവന്റെ രണ്ട് കയ്യും എന്റെ കഴുത്തിൽ മുറുകി. പെട്ടെന്ന് കുതറി മാറാൻ ഉള്ള എന്റെ ശ്രമങ്ങൾ ഒക്കെ പാടെ പരാജയം ആയി. രണ്ടു ഇരുമ്പ് വൈസ് ഇട്ട് മുറുക്കിയത് പോലെ ആ കൈകൾ എന്റെ കഴുത്തിൽ ചുറ്റി. ആദ്യമായി എന്നിക്ക് പ്രാണഭയം തോന്നി.
ഞാൻ പുറകോട്ട് വലിഞ്ഞു നോക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സാജൻ എന്റെ ഒപ്പം എണീറ്റ് വന്നു. ഇത്രയും ശക്തിയിൽ ഒരു കിക്ക് കൊടുത്തിട്ടും ബോധം മറയാത്ത അവൻ എന്നിൽ കൂടുതൽ പേടി ഉണ്ടാക്കി. കഴുത്തിൽ മുറുകിയ അവന്റെ ബലിഷ്ഠമായ കൈകൾ എന്റെ ശ്വാസം തടഞ്ഞു. ശ്വാസം കിട്ടാതെ ഞാൻ കയ്യും കാലും ഇട്ട് അടിച്ചു വെപ്രാളം ഉണ്ടാക്കി. അവന്റെ കയ്യിനെ പിടിച്ചു മാറ്റാൻ എന്റെ കൈകൾക്ക് കഴിയില്ല എങ്കിലും പാഴ്ശ്രമം പോലെ ഞാൻ അവന്റെ കൈകളിൽ തല്ലി. കാലുകൾ ഉയർത്തി അവനെ കിക്ക് ചെയ്യാൻ ഉള്ള ശേഷി നഷ്ടപെട്ടത് പോലെ. ഞാൻ ആകെ തളർന്നു. അവന്റെ ഉരുക്കി കൈകളിൽ ഞാൻ നഖങ്ങൾ കൊണ്ട് മാന്തി നോക്കിയെങ്കിലും അതൊന്നും ഏശുന്നില്ല. ഞാനാകട്ടെ ശ്വാസം കിട്ടാതെ പിടഞ്ഞു.
സ്വന്തം ജീവൻ ഒരു തുലാസിൽ നീക്കുകയാണ്. എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഒരു പക്ഷെ ഇവൻ ഈ പിടി വിട്ടില്ലെങ്കിൽ ഇതായിരിക്കും എന്റെ മരണം എന്ന് എനിക്ക് തോന്നി പോയി. എന്തെങ്കിലും ചെയ്തേ പറ്റു. ഞാൻ സകല അടവുകളും മനസ്സിൽ കടത്തി വിട്ടു. ഒന്നിലും സ്ഥിരംആയി മനസ്സ് നിന്നില്ല ഒടുവിൽ അവസാനത്തെ അത്താണി ആയി ഞാൻ പുറകോട്ട് മറിഞ്ഞു വീണു. എന്റെ ഒപ്പം അവനും വീഴും. അതെ തക്കത്തിൽ ഞാൻ കാലുകൾ ഉയർത്തി. അവന്റെ വയറിൽ എന്റെ രണ്ടു കാലും കുത്തി. മുന്നോട്ടു വീണു കൊണ്ടിരുന്ന സാജൻ എന്റെ കാലുകളിൽ വയർ കുത്തി മുന്നോട്ട് ഒരു മലക്കം മറിഞ്ഞു തറയിലേക്ക് വീണു. അതോടെ അവന്റെ പിടി വിട്ടു.
കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടവളേ പോലെ ഞാൻ കിടന്ന് ചുമച്ചു കുരച്ചു. ഞാൻ എന്റെ കഴുത്തിൽ തലോടി. എന്റെ ശ്വാസം നേരെ വീഴുന്നതിന് മുന്നേ എന്റെ തലമുടിയിൽ സാജൻ കുത്തി പിടിച്ചു. ഠപ്പേ ഠപ്പേ എന്ന് എന്റെ ഇരുകവിളിലും അവൻ അടിച്ചു. അടിയുടെ ആഘാതത്തിൽ ഞാൻ നിലത്തേക്ക് വീണു.