ദേവ നടന്ന് ചെന്ന് അവരുടെ ടേബിളിന്റെ അടുത്ത് എത്തി. അവൻ നിന്നുകൊണ്ട് തന്നെ അനഘയെ വിളിച്ചു. അനഘ തല ഉയർത്തി നോക്കുമ്പോ ദേവ.
അനഘ : ” എന്താടാ അങ്ങനെ നിക്കുന്നെ ഇരിക്ക് ”
ദേവ പെട്ടെന്ന് സ്വിച്ച് ഇട്ടത് പോലെ കസേരയിൽ ഇരുന്നു.
അനഘ : ” എന്താടാ കഴിച്ചോ ”
ദേവ : ” ആ കഴിച്ചു ”
ഇതിപ്പോ എങ്ങനെ പറയും എന്ന് ദേവ ടെൻഷൻ അടിച്ചു.
അനഘ : ” എന്താണ് പതിവ് ഇല്ലാതെ ഞങ്ങളുടെ ഒപ്പം ഭക്ഷണം കഴിക്കാൻ വന്നിരുന്നത് ”
ദേവ : ” അല്ല അത് പിന്നെ…… എനിക്ക് അനഘയോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. ”
അനഘ : ” ഉം പറഞ്ഞോടാ ” അനഘ ഭക്ഷണം ഇറക്കുന്നതിന് ഇടയിൽ പറഞ്ഞു.
ദേവ സാൻഡ്രയെ നോക്കി അവൾ ദേവയെ ശ്രദ്ധിക്കാതെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ച് ഇരിക്കുക ആണ്. ഈ നടക്കുന്നത് ഒന്നും അവളെ ബാധിക്കുന്ന കാര്യമല്ലല്ലോ.
ദേവ : ” അത് പിന്നെ അനഘയോട് മാത്രം ആയിട്ടാണ് എനിക്ക്….. സംസാരിക്കാൻ ഉള്ളത്. ”
അത്രയും നേരം ഭക്ഷണത്തിൽ നോക്കി ഇരുന്നു കൊണ്ട് ദേവയോട് സംസാരിച്ച അനഘ പെട്ടെന്ന് ദേവയെ മുഖം തിരിച്ചു നോക്കി.
അവളുടെ നോട്ടത്തിന് ഒരു മൂർച്ച ഉണ്ടായിരുന്നു. ദേവ ഒന്ന് പതറി പോയി.
അനഘ : ” അതെന്താ ഇത്ര രഹസ്യം. എന്താണെങ്കിലും ഇവൾ കൂടി ഉള്ളപ്പോൾ പറയാമെങ്കിൽ പറഞ്ഞാ മതി. ഇല്ലെങ്കിൽ ദേവ പൊയ്ക്കോ ”
ദേവ എന്താ ചെയ്യേണ്ടേ എന്ന് ആലോചിച്ചു തല പുണ്ണാക്കി. സാന്ദ്ര ഒന്നും ശ്രദ്ധിക്കാതെ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. എന്തായാലും മുഴുവൻ സമയവും സാന്ദ്ര അനഘയുടെ കൂടെ ഉണ്ടാവും. അപ്പോൾ എപ്പോ പറഞ്ഞാലും ഇവൾ കൂടി കേട്ടുകൊണ്ട് മാത്രമേ പറയാൻ പറ്റു. എങ്കിൽ പിന്നെ ഇപ്പൊ തന്നെ പറഞ്ഞേക്കാം.
ദേവ : ” അനഘ……. ”
അനഘ : ” എന്റെ പൊന്നു ദേവാ നീ ഒന്ന് പറ എന്താണെന്നു വച്ചാൽ, ”
ദേവ : ” അനഘ….. അത്… ഐ ലവ് യൂ ”
അന്തരീക്ഷം മുഴുവൻ നിശബ്ദം ആയതു പോലെ തോന്നി. അനഘയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. അവൾ ദേവയെ മിഴിച്ചു നോക്കി. സാന്ദ്ര കഴിപ്പ് നിർത്തി ഞെട്ടി ദേവയെ നോക്കി.