സീതയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഊർജം സൃഷ്ട്ടിക്കാൻ സാധിക്കുന്നതായി അനന്തുവിന് തോന്നി.എങ്കിലും അവന് ഒരു സംശയം ഉടലെടുത്തു.
“ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ നമ്മൾ ഉയർന്ന ജാതിയിൽ പെട്ടവരായതുകൊണ്ടാണോ നമുക്ക് ഇത്രയും ആസ്തിയും ബഹുമാനവും ഒക്കെ? ”
“അല്ല അനന്തു നമ്മളും മറ്റുള്ളവരെ പോലെ ഇടത്തരം ജാതിയിൽ പെട്ടവർ തന്നെയാ. പക്ഷെ നമ്മുടെ കുടുംബത്തിന്റെ പൂർവികർ ഈ നാടിന്റെ ജന്മികൾ ആയിരുന്നു എന്ന് മാത്രം. ഇപ്പൊ മനസ്സിലായോ ? ”
മാലതി അവനെ നോക്കി
“മനസ്സിലായി അമ്മേ ”
അനന്തുവിന് തന്റെ മനസ്സിലെ പ്രഹേളിക പരിഹരിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു.
പൊടുന്നനെ വീടിന്റെ മുറ്റത്തു കാർ വന്നു നിർത്തുന്നതിന്റെ ശബ്ദം കേട്ട് അനന്തു മാലതിയുടെ മടിയിൽ നിന്നും ചാടിയെണീറ്റു. നേരെ പൂമുഖം ലക്ഷ്യമാക്കി നീങ്ങി.
മാലതിയുടെ മുടി തലയുടെ ഉച്ചിയിൽ കെട്ടി വരിഞ്ഞു വച്ചു സീത അവളുടെ മുഖം പിടിച്ചു നേരെ നിർത്തി. രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഉറ്റു നോക്കി.
“മാലതി അനന്തുവിനു ഒന്നും അറിഞ്ഞൂടല്ലേ? ”
“ഇല്ല സീതേട്ടത്തി ”
മാലതി വിഷാദത്തോടെ മുഖം താഴ്ത്തി.
“പറയാൻ തോന്നിയില്ല പക്ഷെ ഈ വരവ് വളരെ അവിചാരിതമായിപ്പോയി. ”
മാലതി പിറുപിറുത്തു.
“അതാവും ദൈവ വിധി.ആ ഒരു കർമ്മത്തിനു എന്റെ മകൻ ജിത്തു ആണ് യോഗ്യൻ എന്നാ ഞങ്ങൾ എല്ലാവരും വിചാരിച്ചിരുന്നേ.. എന്നാൽ അനന്തുവിനെ കണ്ട ശേഷം എന്റെ ആ ചിന്തകൾ മാറി. അതിനു ഏറ്റവും യോഗ്യൻ നമ്മുടെ അനന്തു തന്നെയാണെന്ന് എനിക്ക് ഇപ്പൊ തോന്നുന്നു. ജിത്തു ഉറപ്പായും അവിടെ പരാജയപ്പെടും. അത് അവനു അപകടമാണ്. എന്നാൽ അനന്തുവിന് ജയിക്കാൻ സാധിക്കും. അനന്തുവിന് മാത്രം. അതാണ് അവനെ ഈ നാടും ഈ മണ്ണും ഇവിടുത്തെ ദേവിയും കൃത്യ സമയത്ത് തന്നെ ഇങ്ങോട്ടേക്കു എത്തിച്ചത്. ”
സീത കൈ നെഞ്ചിൽ വച്ചു കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാർത്ഥിച്ചു.
അനന്തു നേരെ പൂമുഖത്തേക്ക് എത്തിച്ചേർന്നു. കാറിൽ നിന്നു ഇറങ്ങുന്ന ശിവയേയും മുത്തശ്ശനെയും മുത്തശ്ശിയേയും കണ്ട് അവനു സന്തോഷമായി.
ഇത്രയും നേരം കൊണ്ട് ശിവയെ വല്ലാതെ മിസ്സ് ചെയ്ത പോലെ അവനു തോന്നി. ശിവ ഒരു പട്ടു പാവാടയും ബ്ലൗസും ആണ് അണിഞ്ഞിരുന്നത്. അഴിച്ചിട്ട കേശവും നെറ്റിയിൽ ചാലിച്ച ചന്ദനവും വാലിട്ടെഴുതിയ കണ്ണുകളുമായി കയ്യിൽ അമ്പലത്തിലെ പ്രസാദവും പിടിച്ചു പടി കയറി വരുന്ന അവളെ കണ്ട അനന്തുവിന് ഒരു നിമിഷം അമ്പലത്തിൽ നിന്നും ഇറങ്ങി വന്ന ദേവി ആണെന്ന് തോന്നിപോയി.
ശിവയുടെ കയ്യിൽ പിടിച്ചു മുത്തശ്ശി പതുക്കെ പൂമുഖത്തേക്ക് കയറി വന്നു. അനന്തുവിന്റെ അടുത്ത് എത്തിയതും ശിവ അവന്റെ വയറിനു ഒരു കുത്തു വച്ചു കൊടുത്തു.
“ആാാഹ്”