ഓഫീസ് ബിൽഡിങ്ങിന്റെ മുൻപിൽ ഒരു സെക്യൂരിറ്റി ഉണ്ട് . സ്വല്പം പ്രായമുള്ള ആളാണ് . കല്യാണസുന്ദരം എന്നാണ് കക്ഷിയുടെ പേര്. ഞങ്ങള് “സുന്ദരണ്ണൻ” എന്നാണ് അങ്ങേരെ വിളിക്കുന്നത് .
ചില്ലു വാതിലുകൾ നിറഞ്ഞ എൻട്രൻസിന് മുൻപിൽ നിന്ന പുള്ളി ഞങ്ങളെ കണ്ടതും ഒന്ന് ചിരിച്ചുകൊണ്ട് സലാം വെച്ചു .
ഞാൻ തിരിച്ചും കൈ ഉയർത്തി അഭിവാദ്യം ചെയ്തു ഒന്ന് ചിരിച്ചു .
” പോലീശ് മാമാ …”
പോലീസുകാരുടേതിന് സമാനമായ യൂണിഫോം ആണ് സെക്യൂരിറ്റി സുന്ദരം അണ്ണന് . അതുകൊണ്ട് പൊന്നൂസ് അങ്ങേരെ പോലീസ് മാമൻ എന്നാണ് വിളിക്കുന്നത് . അങ്ങേരെ ഉറക്കെ വിളിച്ചുകൊണ്ട് റോസ്‌മോളും കൈവീശി .
അയാളും അതിനു പുഞ്ചിരിയോടെ കൈവീശി .
“എപ്പടി ഇറുക്ക് സുന്ദരണ്ണാ..സുഖം അല്ലെ ?”
അങ്ങേരുടെ അടുത്തേക്ക് നടന്നെത്തിയതും ഞാൻ പുഞ്ചിരിയോടെ തിരക്കി .
“നല്ല ഇറുക്ക് സാർ …?”
തമിഴന്മാർക്ക് നമ്മളെ ഒകെ നല്ല ബഹുമാനം ആണ് . എന്നെ എത്ര സാർ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞാലും പുള്ളിയുടെ നാവില് അതെ വരൂ ..
“ഹ്മ്മ് ..എല്ലാരും ഉള്ളിൽ ഇല്ലേ ?”
ജഗത്തിന്റെയും ശ്യാമിന്റെയും കിഷോറിന്റെയുമൊക്കെ കാര്യം ഓർമിപ്പിച്ചുകൊണ്ട് ഞാൻ തിരക്കി .
“ഇറുക്ക് സാർ ..ഉള്ളെ പൊങ്കെ..”
അത്രയും പറഞ്ഞുകൊണ്ട് പുള്ളിക്കാരൻ വാതിൽ ഞങ്ങൾക്കായി തുറന്നു പിടിച്ചു . ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് റോസ്‌മോളുടെയും കൈപിടിച്ച് ഉള്ളിലേക്ക് കയറി .
എന്നെനോക്കി ആരേലും ഗുഡ്മോർണിംഗ് സാർ എന്നൊക്കെ വിഷ് ചെയ്യുന്നത് ചളിപ്പ് ആയതുകൊണ്ട് അമ്മാതിരി പരിപാടി ഒന്നും ഓഫീസിൽ വേണ്ടെന്നു ഞാൻ എല്ലാരോടും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കണ്ടാൽ എല്ലാവരും ഒന്ന് ചിരിച്ചുകാണിച്ചുകൊണ്ട് ഒന്ന് കൈ ഉയർത്തും..
ഞങ്ങളെ കണ്ടതോടെ എല്ലാവരും ഒന്ന് ഗൗനിച്ചു..ഞാൻ തിരിച്ചും . അവർക്കിടയിലൂടെ ഞാനും റോസ്‌മോളും മുൻപോട്ട് നടന്നു ..
“മൂത്തി അങ്കിൽ …”
അക്കൗണ്ടന്റ് മൂർത്തി അണ്ണനെ കണ്ടതും പെണ്ണ് ഉറക്കെ വിളിച്ചു കൂവി . അതുകേട്ടു അവിടെ ജോലി ചെയ്യുന്ന മറ്റു ജീവനക്കാരും ഒന്ന് ചിരിച്ചു .
സാധാരണ വളരെ സൈലന്റ് ആയി കാര്യങ്ങൾ നീങ്ങുന്ന ഓഫീസിൽ റോസീമോൾ വന്നാൽ പിന്നെ ഒച്ചയും ബഹളവും ഒക്കെ ആണ് .
“അങ്കില് എന്താ ചെയ്യുന്നേ …”
“ഇതെന്താ ..”
“ഈ ടി.വി ലു കാട്ടൂൺ ഇല്ലേ ”
“ആന്റി ചായ കുച്ചോ..”
എന്നൊക്കെ തുടങ്ങി എല്ലാവരെയും പോയി ശല്യം ചെയ്യും .കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുന്നവരുടെ അടുത്തു പോയിട്ട് വെറുതെ കീ ബോർഡിൽ ഒകെ ഞെക്കി അവരുടെ ക്ഷമ പരീക്ഷിക്കും . നമ്മുടെ പ്രോഡക്ട് ആയോണ്ട് ആരും ഒന്നും പറയില്ല. സ്വതവേ ഗൗരവക്കാരായ ചിലരുടെ അടുത്ത് മാത്രം അവള് പോവില്ല. അവരൊക്കെ ആള് പാവം ആണെങ്കിലും മുഖത്തൊരു വില്ലൻ ലുക്ക് ഉള്ളോണ്ട് അവൾക്ക് പേടിയാണ് .
ചില ആളുകൾ ജോലി ചെയ്യുന്നതൊക്കെ അവള് കൗതുകത്തോടെ പോയി നോക്കി നിൽക്കാറും ഉണ്ട് .
റോസ്‌മോളുടെ ശബ്ദം കേട്ട് മൂർത്തി അണ്ണനും ഞങ്ങളെ ഒന്ന് എത്തിനോക്കി .
“ആഹ്….ഗുഡ് മോർണിംഗ് പൊന്നു …”
പുള്ളി അവളെ കണ്ടതോടെ എഴുനേറ്റു നിന്ന് ചിരിച്ചു .
പണ്ട് അവള് വിളിച്ചിട്ട് നോക്കിയില്ലെന്നോ , വിഷ് ചെയ്തിട്ട് മിണ്ടിയില്ലെന്നോ എന്നൊക്കെ പറഞ്ഞു മൂർത്തി സാറുമായി വഴക്കിട്ടതാണ് .അതിനു ശേഷം പിന്നെ മൂർത്തി അണ്ണൻ റോസ്‌മോളുമായി നല്ല കൂട്ടാണ്.