ഞാൻ അവളെ നോക്കി കൈമലർത്തി , പിന്നെ കാർ വേഗം വിട്ടു .മഞ്ജുസ് അതിനു മറുപടി ഒന്നും പറയാതെ എന്നെ ഒന്ന് നോക്കി .
“അത് എന്നെ കാണാൻ ഒന്നുമല്ല…ഉണ്ണികളേ കാണാനാ ”
മഞ്ജുസ് അവളുടെ കുശുമ്പ് കാണിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“ഹി ഹി ..സ്വന്തം പിള്ളേരോട് വരെ കുശുമ്പ് ആണല്ലോ മിസ്സെ”
ഞാൻ അവളെ നോക്കി ചിരിച്ചു .
“ആഹ്..അതെ …എന്നെയിപ്പോ ആർക്കും വേണ്ടണ്ടായി …പാവം ഞാൻ ”
മഞ്ജുസ് സ്വയം പറഞ്ഞു ചിരിച്ചു .
“നിനക്കു ഞാൻ ഇല്ലേ ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
“മതിയെടാ പതപ്പിച്ചത്…നേരെ നോക്കി ഓടിക്ക്”
എന്റെ ടീസിംഗ് കേട്ട് മഞ്ജുസ് ചിരിച്ചു . അതോടെ ഞാനും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കാർ വേഗം വിട്ടു . അധികം വൈകാതെ തന്നെ ഞങ്ങൾ വീട്ടിലെത്തി .
അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു . ആദിയെയും കൊണ്ട് പുറത്തെങ്ങോ പോയിരിക്കുവായിരുന്നു . ഉമ്മറത്ത് അഞ്ജുവും അവളോടൊപ്പം റോസ്‌മോളും ഇരിപ്പുണ്ട് . അടുത്തടുത്ത് കിടന്ന കസേരകളിൽ ആണ് രണ്ടളുടെയും ഇരുത്തം .
റോസിമോള് നല്ല വായാടി ആണ് . അഞ്ജുവിന്റേയും മഞ്ജുവിന്റെയും വയറ്റില് കുഞ്ഞുവാവ ഉണ്ടെന്നൊക്കെ അറിഞ്ഞതിൽ പിന്നെ അത് എങ്ങനെ ഉണ്ടായി എന്നൊക്കെ ആണ് അവളുടെ സംശയം !
ഒരു അയഞ്ഞ ടി-ഷർട്ടും ഹാഫ് പാവാടയും ആണ് അഞ്ജുവിന്റെ വേഷം . റോസിമോള് ആണെങ്കിൽ മിക്കി മൗസിന്റെ ചിത്രമുള്ള ഫുൾ സ്ലീവ് ഉള്ള ടി-ഷർട്ടും , നിറയെ പുള്ളികൾ ഉള്ള പാന്റും ആണ് വേഷം . പഴയ ബേബി ശാലിനിയുടെ പോലത്തെ ഹെയർ കട്ടിങ് ആണ് അവൾക്ക് !
ഞങ്ങളെ കണ്ടതോടെ കസേരയിൽ നിന്നും താഴേക്ക് വലിഞ്ഞിറങ്ങി .
“ഹായ്..മ..ഞ്ജു ….”
കാറിൽ നിന്നിറങ്ങിയ മഞ്ജുസിനെ നോക്കി റോസിമോള് കൈവീശി കാണിച്ചു . സംസാരിച്ചു തുടങ്ങിയ ശേഷം പെണ്ണ് അമ്മയെ “മഞ്ജു ” എന്നാണ് വിളിക്കുന്നത് . മഞ്ജുസ് തന്നെ പഠിപ്പിച്ചു കൊടുത്തതാണ് !
“ഹായ് ….”
മഞ്ജുസ് തിരിച്ചും കൈവീശികൊണ്ട് ചിരിച്ചു . പിന്നെ വേഗം ഉമ്മറത്തേക്ക് കയറി .പിന്നാലെ ഞാനും.
“ചാച്ചാ …”
ഞാൻ ഉമ്മറത്തേക്ക് കയറിയതും പെണ്ണ് ഇരുകയ്യും വിടർത്തികൊണ്ട് എന്റെ നേരെ വന്നു .
“എടി പൊന്നൂ നീ വല്യ കുട്ടിയായി ..ഇനി ചാച്ചന് എടുക്കാൻ ഒന്നും പറ്റില്ലാട്ടോ ”
ഞാൻ അവളെ എടുത്തുയർത്തികൊണ്ട് തന്നെ ചിരിച്ചു . പിന്നെ അവളുടെ കവിളിൽ പയ്യെ മുത്തി .
അഞ്ജു അതൊക്കെ ശ്രദ്ധിച്ചുകൊണ്ട് മൊബൈലും നോക്കി ഇരിപ്പുണ്ട് .
“ഡീ പൊന്നുസേ നീ പാല് കുടിച്ചോ ?”