“നിന്നെ എന്റെ കയ്യിൽ കിട്ടും…” പത്രോസ് ഒരു വെല്ലുവിളി പോലെ പറഞ്ഞു.
ആ സമയം സിന്ധു പത്രോസിനെ നോക്കി നാവ് പുറത്തേക്കിട്ട് കൊഞ്ഞനം കുത്തി. പത്രോസ് അകത്തെ കയറിയപ്പോൾ അവൾ അന്നമ്മയുടെ അടുത്തേക്ക് കയറി.
“അമ്മെ ഏട്ടൻ പോയോ..” അടുക്കളയിലേക്ക് തലനീട്ടി സിന്ധു ചോദിച്ചു.
“ആഹ്.. ഇവിടെ കാണാനില്ല..”
“മ്മ്..” അവൾ കള്ളച്ചിരിയോടെ അകത്തേക്ക് കയറി.
“അമ്മേ.. ട്രെയിനിങ് ഒരാഴച്ച വീണ്ടും നീട്ടി… ഇപ്പൊ ഹെഡ് കോർട്ടേഴ്‌സിൽ നിന്നും കോൾ വന്നു..” റാക്കിൽ ചാരി നിന്ന് കൊണ്ട് സിന്ധു പറഞ്ഞു.
“എന്ന ഇനി പോകുന്നെൻ മുന്നേ രണ്ടുപേരും നിന്റെ വീട്ടിൽ രണ്ടു ദിവസം നിന്നിട്ട് പോരെ..”
“അതൊന്നും വേണ്ട… ” സിന്ധു ചൊടിച്ചു
“അങ്ങനെ പറഞ്ഞാൽ പറ്റില്ല… അതൊക്കെ ചില ചടങ്ങുകളാണ്… നിങ്ങൾ പോയില്ലേൽ നാട്ടുകാർ എന്നെയ പഴി പറയുന്നേ…”
“നാട്ടുകാരെ നോക്കി ജീവിക്കാൻ പറ്റോ..”
“അതൊന്നും പറഞ്ഞിട്ട് കാര്യല്ല്യ… ചിലകാര്യത്തിന് നാട്ടുകാർ തന്നെ വേണം..”
“മ്മ്..”
സിന്ധുവിൻ സ്വന്തം വീട്ടിൽ പോകാൻ താല്പര്യമില്ലെൻകിലും അമ്മയെ മുഷിപ്പിക്കണ്ട എന്നുകരുതി തർക്കിക്കാൻ നിന്നില്ല..
അന്നേ ദിവസം ഉച്ച തിരിഞ്ഞ് അന്നമ്മയും സിന്ധുവും ചുമ്മാ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ, ചന്തപ്പുര ചന്തയിലെ പലചരക്ക് കട നടത്തുന്ന മൊയ്തു ഹാജിയുടെ മകൻ വീട്ടിലേക്ക് കയറി വന്നു.
“പത്രോസന്റെ വീടല്ലേ ..?” കയറിവന്ന സൈത് ചോദിച്ചു.
“അതെ…ആരാ…?” അന്നമ്മ ചോദിച്ചു.
“ഞാൻ ചന്തയിൽ കട നടത്തുന്ന മൊയ്തു ഹാജിയുടെ മോനാണ് സൈത്… പത്രോസച്ചായൻ ഇല്ലേ..?”
“ഹോ… പത്രോസ് പുറത്ത് പോയതാണല്ലോ… എന്താ കാര്യം..?”
“ഉപ്പ ഇച്ചായനോട് കടയിലേക്കൊന്ന് വരാൻ പറഞ്ഞു… വന്നാൽ ഒന്ന് പറയണേ…”
“ആ പറയാം… എന്താ കാര്യം..?”
“അറിയില്ല… ഉപ്പ വരൻ പറഞ്ഞതാ…”
എന്നും പറഞ്ഞ് സൈത് പോയി. എന്തിനാണ് മൊയ്തു ഹാജി പത്രോസിനെ അന്വേഷിച്ചതെന്ന് ആലോചിച്ച് അന്നമ്മയും സിന്ധുവും ശങ്കിച്ച് നിന്നു.
വൈകുന്നേരമാണ് പത്രോസ് വീട്ടിലെത്തിയത്. എത്തിയ ഉടനെ അന്നമ്മ മൊയ്തു ഹാജി ആളെ വിട്ട് വിളിപ്പിച്ച് കാര്യം പത്രോസിനോട് പറഞ്ഞു.
“ആഹ്.. ഞാൻ വഴിയിൽ വെച്ച് ഹാജിയെ കണ്ടിരുന്നമ്മെ..” അന്നമ്മ കാര്യം പറഞ്ഞപ്പോൾ പത്രോസ് പറഞ്ഞു.
“എന്തിനാ വിളിപ്പിച്ചെ..?”
“അത് അയാളുടെ പലചരക്ക് കടയിലേക്ക് ജോലിക്ക് വരാൻ വേണ്ടി പറയാൻ… നാളെ മുതൽ ചെല്ലാൻ പറഞ്ഞിരിക്കുന്നു..”
അത് കേട്ടപ്പോൾ അന്നമ്മക്കും സിന്ധുവിനും എന്തൊന്നില്ലാത്ത സന്തോഷം തോന്നി. അന്നമ്മ വാത്സല്യത്തോടെ മകന്റെ മുഖത്ത് തലോടി. സിന്ധു ആനന്ദത്തോടെ അവന്റെ കവിളിലൊരു ഉമ്മ വെച്ചു.