വേഷമൊക്കെ മാറി മുടിയൊക്കെ ചീകി മേക്കപ്പും ഇട്ടു അവളെ ഒരുക്കിയ ശേഷമാണ് ഞാൻ കുളിക്കാൻ വേണ്ടി പോയത് . കുളിയൊക്കെ കഴിഞ്ഞു ഞങ്ങൾ രണ്ടും കൂടി ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴാണ് ശ്യാമും കിഷോറും ഓഫീസിലേക്ക് ഇറങ്ങിയത് .
പെണ്ണിന് ടാറ്റ കാണിച്ചുകൊണ്ട് അവന്മാര് ഇറങ്ങി . അവള് തിരിച്ചും ടാറ്റ നൽകി എന്റെ മടിയിൽ ഞെളിഞ്ഞിരുന്നു .പിള്ളേരെ ഒറ്റക് ഫുഡ് കഴിപ്പിക്കാൻ ഒകെ ഈയിടെയായി മഞ്ജുസ് ശീലിപ്പിച്ചിട്ടുണ്ടെലും എന്റെ കൂടെ കൂടിയാൽ റോസ്‌മോൾക്ക് ഞാൻ വാരിക്കൊടുക്കണം .അങ്ങനെ ഒരുവിധം അവളെ ഊട്ടി , ഞാനും ഉള്ളതൊക്കെ കഴിച്ചു തീർത്തു ഓഫീസിലേക്കിറങ്ങി .
ഓഫീസിൽ കാര്യങ്ങളൊക്കെ പതിവുപോലെ തന്നെ . റോസ്‌മോള് ചില എംപ്ലോയിയെസിനെ ശല്യം ചെയ്തു തുടങ്ങിയതോടെ അവളെ എന്റെ ക്യാബിനിൽ അടച്ചുപൂട്ടി ലോക്ക് ചെയ്തിട്ടു . ജോലിക്കാരുടെ ക്യാബിനിൽ പോയി സംസാരവും കളിയും ഒകെ ആയപ്പോൾ ശ്യാം ആണ് പെണ്ണിനെ പിടിച്ചുകൊണ്ടുവന്ന് എന്റെ ക്യാബിനിൽ ആക്കിയത് . വീണ്ടും അവന്റെ പിന്നാലെ ഓടാൻ നോക്കിയെങ്കിലും ഞാൻ റോസ്‌മോളെ ബലമായി പിടിച്ചുവച്ചു ..
“ഇതിന്റെ ഉള്ളില് കളിച്ച മതി …അല്ലെങ്കിൽ ഞാൻ ഒന്നങ്ങട് തരും ”
ടേബിളിനു പുറത്തേക്ക് അവളെ കയറ്റി ഇരുത്തികൊണ്ട് ഞാൻ കണ്ണുരുട്ടി..പിന്നെ എന്റെ ചെയറിലേക്കിരുന്നു .
“ഇവിടെ ശുകം ഇല്ല ചാച്ചാ …”
അവള് അതിനു ചിണുങ്ങിക്കൊണ്ട് മറുപടി പറഞ്ഞു .
“ഉള്ള ചുകം ഒക്കെ മതി …നിനക്കു മഞ്ജു തന്നെയാ നല്ലത് ..”
പെണ്ണിന്റെ വികൃതി ഓർത്തു ഞാൻ പിറുപിറുത്തു . എന്റെ ദേഷ്യം കണ്ടെന്നോണം റോസ്‌മോള് ഒന്നും മിണ്ടിയില്ല..മേശപ്പുറത്തു ഇരുന്ന ഒരു ഗ്ലോബ് അവള് ചുമ്മാ കറക്കി എന്നെ ഇടംകണ്ണിട്ടു നോക്കി ..
“പോടീ ..കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും ”
അവളുടെ നോട്ടം കണ്ടു ഞാൻ പിന്നെയും ദേഷ്യം അഭിനയിച്ചു .
ആ സമയത്തു മേശപ്പുറത്തിരുന്ന ഓഫീസ് ഫോണും റിങ് ചെയ്തു . റോസ്‌മോൾ ഇരിക്കുന്ന ഭാഗത്തായാണ് ഫോൺ വെച്ചിരുന്നത് . അതുകൊണ്ട് റിങ് ശബ്ദം വന്നതും അവള് വേഗം റിസീവർ എടുത്തുപിടിച്ചു..
“ഡീ..അതിങ്ങു താ …ആരാന്നു നോക്കട്ടെ ”
ഞാൻ അവളെ നോക്കി ശബ്ദം താഴ്ത്തി .
“വേന്റ..നാൻ നോക്കാം ”
അവള് എന്നോടുള്ള പരിഭവം കാരണം സ്വല്പം ദേഷ്യത്തോടെ ആണ് പറഞ്ഞത് .പിന്നെ മുഖം വെട്ടിച്ചുകൊണ്ട് ഫോൺ ചെവിയിലേക്ക് പിടിച്ചു .
“ഹലൊ .”
അവള് ഫോണിലൂടെ ഉറക്കെ ചോദിച്ചു .ഞാൻ അത് ചെറിയ ചിരിയോടെ നോക്കി ഇരുന്നു .
“ഇവിടെ ആരും ഇല്യ…പിന്നെ വിലിച്ചോ ..”
റോസ്‌മോള് ഗൗരവത്തോടെ പറഞ്ഞുകൊണ്ട് റിസീവർ തിരികെ വെച്ചുകൊണ്ട് എന്നെ തുറിച്ചുനോക്കി . പിണങ്ങിയാൽ പിന്നെ അവൾക്ക് എന്നോട് ഭയങ്കര ദേഷ്യമാണ് ..വെറുതെ ഇടിക്കുവേം കുത്തുവേം ഒക്കെ ചെയ്യും..
“പൊന്നൂസ് പിണങ്ങിയാ ?”
അവളുടെ ഭാവം കണ്ടു ഞാൻ ഒന്ന് ചിരിച്ചു . പിന്നെ മുന്നോട്ടാഞ്ഞു കൈ എത്തിച്ചുകൊണ്ട് അവളെ മേശപ്പുറത്തു നിന്നും എന്റെ മടിയിലേക്ക് ഇറക്കിവെച്ചു .