ശുഭ പ്രതീക്ഷ 1
Shubhaprathiksha Part 1 | Author : kalamsakshi
നമ്മുടെ പ്രധാനമന്ത്രി രാജ്യം മൊത്തം അടച്ചിടാൻ തീരുമാനിച്ചപ്പോൾ ആകെ ഉണ്ടായിരുന്ന പാർട്ട് ടൈം ജോലിയും പോയി വരുമാനവും പോയി. ഇനിയും ഇവിടെ നിന്നാൽ റൂം വാടക പോലും കൊടുക്കാൻ കഴിയാതെ പട്ടിണി കിടക്കേണ്ടി വരും എന്ന അവസ്ഥ വന്നപ്പോൾ ആണ് നാട്ടിലേക്കു ടിക്കറ്റ് എടുത്തത്.
നാട്ടിൽ എത്തിയാൽ എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല, അച്ഛൻ എന്റെ കുഞ്ഞിലേ മരിച്ചു. അച്ഛന്റെ മരണത്തിന് ശേഷം തയ്യൽകാരിയായി വേഷമിട്ട് അമ്മ അദ്ധ്വനിച്ചാണ് എന്നെ വളർത്തിയത്. പക്ഷെ എനിക്ക് ഇപ്പോൾ ജോലിക്കൊന്നും പോകാൻ വയ്യ എന്തെങ്കിലും ബിസ്സിനെസ്സ് ചെയ്യാൻ ആണ് താല്പര്യം എന്ന് പറഞ്ഞപ്പോൾ, അമ്മ എതിർത്തില്ല എന്ന് മാത്രമല്ല. ബിസ്സിനെസ്സ് തുടങ്ങാൻ പട്ടണത്തിൽ പോയി പാർട്നേഴ്സിനെയും നിക്ഷേപരേയും കണ്ടു പിടിക്കണം എന്ന് പറഞ്ഞപ്പോൾ. പോകാൻ വേണ്ടി ചിലവും റൂമിന്റെ അഡ്വാൻസും എല്ലാം തന്നത് അമ്മയാണ്.
ഇപ്പോൾ ഒന്നും നടക്കാതെ തിരിച്ചു ചെന്ന് കേറുമ്പോൾ അമ്മ എന്ത് പറയും എന്നാണ് ഇപ്പോഴത്തെ പേടി. ഓരോന്ന് ആലോചിച്ച് ചീറിപ്പായുന്ന കെ. എസ്. ആർ. ടി. സി. ബസിൽ ഇരുന്ന് ഞാൻ ഉറങ്ങി പോയി.
“ഹലോ”
“ഹലോ കാഞ്ഞിരപ്പള്ളി എത്തി… ”
കണ്ടക്ടറുടെ വാക്കുകളാണ് എന്നെ ഉണർത്തിയത്, ബസിൽ ആള് കുറവായത് കൊണ്ടാകും ഞാൻ കാഞ്ഞിരപ്പള്ളിയാണ് ടിക്കറ്റ് എടുത്തത് എന്ന് പുള്ളി ഓർത്തത് എന്ന് തോന്നുന്നു.
ഞാൻ പതിയെ എന്റെ പെട്ടിയും കിടക്കയും എടുത്ത്, കൃത്യ സ്ഥലത്ത് വിളിച്ചെഴുന്നേൽപ്പിച്ചതിൽ ഉള്ള നന്ദിയാണോ നല്ല ഉറക്കം കളഞ്ഞതിൽ ഉള്ള വിഷമം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ചിരി കണ്ടക്ടറിന് കൊടുത്ത് ഞാൻ ബസിൽ നിന്നും ഇറങ്ങി നടന്നു.
“ഇനിയും ഉണ്ട് പത്ത് ഇരുപത് കിലോമീറ്റർ ഉണ്ട് വീട് എത്താൻ ഈ സമയത്തു ബസ് വല്ലതും ഉണ്ടാകുമോ എന്തോ? ”
ഞാൻ ബസ് കിട്ടുമെന്ന ശുഭ പ്രതീക്ഷിയിൽ അങ്ങനെ നിൽക്കുമ്പോൾ! എന്റെ ഭാഗ്യത്തിനോ അയാളുടെ ഭാഗ്യത്തിനോ എന്നറിയില്ല എന്റെ മുന്നിലേക്ക് ഞങ്ങളുടെ വീടിനടുത്തുള്ള മിനി ലോറി ഓടിക്കുന്ന സുകുണൻ അണ്ണൻ വന്നു ചാടി. പിന്നെ പുള്ളിയുടെ കത്തിയും കേട്ട് നാട് എത്തിയത് അറിഞ്ഞതേ ഇല്ല.
ഇടക്ക് പുള്ളിയും എന്നെ പോലുള്ള യുവാക്കൾ ഒട്ടും കേൾക്കാൻ ഇഷ്ടപെടാത്ത ആ ചോദ്യം ചോദിച്ചു. “പണിയൊന്നും ആയില്ലേ മോനെ” എന്ന്.
നാണമുണ്ടോ തനിക്ക്, താൻ തന്റെ കാര്യം നോക്കിയാൽ പോരെ ഇങ്ങനെ പല ഉത്തരങ്ങളും മനസ്സിൽ ഒതുക്കി “നോക്കുന്നുണ്ട്” എന്ന് മാത്രം
പറഞ്ഞു.
ഞാൻ വീട്ടിൽ എത്തുമ്പോൾ സമയം രാത്രി പത്തു മണി കഴിഞ്ഞിരുന്നു. അപ്പോഴും അമ്മ തയ്ക്കാൻ ഉപയോഗിക്കുന്ന ഷെഡിൽ ലൈറ്റ് കണാമായിരുന്നു.
കൊറോണ കാരണം നാട്ടിൽ ആർക്കും പണിയില്ല, ഈ അമ്മക്ക് മാത്രം ഈ രാത്രിയും ചെയ്യാൻ പണിയോ?