കക്ഷിക്ക് മിണ്ടാട്ടം ഒന്നുമില്ല .
“ഡീ നീ ശരിക്കും തെറ്റിയാ ?”
ഞാൻ പുറകിലേക്ക് ഒന്നുടെ പാളിനോക്കികൊണ്ട് ചിരിച്ചു .
“ഇല്ല മാൻ …നീ ആദ്യം നേരെ നോക്കി ഓടിക്ക്..”
എന്റെ കെയർലെസ്സ് ആയിട്ടുള്ള ഡ്രൈവിംഗ് കണ്ടു മഞ്ജുസ് കണ്ണുരുട്ടി .
“അതൊക്കെ ഓടിക്കാം…അതിനു മുൻപ് നിനക്ക് ഫുഡ് കഴിക്കണ്ടേ ?”
ഞാൻ ചോദിച്ചതും വണ്ടി നിർത്തിയതും ഒപ്പം ആയിരുന്നു . റോഡ് സൈഡിലുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിനു മുൻപിലാണ് ഞാൻ കാർ നിർത്തിയത് .
“ഓഹ്ഹ്.. വേണമെന്നില്ല.. ”
മഞ്ജുസ് എന്നെ ബോധിപ്പിക്കാൻ എന്നോണം ഗൗരവം അഭിനയിച്ചു .
“എന്ന നീ വണ്ടിയിലിരിക്ക്..ഞാൻ വല്ലോം കഴിച്ചിട്ട് വരാം …എനിക്ക് നല്ല വിശപ്പുണ്ട് ”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു കാറിന്റെ ഡോർ തുറന്നു . അതോടെ മഞ്ജുസ് ആകെ അക്കിടി പറ്റിയ ഭാവത്തിൽ എന്നെയൊന്നു നോക്കി .
അതുമനസിലാക്കികൊണ്ട് തന്നെ ഞാൻ അവളിരിക്കുന്ന പുറകിലെ സീറ്റിന്റെ ഭാഗത്തേക്ക് മാറി .
“പോസ് ഇടാതെ വാടി ….”
ഞാൻ അവളുടെ തുറിച്ചുള്ള നോട്ടം കണ്ടു ചിരിച്ചു . പിന്നെ അവളുടെ സൈഡിലെ ഡോർ തുറന്നു കൊടുത്തു .
അതോടെ കക്ഷി മടിച്ചിട്ടാണേലും പുറത്തേക്കിറങ്ങി .അവൾ ഇറങ്ങിയതോടെ ഞാൻ ഡോർ അടച്ചു കാർ ലോക്ക് ചെയ്തു കീ പോക്കറ്റിലിട്ടു .
“പൈസ ഉണ്ടല്ലോ അല്ലെ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“നാണമില്ലല്ലോ ?”
എന്റെ ചോദ്യം കേട്ട് മഞ്ജുസ് ചിരിച്ചു .
“സത്യായിട്ടും എന്റല് ഒന്നും ഇല്ലെടി …ഞാൻ പേഴ്‌സ് എടുത്തിട്ടില്ല ”
ഞാൻ മഞ്ജുസിനെ നോക്കി കൈമലർത്തി .
“ഇങ്ങനെ സ്വയം കൊച്ചാവുന്നത് എന്തിനാ കവി ?”
എന്റെ സ്വഭാവം അറിയാവുന്ന പോലെ മഞ്ജുസ് എന്റെ കയ്യിൽ നുള്ളി .പിന്നെ ഹോട്ടലിന്റെ നേരെ നടന്നു . കയ്യിൽ ഒന്ന് തടവിക്കൊണ്ട് ഞാനും അവൾക്ക് പിന്നാലെ നടന്നു .
ഹോട്ടലിനുള്ളിൽ കേറി ഞങ്ങൾ രണ്ടുപേരും ഒഴിഞ്ഞ ഒരു മൂലയിലിരുന്നു . അത്യാവശ്യം തിരക്കൊക്കെ ഉണ്ട് . വെയ്റ്റർ വന്നതോടെ ഞങ്ങള് ഓരോ മസാലദോശ പറഞ്ഞു . പിന്നെ മഞ്ജുസിനു ഒരു മസാല ടീയും !
അയാൾ തലയാട്ടികൊണ്ട് പിൻവാങ്ങിയതോടെ ഞങ്ങള് വീണ്ടും സംസാരിച്ചു തുടങ്ങി .
“ഛെ…ഒരെണ്ണം പാഴ്‌സൽ പറയാരുന്നു..അഞ്ജുന്റെ കാര്യം ഓർത്തില്ല ”