“ഏയ് …പൊന്നൂസ് നല്ലകുട്ടിയാ ..അവള് ഇപ്പൊ കുടിക്കും അല്ലെടി പൊന്നോ ”
ഞാൻ അവളുടെ പുറത്തു തഴുകി പെണ്ണിനെ അടർത്തിമാറ്റി . പിന്നെ മഞ്ജുസിന്റെ കയ്യിൽ നിന്ന് ടോണിക് വാങ്ങി അവളെ നോക്കി ..
ഇഞ്ചി കടിച്ച ഭാവത്തോടെ റോസിമോള് എന്നെയും നോക്കുന്നുണ്ട് .
“ചാച്ചാ..ഹ്ഹ ”
അവള് എന്നെ നോക്കി വേണ്ടെന്ന ഭാവത്തിൽ തലയാട്ടി .
“അങ്ങനെ പറ്റൂല …പൊന്നൂന്റെ അസുഖം മാറണ്ടേ…”
ഞാൻ അവളെ നോക്കി ചിരിച്ചു പെണ്ണിന്റെ മൂക്കിൻത്തുമ്പിൽ ചുംബിച്ചു . മഞ്ജുസും അഞ്ജുവും ഒകെ അത് കൗതുകത്തോടെ നോക്കുന്നുണ്ട് .
റോസിമോളെ മെരുക്കാൻ മാത്രം അവരെക്കൊണ്ട് അങ്ങനെ കഴിയാറില്ല . അതിന്റെ അത്ഭുതം ആണ് .
“കുടിക്ക് പൊന്നുസേ …ചാച്ചന്റെ മുത്തല്ലേ …”
ഞാൻ അവളുടെ കുറ്റിമുടിയുള്ള തലയിൽ ഇടം കൈകൊണ്ട് തഴുകി ചിരിച്ചു . പിന്നെ രണ്ടും കൽപ്പിച്ചു അത് അവളുടെ ചുണ്ടിൽ മുട്ടിച്ചു . അതോടെ കണ്ണിറുക്കികൊണ്ട് റോസിമോള് ചുണ്ടു തുറന്നു .
അത് കണ്ടതും അഞ്ജുവും മഞ്ജുസും ഒന്ന് മുഖാമുഖം നോക്കി .അവര് കുറെ നേരമായി മെനക്കെട്ടിട്ടും നടക്കാത്ത കാര്യം ആണ് .
മോള് വാ തുറന്നതും ഞാൻ വേഗം അത് അവളുടെ വായിലേക്ക് ഒഴിച്ചു . അതിന്റെ കയ്പ്പുള്ള രുചി വായിൽ അറിഞ്ഞതും റോസ്‌മോളുടെ കൺപോളകളും കണ്പീലികളുമൊക്കെ വിറച്ചു .അതുകണ്ടതോടെ മഞ്ജുസ് പെണ്ണിന്റെ ചുണ്ടു രണ്ടും കൂട്ടിപ്പിടിച്ചു ചിരിച്ചു . അല്ലെങ്കിൽ അവള് തുപ്പിക്കളയും !
“ഇറക്ക് പൊന്നുസേ …”
മഞ്ജുസും അവളെ നോക്കി ചിണുങ്ങി .
അതോടെ മനസിലെ മനസോടെ പെണ്ണ് അത് തൊണ്ടയിലേക്കിറക്കി .അതിന്റെ രുചി അവളുടെ മുഖത്ത് വിടർത്തിയ ഭാവങ്ങൾ കണ്ടു എനിക്കും ചിരി വന്നു .അത് കുടിച്ചിറക്കിയതോടെ പെണ്ണ് വീണ്ടും എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു .
“ചാച്ചാ…മ്മ്ഹ ”
പിന്നെ എന്റെ ഷർട്ടിനു മീതേകൂടി എന്നെ ഉമ്മവെച്ചു .
“ഓ….അവളുടെ ഒരു ചാച്ചൻ …ഒറ്റ അടിയങ്ങാട് കൊടുക്കണം ”
പെണ്ണിന്റെ വാശി ഓർത്തു അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
“ശരിയാ…ഇപ്പൊ കുടിച്ചത് കണ്ടില്ലേ …”
മഞ്ജുസും അത് ശരിവെച്ചു . പിന്നെ പയ്യെ സോഫയിൽ നിന്നും എഴുനേറ്റു .
“ചായ വേണോ ?”
എന്തോ ഓർത്തെന്ന പോലെ മഞ്ജുസ് എന്നോടായി തിരക്കി . അപ്പോഴേക്കും അഞ്ജു വന്നു ആദിമോനെ സോഫയിൽ നിന്നുമെടുത്തു അവളുടെ ഒക്കത്തുവെച്ചു .
“ചായ മാത്രം പോരാ …തിന്നാനും എന്തേലും വേണം …ഞാൻ ഉച്ചക്ക് ഫുഡ് കഴിച്ചതാ ..പിന്നെ ഒരു തുള്ളിവെള്ളം പോലും കുടിച്ചിട്ടില്ല..”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു .
“അയ്യോ..അതിനു ഇവിടെ ഒന്നും ഇല്ല ..”
മഞ്ജുസ് അതുകേട്ടതും നാവുകടിച്ചു .