പ്രാണേശ്വരി 10
Praneswari Part 10 | Author : Professor | Previous Part
ഞാൻ അവളെ തിരക്കി വരും എന്ന് അവൾക്കുറപ്പാണല്ലോ… ഞങ്ങൾ എന്നും കാണുന്ന സ്ഥലത്ത് തന്നെ നിൽപ്പുണ്ട് ആൾ. ഞാൻ സ്റ്റെപ് കയറി വരുന്നത് കണ്ടതും അവൾ പെട്ടന്ന് തന്നെ ചുണ്ട് കോട്ടിക്കൊണ്ട് മുഖം തിരിച്ചു. ആ കാട്ടായം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് പക്ഷെ ഇപ്പൊ ചിരി ആരോഗ്യത്തിനു ഹാനികരമാണെന്നുള്ള ഓർമ വന്നപ്പോൾ ആ ചിരി മനസ്സിൽ തന്നെ ഒതുക്കി….
ഞാൻ പതിയെ നടന്നു അവളുടെ അടുത്തെത്തി. ഞാൻ എത്തിയെന്ന് അവൾക്കും മനസ്സിലായി പക്ഷെ ആൾ നല്ല കലിപ്പിൽ തന്നെ നിൽക്കുകയാണ് . എന്തെങ്കിലും ചെയ്ത് ആ കലിപ്പ് മാറ്റിയില്ലെങ്കിൽ നല്ലൊരു ദിവസമായിട്ടു എല്ലാം കുളമാകും.
“ലച്ചൂസേ… ”
ഞാൻ എന്നും അവളെ അങ്ങനെ വിളിക്കുമ്പോൾ അവൾക്കൊരു സന്തോഷവും നാണവും വരുന്നതാണ് . പക്ഷെ ഇന്ന് പെണ്ണ് മുഖത്തേക്ക് നോക്കുന്നത് പോലുമില്ല
“ലച്ചൂ… അവൾ ചുമ്മാ നമ്മളെ തമ്മിൽ തല്ലിക്കാൻ പറയുന്നതാ… ഞാൻ നിന്നെയല്ലാതെ വേറെ പെണ്ണിനെ നോക്കും എന്ന് തോന്നുന്നുണ്ടോ… ”
അത് പറഞ്ഞപ്പോൾ അവൾ നോട്ടം പതിയെ എന്റെ മുഖത്തേക്കാക്കി പക്ഷെ ഇപ്പോളും ആ ദേഷ്യം അങ്ങനെ തന്നെയുണ്ട്…
“നല്ലൊരു ദിവസമായിട്ടു വെറുതെ പിണങ്ങല്ലേ…”
“നിനക്ക് എന്തും കാണിക്കാം… എനിക്ക് അതൊന്നും കണ്ടു ദേഷ്യം വരാൻ പാടില്ലേ… ”
“അതിന് ഞാൻ എന്ത് ചെയ്തു എന്നാ… ”
“ദേ… നീ ചുമ്മാ ഉരുണ്ടു കളിക്കണ്ട… ഞാൻ എല്ലാം കണ്ടതാ… ”
“എന്ത് കണ്ടൂന്ന്… ”
“അവിടെ നിന്നു വരുന്ന പെണ്ണുങ്ങളുടെ മുഴുവൻ വായിനോക്കുന്നത്… ”
“ഡീ അത് ഞാൻ പറഞ്ഞില്ലേ… നീ വരുന്നുണ്ടോ എന്ന് നോക്കി നിന്നതാ.. ”
അവൾ വിശ്വസിക്കില്ല എന്നറിയാം എന്നാലും വെറുതെ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് മാത്രം
“ഇത് വിശ്വസിക്കാൻ മാത്രം പൊട്ടിയല്ല ഞാൻ… നമ്മൾ ഇന്നലെ ഫോൺ വിളിച്ചപ്പോൾ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഞാൻ നേരത്തേ വരും… പൂക്കളത്തിന്റ ഡിസൈൻ വരക്കുന്നത് ഞാൻ ആണെന്ന്… ”
“അങ്ങനെ പറഞ്ഞിരുന്നോ… ഞാൻ ഓർക്കുന്നില്ല… ”
“ഓർക്കൂല്ല… എങ്ങനെ ഓർക്കാനാ ആ സമയത്തും വേറെ വല്ല പെണ്ണുങ്ങളെയും ചിന്തിച്ചായിരിക്കും ഇരുന്നത്”
“ലച്ചൂ… നിർത്തിക്കോട്ടോ… കുറച്ചു കൂടുന്നുണ്ട്… ”
“നിനക്ക് കാണിക്കാം ഞാൻ പറയാൻ പാടില്ല… ”
“ശരി… ഞാൻ സമ്മതിച്ചു അവന്മാർ പറഞ്ഞപ്പോ ഞാൻ വെറുതെ കൂടെ നിന്നതാ അല്ലാതെ ഞാൻ ആരെയും നോക്കിയില്ല ”
ഒരാപത്തു വന്നപ്പോ ഓടിയ തെണ്ടികൾ അല്ലെ ഇതിന്റെ ക്രെഡിറ്റ് അവന്മാർക്ക് ഇരിക്കട്ടെ