“ശെടാ ഇവൻ പോയോ …ഇങ്ങു വരട്ടെ”
അർച്ചന മെല്ലെ ഫോണുമായി അടുക്കളയിലേക്കു നടന്നു.ജോലി ചെയ്തു കൊണ്ട് തന്നെ അവൾ
നാട്ടിലുള്ള തന്റെ അമ്മായി അമ്മയെ വിളിച്ചു വിളിച്ചു.
“ഹലോ അമ്മേ ”
“അച്ചു മോളെ സുഖാണോ.കിച്ചു കുട്ടൻ എവിടെ ..?”
“താഴെ പോയി അമ്മേ .അച്ഛൻ എവിടെ എല്ലാർക്കും സുഖം അല്ലെ ”
“അച്ഛൻ ഉറങ്ങുവാ മോളെ.ഇന്നലെയും വസ്തു നോക്കാൻ ആള് വന്നരുന്നു.പക്ഷെ വില ഒത്തില്ല മോളെ.ഇവിടുള്ള രാക്ഷസി അറിയാതെ വേണ്ടേ ചെയ്യാൻ എങ്ങനേലും ഇതുവിറ്റ് പൈസ എത്തിക്കാം മോളെ ”
അവരുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ അർച്ചനയുടെ സ്വരം പതറി.
“മം ..”
“മോളെ ഇടക്ക് അമ്മയും അച്ഛനും അങ്ങോട്ട് ഇറങ്ങാമെ ”
“അയ്യോ അമ്മേ ഇത്ര ദൂരം.അച്ഛന് വയ്യാത്തതല്ലേ”
“ഏയ് അതൊന്നും സാരമില്ല.കിച്ചുവിനെയും നിന്നെയും കാണാൻ കൊതി ആവുന്നു ”
“മം ….”
അർച്ചനയുടെ കണ്ണ് നിറഞ്ഞു
“മോളെ കിച്ചു വരുമ്പോ ഒന്ന് വിളിക്കണേ .ഇതിൽ കുത്തി വിളിക്കാൻ ഒന്നും അമ്മയ്ക്കും അച്ഛനും അറിഞ്ഞൂടാ.അയലത്തെ വീട്ടിലെ ചെക്കന് ജോലി ആയി.അവനാ ഇതൊക്കെ കുത്തിയും എടുത്തും ആരെങ്കിലും വിളിച്ചു തരുന്നേ .മോള് വിളിക്കണേ മോൻ വരുമ്പോ ”
കുഞ്ഞു കുട്ടിയെ പോലെ ആ വൃദ്ധ കെഞ്ചി
അർച്ചനയ്ക്ക് തിരിച്ചു പറയാൻ വാക്കുകൾ കിട്ടിയില്ല.
“ശെരി അമ്മേ.അവൻ വരുമ്പോൾ വിളിക്കാമെ ”
“ശെരി മോളെ ”
അവരുടെ ശബ്‌ദം ഇടറുന്നത് അവൾ അറിഞ്ഞു
“ഞാൻ വെക്കുവാ അമ്മേ ”
“മം ശെരി മോളെ ”
സ്വന്തം അമ്മ പോലും അല്ല .എങ്കിലും അവരുടെ സ്നേഹം .ആ വാത്സല്യം പോലും ലഭിക്കാൻ തനിക്കു യോഗം ഇല്ല അർച്ചന സ്വയം ശപിച്ചു
[തുടരും]