ആദി എന്നെ സംശയത്തോടെ നോക്കി .
“നിന്നെയോ…നല്ല കാര്യം ആയി…വേഗം പോയി ചോദിക്കെടാ..”
ഞാൻ അവനെ എണീപ്പിച്ചുകൊണ്ട് ചിരിച്ചു . അതോടെ തലയാട്ടികൊണ്ട് അവൻ ഉമ്മറത്തുനിന്നും ഹാളിലേക്ക് നടന്നു. പിന്നാലെ മിക്കുവും കരഞ്ഞുകൊണ്ട് ഓടുന്നുണ്ട് .
അവന്റെ പോക്കും നോക്കി ചിരിച്ചുകൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി . അച്ഛനെ നോക്കി ഒന്ന് ചിരിച്ചുകാണിച്ച ശേഷം ഞാൻ ബൈക്കിൽ കേറി..
“ചാച്ചാ ഞാനും ….”
അതോടെ കളി നിർത്തികൊണ്ട് റോസിമോള് എന്റെ അടുത്തേക്ക് ഓടിവന്നു .
“ഞാൻ പോണില്ല …എന്ന …”
അവളുടെ വരവ് കണ്ടതും ഞാൻ തലചൊറിഞ്ഞുകൊണ്ട് ബൈക്കിൽ നിന്നിറങ്ങി .
“ശൊ..”
അതുകണ്ടു പെണ്ണ് സ്വിച്ച് ഇട്ടപോലെ നിന്നു.
“അതിനെ കൂടി കൊണ്ടു പൊയ്‌ക്കോടാ..”
എല്ലാം കണ്ടുനിന്ന അച്ഛൻ ചിരിയോടെ പറഞ്ഞു .
“ആഹ്..,അപ്പൊ പിന്നെ ഇങ്ങള് ഫ്രീ ആയല്ലോ അല്ലെ ?”
ഞാൻ അതുകേട്ടു ചിരിച്ചു .
“ഫ്രീ ഒന്നുമല്ലെടാ ..എനിക്ക് ഒന്ന് രണ്ടു വഴിക്ക് പോകാൻ ഉണ്ട്..വില്ലേജിലും പഞ്ചായത്തിലും ഒക്കെ എന്റെ മോൻ പോവില്ലല്ലോ ..”
എനിക്കിട്ടൊന്നു താങ്ങിക്കൊണ്ട് പുള്ളി ഉമ്മറത്തേക്ക് കയറി .അതിന്റെ അർഥം എനിക്ക് എളുപ്പം മനസിലായി .
റേഷൻ കാർഡുമായി ബന്ധപെട്ടു എന്തോ സംഗതി ശരിയാക്കാൻ എന്നോട് സിവിൽ സപ്ലൈസ് ഓഫീസിലേക്ക് പോകാൻ പറഞ്ഞിട്ട് മൂന്നാലു ദിവസം ആയി.നാളെ , നാളെ എന്ന് പറഞ്ഞു ഞാൻ വൈകിക്കുന്നതുകൊണ്ട് ഒടുക്കം അച്ഛൻ തന്നെ പോകാമെന്നു വിചാരിച്ചുകാണും !
“അല്ല..അതുവേണെൽ ഞാൻ പോകാം അച്ഛാ …”
പുള്ളി ഉമ്മറത്തേക്ക് കയറിയതും ഞാൻ പയ്യെ പറഞ്ഞു .
“വേണ്ട ….ഇത് ഈ കൊല്ലം തന്നെ ശരിയാക്കണ്ട കാര്യം ആണ് ”
എന്നെ ഒന്നുടെ താങ്ങിക്കൊണ്ട് പുള്ളി അകത്തേക്ക് കയറി.
“മൈര്..വേണ്ടാരുന്നു ….”
പുള്ളിയുടെ മറുപടി കേട്ട് ഞാൻ പിറുപിറുത്തു . ആ സമയം കൊണ്ട് റോസിമോള് എന്റെ കയ്യിൽ വന്നു പിടിച്ചിരുന്നു .
“പോവാ ?”
എന്റെ കൈപിടിച്ച് കുലുക്കികൊണ്ട് അവള് തിരക്കി .
“എവിടേക്ക് ..നിന്റെ അമ്മേടെ വീട്ടിക്കൊ ?”
ഞാൻ പല്ലുകടിച്ചുകൊണ്ട് അവളെ എടുത്തു പൊക്കി .
“നിനക്കു ഒരു ഭാഗത്തു ഇവിടെ ഇരുന്നൂടെ പെണ്ണെ …”
അവളെ ഇരുകൈകൊണ്ടും എടുത്തുപിടിച്ചു ഞാൻ അവളുടെ കവിളിൽ പയ്യെ കടിച്ചു .
“ആഹ്..ചാച്ചാ …”