കാർ നിർത്തി പ്രേത്യകിച്ചു ഒരു ഭാവ മാറ്റവുമില്ലാതെ മഞ്ജുസ് ഇറങ്ങി . ഉമ്മറത്ത് അഞ്ജുവും റോസ്‌മോളും ഇരിപ്പുണ്ടായിരുന്നു . റോസിമോളെ മടിയിൽ ഇരുത്തികൊണ്ട് അഞ്ജു മൊബൈലിൽ നോക്കി ഇരിപ്പുണ്ട് . പെണ്ണും അതിലേക്ക് നോട്ടം പായിക്കുന്നുണ്ട് . ഒരു കുഞ്ഞു ടി-ഷർട്ടും നിക്കറും ആണ് റോസ്‌മോളുടെ വേഷം .
ഞങ്ങളെ കണ്ടതോടെ പെണ്ണിന്റെ മുഖം ഒന്ന് തെളിഞ്ഞു .
“ചാച്ചാ …മമ്മ.ഹ്ഹ ..”
ഞങ്ങളെ രണ്ടുപേരെയും ചൂണ്ടിക്കൊണ്ട് റോസിമോള് അഞ്ജുവിനെ മുഖം ഉയർത്തി നോക്കി .
“ആഹ് ആഹ് ..ഞാൻ കണ്ടു കണ്ടു ”
അഞ്ജു അതുകേട്ടു ചിരിച്ചു . പിന്നെ റോസിമോളെയും കൊണ്ട് എഴുനേറ്റു .
ഉമ്മറത്തേക്ക് വേഗം ഓടിക്കയറിയ മഞ്ജുസ് പെട്ടെന്ന് തന്നെ റോസിമോളെ അഞ്ജുവിന്റെ കയ്യിന്നു വാങ്ങി . ബാഗ് തിണ്ണയിലേക്ക് വെച്ചുകൊണ്ടാണ് അവള് റോസിമോളെ എടുത്തത് .
“അമ്മേടെ മുത്തിന്റെ പനി മാറിയാ ..”
റോസ് മോളുടെ കവിളിൽ ചുംബിച്ചുകൊണ്ട് മഞ്ജു ചിണുങ്ങി . പിന്നെ അവളെ തോളിലിട്ടുകൊണ്ട് അകത്തേക്ക് നടന്നു . റോസ്‌മോളും അവളുടെ നെഞ്ചിൽ അള്ളിപിടിച്ചുകൊണ്ട് കിടന്നു .
“പൊന്നൂസേ…”
അവളുടെ പുറത്തുതട്ടികൊണ്ട് മഞ്ജുസ് പിന്നെയും വിളിച്ചു . പക്ഷെ റോസിമോള് മഞ്ജുസിന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റികൊണ്ട് അള്ളിപ്പിടിച്ചു . പെണ്ണിന് അല്ലെങ്കിലും വയ്യാതായാൽ അമ്മയെ വല്യ കാര്യമാണ്. അവളുടെ ചൂടും മണവും ഒകെ മോൾക്ക് ഒരാശ്വാസം ആയിരിക്കണം .
“ചെക്കൻ എവിടെ ?”
മഞ്ജുസ് അകത്തേക്ക് പോയതും ഞാൻ അഞ്ജുവിനോട് തിരക്കി .
“അച്ഛൻ അവനെയും എടുത്തു എങ്ങോട്ടോ പോയിട്ടുണ്ട്….കടയിലോട്ടാവും ”
അഞ്ജു ഒരൂഹം പറഞ്ഞു . പിന്നെ തിണ്ണയിലിരുന്ന മഞ്ജുവിന്റെ ബാഗ് എടുത്തു അകത്തേക്ക് നടന്നു .
ഞാൻ മൂളികൊണ്ട് അവൾക്കു പിറകെ അകത്തേക്ക് നടന്നു . അപ്പോഴേക്കും റോസിമോളെ എടുത്തു മഞ്ജുസ് മുകളിലേക്ക് നടന്നിരുന്നു . റൂമിലെത്തിയ ഉടനെ പെണ്ണിനേയും കൊണ്ട് മഞ്ജുസ് ബെഡിലേക്കിരുന്നു . പിന്നെ സാരി നെഞ്ചിൽ നിന്നും അഴിച്ചു റോസീമോൾക്കു പാലുകൊടുക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി .
“എന്തെടി പൊന്നുസേ…എന്താ മിണ്ടാത്തെ ?”
പെണ്ണിന്റെ ചുണ്ടത്തു മുത്തികൊണ്ട് മഞ്ജുസ് ചിണുങ്ങി .
“എടി ഒന്ന് കുളിച്ചിട്ട് അതിനെ എടുക്കെടി ..ഈ കോലത്തിൽ ആണോ സ്നേഹിക്കല് ”
മഞ്ജുസ്ന്റെ മുഷിഞ്ഞ വേഷം ഓർത്തു ഞാൻ പയ്യെ തട്ടിവിട്ടു .
“പോടാ …ഇതിനു നല്ല ക്ഷീണം ഉണ്ട് …ആകെ വാടിപ്പോയി ”
റോസ്‌മോളുടെ കവിളിൽ തഴുകികൊണ്ട് മഞ്ജു സ്വയം പരിതപിച്ചു .
“അത് സാരല്യ …അതിനെ ഇങ്ങു താ …പോയി കുളിച്ചിട്ട് വാടി..അല്ലേൽ അതിനു വേറെ വല്ല അസുഖവും പിടിക്കും ”