“സ്വാതി കൃഷ്ണ ”
“ആഹാ നല്ല പേരാണല്ലോ.. ”
“അതെ മാലതി. നല്ല സുന്ദരിക്കുട്ടിയാ.. ജിത്തൂന് നല്ലോണം ചേരും. അതുകൊണ്ട് എല്ലാരും കൂടി അങ്ങ് ഉറപ്പിച്ചു വച്ചു. ‘
“അപ്പൊ എപ്പോഴാ കല്യാണം സീതേട്ടത്തി.? ”
സീത മുടിയിൽ എണ്ണ ഇട്ടു തരുന്നതിന്റെ സുഖത്തിൽ മാലതി പെട്ടെന്നു ചോദിച്ചു.
“മിക്കവാറും ഭൂമി പൂജയ്ക്ക് ശേഷം ആയിരിക്കും ”
എന്തോ ഓർത്ത പോലെ സീത പെട്ടെന്നു നിശ്ചലയായി. പിന്നെ പതിയെ തന്റെ ജോലി തുടർന്നു.
“എന്നോട് ബാലരാമേട്ടൻ പറഞ്ഞിരുന്നു എല്ലാം. ഇത്തവണ ജിത്തു ആണല്ലേ അത് ? ”
മാലതി സീതയെ പാളി നോക്കി. സീത അതേയെന്ന മട്ടിൽ തലയാട്ടി. എന്തോ ഒരു തരം നിസ്സംഗത ഭാവം അവളെ വേട്ടയാടിക്കൊണ്ടിരുന്നു.
എന്നാൽ മാലതിയ്ക്ക് അത് വേഗം മനസ്സിലായി. സീത എന്തോ പറയാൻ തുനിഞ്ഞതും മാലതി അനന്തു ഇവിടുണ്ടെന്ന അർത്ഥത്തിൽ സീതയെ ചൂണ്ടി കാണിച്ചു. പൊടുന്നനെ സീത ഒന്ന് അടങ്ങി.
അനന്തുവിന് ഇതൊക്കെ കേട്ടിട്ടും ഒന്നും മനസ്സിലായില്ല.അവൻ രാവിലെ ആനയെ ചുറ്റിപറ്റി നിന്ന കാര്യങ്ങൾ ഓർക്കുവായിരുന്നു.
“അമ്മേ ഞാൻ രാവിലെ ആനയുടെ പാപ്പാൻമാരുമായി സംസാരിക്കുവായിരുന്നു. അപ്പൊ ഒരു സംഭവം ഉണ്ടായി. ”
“എന്താ അത് ? ”
മാലതി മുഖം ചുളിച്ചു അവനെ നോക്കി. അനന്തു പറയുന്നത് കേൾക്കാൻ സീതയും തന്റെ കാതുകൾ കൂർപ്പിച്ചു വച്ചു.
“അതോ ആ ചേട്ടന്മാരുമായി സംസാരിക്കുമ്പോ അവർ എന്നെ കുഞ്ഞമ്പ്രാ എന്ന് വിളിച്ചു. എന്താ അതിന്റെ അർത്ഥം? ”
മാലതിയും സീതയും പരസ്പരം നോക്കി. സീത പതിയെ ഒന്ന് ചിരിച്ചിട്ട് അനന്തുവിനെ നോക്കി.
“അനന്തൂട്ടാ നീ ഒരു സാധാരണക്കാരൻ അല്ല ഇപ്പൊ. പഴയ അനന്തുവും ഇപ്പോഴുള്ള അനന്തുവും തമ്മിൽ നല്ല മാറ്റമുണ്ട്. അതായത് തേവക്കാട്ട് ശങ്കരന്റെയും കാർത്യായനിയുടെയും പേരക്കുട്ടി ആണ് നീ. സർവ്വോപരി തേവക്കാട്ട് കുടുംബത്തിലെ അംഗവും ആണ് . ഈ ദേശം എന്ന ഗ്രാമത്തിന്റെ കിരീടം വയ്ക്കാത്ത രാജാവ് ആണ് നിന്റെ മുത്തശ്ശൻ. അപ്പൊ ഈ നാട്ടിലെ ജനങ്ങൾക്ക് നിന്റെ മുത്തശ്ശനോടുള്ള ആദരവും ബഹുമാനവും ഭക്തിയും ആണ് നീ കാണുന്നത്. അപ്പൊ അതിൽ ബഹുമാനം നമുക്ക് എല്ലാവർക്കും കിട്ടും. പക്ഷെ മുത്തശ്ശന് കിട്ടുന്ന പോലെ ആദരവും ഭക്തിയും കിട്ടണമെങ്കിൽ നീയും മുത്തശ്ശനെ പോലെ മിടുക്കൻ ആവണം.കഴിഞ്ഞ രണ്ടു തലമുറകളിലായി നിന്റെ മുത്തശ്ശനും ദേവൻ അമ്മാവനും മാത്രമേ ആ സൗഭാഗ്യം കിട്ടിയിട്ടുള്ളൂ. ഈ തലമുറയിൽ അത് ചിലപ്പോൾ എന്റെ അനന്തൂട്ടനാവും.. ”