അത്താഴം കഴിക്കാനുള്ള വ്യഗ്രതയിൽ മുറിവിൽ ചുറ്റിയ തുണി വേസ്റ്റ് ബാസ്കറ്റിൽ ഇട്ട് അനന്തു മുറി വെളിയിൽ നിന്നും പൂട്ടി പുറത്തേക്കിറങ്ങി.
നേരെ ഹാൾ ലക്ഷ്യമാക്കി നീങ്ങി. ഈ സമയം വേസ്റ്റ് ബാസ്കറ്റിൽ കിടന്നിരുന്ന തുണിയിൽ ഉണങ്ങി പിടിച്ചിരുന്ന രക്തക്കറ സാവധാനം മാഞ്ഞു പോയി. അത് പഴയ സ്ഥിതിയിലേക്ക് മാറി.
ഈ സമയം അനന്തു സാവധാനം നടന്നു അകത്തളത്തിലേക്ക് എത്തി.അവിടെ ഉണ്ടായിരുന്ന ബലരാമൻ അവനെയുംകൊണ്ട് ഭക്ഷണം കഴിക്കുന്ന തളത്തിലേക്ക് പോയി.
അവിടെ ഉണ്ടായിരുന്ന വലിയ ഡൈനിങ് ടേബിളിൽ ബലരാമൻ അനന്തുവിനെ ഇരുത്തി.മുത്തശ്ശി അവനു സമീപം വന്നിരുന്നു.
എല്ലാവരെയും കണ്ടതും അനന്തു പുഞ്ചിരിച്ചു കാണിച്ചു. അവിടെയുള്ള അമ്മാവന്മാരുടെ മക്കളുമായി പതിയെ സൗഹൃദം തുടങ്ങണമെന്ന് അവൻ നിശ്ചയിച്ചു.
അനന്തുവിനെ കണ്ട് ശിവജിത്തിന്റെ മുഖം കറുത്തെങ്കിലും പുറത്തു കാണിക്കാതെ ഇരുന്നു. മീനാക്ഷി അവനെ ആരാധനയോടെ നോക്കിയിരുന്നു.
അവന്റെ ഭ്രമിപ്പിക്കുന്ന സൗന്ദര്യവും തേജസ്സും അവളെ വല്ലാത്തൊരു ഉന്മാദാവസ്ഥയിൽ എത്തിച്ചു. ആൺപ്രജകൾ എല്ലാം ഇരുന്നതും മാലതി അടക്കമുള്ള സ്ത്രീ ജനങ്ങൾ പാത്രം വയ്ക്കാനും ഭക്ഷണം വിളമ്പുന്നതിലും കർമ്മനിരതരായി മാറി.
ടേബിളിൽ നിറയെ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങൾ കണ്ട് അനന്തുവിന് അത്ഭുതം തോന്നി. ആദ്യമായിട്ടായിരുന്നു അത്രയും വിഭവങ്ങൾ ഒരുമിച്ചു അവൻ കാണുന്നത് തന്നെ.
മുത്തശ്ശനും മുത്തശ്ശിയും മറ്റുള്ളവരും അനന്തുവിനെ ഊട്ടിക്കുന്നതിൽ മത്സരിച്ചു. അനന്തുവിന്റെ അമ്മാവൻ വിജയൻ മാറിയിരുന്നു ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. മുത്തശ്ശനും മുത്തശ്ശിയും അനന്തുവിനു ഓരോ ഉരുള വീതം നൽകി.
“എന്റെ ദേവൻ ഇങ്ങനായിരുന്നു. എന്റെ കയ്യിൽ നിന്നു ഉരുള വാങ്ങി കഴിച്ചേ ബാക്കി കഴിക്കൂ ”
മുത്തശ്ശി അവന്റെ കയ്യിൽ മുറുകെ പിടിച്ചു. പ്രായാധിക്യം കൊണ്ട് അവരുടെ കൈകൾ ചെറുതായി വിറ കൊള്ളുന്നതായി അവനു തോന്നി.
“അതിനെന്താ മുത്തശ്ശി എപ്പോഴും എനിക്ക് ഉരുള തന്നോളൂട്ടോ ”
അനന്തു മുത്തശിയുടെ തോളിലൂടെ കയ്യിട്ടു. മുത്തശ്ശി അവന്റെ കവിളിൽ വാത്സല്യപ്പൂർവം തലോടി. ഇതൊക്കെ കണ്ട് രോഷം പൂണ്ട ശിവജിത്ത് ഭക്ഷണം മതിയാക്കി എണീറ്റുപോയി. മുത്തശ്ശന് അത് അരോചകമായി തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല
ഭക്ഷണത്തിനു ശേഷം ക്ഷീണത്തോടെ അനന്തു മറ്റ് അമ്മാവന്മാർക്കൊപ്പം അകത്തളത്തിൽ ഇരുന്നു സംസാരിച്ചുകൊണ്ടിരുന്നു. മുത്തശ്ശനും അവർക്കൊപ്പം കൂടി.