“ഞങ്ങൾ പോട്ടെ ഏട്ടാ ”
രേവതിയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.
“പൊക്കോളൂ രേവതി… കുളം കാണിച്ചു തന്നതിന് താങ്ക്സ് ”
അനന്തു അവരെ നോക്കി ചിരിച്ചു. അമൃതയുടെ കയ്യും പിടിച്ചു രേവതി കളിക്കാനായി പോയി. അനന്തു കുളത്തിലെ വെള്ളത്തിൽ കാലിട്ടടിച്ചുകൊണ്ട് ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു.
വല്ലാത്ത ഒരു ഒറ്റ പെടൽ പോലെ അവനു തോന്നി. ആകെ നല്ല രീതിയിൽ പെരുമാറുന്നത് മുത്തശ്ശനും മുത്തശ്ശിയും ബലരാമൻ അമ്മാവനും സീത അമ്മായിയും ആണ്.
അമ്മയെയും ശിവയേയും കൂട്ടി എല്ലായിടത്തും ഒന്ന് കറങ്ങാൻ പോകണമെന്ന് അനന്തു നിശ്ചയിച്ചു. അപ്പോൾ ആ ഒരു വിരസത മാറുമെന്ന് അവൻ കണക്ക് കൂട്ടി. അതിനു മുൻപ് ഈ നാട് മൊത്തം ഒറ്റക്ക് കാണാൻ അവനു കൊതിയായി.
കുറച്ചു നേരം കല്പടവുകളിൽ ഇരുന്ന് മടുത്ത അനന്തു പതിയെ എണീറ്റു തറവാട്ടിലേക്ക് വച്ചു പിടിപ്പിച്ചു. അമ്പലത്തിൽ പോയവർ ഇതുവരെ തിരിച്ചു വരാൻ ആയിട്ടില്ലെന്ന് അവനു തോന്നി.
പതിയെ അകത്തളത്തിലേക്ക് കേറിയ അവൻ ഉള്ളിലേക്ക് നടന്നു വന്നപ്പോൾ നടു മുറ്റത്തിന് സമീപം ഇരുന്ന് സീത അമ്മായി അമ്മയ്ക്ക് മുടി ചീകി കൊടുക്കുന്നത് അനന്തു കണ്ടു.
അമ്മയും അമ്മായിയും വിശേഷങ്ങൾ പറഞ്ഞു ഇടക്ക് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. അനന്തു പതിയെ നടന്നു മാലതിയുടെ മടിയിൽ തല വച്ചു കിടന്നു. മാലതി പതിയെ അവന്റെ മുടിയിഴകളിലൂടെ വിരൽ കൊണ്ട് കോതിയൊതുക്കി.
“അനന്തൂട്ടാ വീടൊക്കെ കണ്ടു തീർത്തോ? ”
“കണ്ടു അമ്മായി ഞാൻ കുളം കൂടി കണ്ടിട്ട് വരുന്ന വരവാ”
“അയ്യോ എന്തിനാ മോനെ ഒറ്റക്ക് പോയെ അവിടെ മൊത്തം വഴുക്കലല്ലേ ? ”
സീത പരിഭ്രമിച്ചുകൊണ്ട് അവനോടു ചോദിച്ചു.
“ഏയ് ഞാൻ സൂക്ഷിച്ചായിരുന്നു അമ്മായി. എനിക്ക് നീന്തൽ അറിയാം ”
അനന്തു അമ്മായിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“അതൊന്നും വേണ്ട.. ഇത് പുതിയ സ്ഥലമല്ലേ .. എല്ലാം ഒന്ന് പരിചയമായിട്ട് കുളത്തിലൊക്കെ ഇറങ്ങിയാൽ മതിട്ടോ. ”
“ശരി അമ്മായി ഞാൻ ഇനി നോക്കിക്കോളാം ”
അനന്തു അവരെ നോക്കി പുഞ്ചിരിച്ചു. മാലതി ഇതൊക്കെ കേട്ടുകൊണ്ട് ഉള്ളിൽ ചിരിയോടെ അവന്റെ മുടികൾ കോതിയൊതുക്കിക്കൊണ്ടിരുന്നു.
“സീതേട്ടത്തി ജിത്തൂന്റെ വിവാഹം ഉടനെ ഉണ്ടോ ? ”
മാലതി സീതയോടു ചോദിച്ചു.
“ഉണ്ട് മാലതി. ഒരു കുട്ടിയുമായി പറഞ്ഞുറപ്പിച്ചിരിക്കുവാ.. അവനു പരിചയമുള്ള കുട്ടിയാ.. ഇവിടത്തെ എം എൽ എ യുടെ മകളും കൂടിയാ.. ഞങ്ങൾക്ക് എല്ലാർക്കും ഇഷ്ട്ടമായി. ”
സീത കാച്ചെണ്ണ കയ്യിലെടുത്തു മാലതിയുടെ മുടിയിൽ പതുക്കെ തേച്ചു പിടിപ്പിച്ചു.
“ആണോ എന്താ സീതേട്ടത്തി കുട്ടിയുടെ പേര് ”