ജമീല വേഗം ഉള്ളിലേക്ക് ഓടിപോയി. അനന്തു വെറുതെ മുറ്റത്ത് നിന്നു ചാറ്റുപാടും ഒന്ന് വീക്ഷിച്ചു. മുത്തശ്ശന്റെ വരവ് കണ്ട് ഓരോ വീടുകളിലെ പെൺപ്രജകൾ എത്തി നോക്കുന്നത് അനന്തു കണ്ടു.
ആണുങ്ങൾ ഒക്കെ എന്തെങ്കിലും ജോലിക്ക് പോയി കാണുമെന്നു അവൻ കണക്ക് കൂട്ടി.ഓടിട്ടതും ചുടുകട്ട കൊണ്ട് നിർമ്മിച്ചതുമായ ഇത്തരം വീടുകൾ ആവാം ഇവിടുത്തെ മുഖ മുദ്ര എന്ന് അവന് തോന്നി.
എങ്കിലും പലയിടത്തും വരുന്ന വരവിൽ ഓല കൊണ്ട് മേഞ്ഞ വീടുകൾ കാണാൻ കഴിഞ്ഞത് അവനെ അത്ഭുതപെടുത്തി. ഒരു ദിവസം അത്തരം ഒരു വീട്ടിൽ പോകണമെന്ന് അവനു ആഗ്രഹം തോന്നി.
ഇതുപോലെ സാധാരണക്കാരനായിരുന്ന തനിക്ക് രണ്ടു മൂന്ന് ദിവസങ്ങൾക്കൊണ്ട് വന്ന മാറ്റം ഇപ്പോഴും വിശ്വസിക്കാൻ ആകുന്നുണ്ടായിരുന്നില്ല. മനസ് ഇപ്പോഴും അതിനു പാകപ്പെട്ടിട്ടില്ല.
”
അങ്ങുന്നേ… ”
വീടിന്റെ ഉള്ളിൽ നിന്നും പൊക്കം കുറഞ്ഞ ഒരാൾ വെള്ള മുണ്ടും ഉടുത്തു ഇറങ്ങി വന്നു. അതാകാം ബഷീർ എന്ന് അവനു തോന്നി. പിന്നാലെ തന്നെ തന്റെ അഴിഞ്ഞു പോയ തട്ടം ഒന്നുകൂടി ശരിയായി അണിഞ്ഞുകൊണ്ട് ജമീല പൂമുഖത്തേക്ക് വന്നു.
”
ബഷീറേ സുഖമാണോ നിനക്ക്? ”
”
അതേ അങ്ങുന്നേ സുഖം “ബഷീർ വിനീത വിധേയനായി നിന്നു.
”
ബഷീറേ ഇതെന്റെ മാലതിയുടെ മകനാ… അവനു എന്റെ ദേവന്റെ വണ്ടി അങ്ങ് കൊടുത്തേക്ക് ”
മുത്തശ്ശൻ ആജ്ഞയുടെ സ്വരത്തിൽ പറഞ്ഞു.
ബഷീർ അനന്തുവിനെ നോക്കി ചിരിച്ചുകൊണ്ട് വേഗം ഉള്ളിലേക്ക് പോയി. കയ്യിലൊരു ചാവിയുമായി പെട്ടെന്നു തന്നെ തിരിച്ചിറങ്ങി.
അനന്തുവിനെ നോക്കികൊണ്ട് വീടിന്റെ പിന്നാമ്പുറത്തേക്ക് ബഷീർ നടന്നു. അനന്തു അയാൾക്ക് പിന്നാലെ നടന്നു. വീടിന്റെ പുറകിൽ പ്ലാസ്റ്റിക് ഷെഡിനു കീഴിൽ കൂട്ടിയിട്ടിരിക്കുന്ന സാധങ്ങൾക്ക് ഇടയിൽ ഒരുത്തൻ പഴഞ്ചനായ പ്ലാസ്റ്റിക്കിനുള്ളിൽ ചരിഞ്ഞു കിടന്നു വിശ്രമിക്കുന്നത് അനന്തു കണ്ടു.
അവൻ കൗതുകത്തോടെ ബഷീറിന്റെ ഒപ്പം വന്നു നിന്നു. ബഷീർ അനന്തുവിനെ ഒന്ന് നോക്കിക്കൊണ്ട് പ്ലാസ്റ്റിക് കൈകൊണ്ട് പതുക്കെ വലിച്ചു മാറ്റി.
അപ്പോൾ അവന്റെ കണ്മുന്നിൽ ഒരു കറുത്ത റോയൽ എൻഫീൽഡ് അനാവൃതമായി. അവൻ പതുക്കെ അതിന്റെ ഹാന്ഡിലിൽ കൈ വച്ചു.
ആ വണ്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ അനന്തുവിന് വല്ലാത്തൊരു ഇഷ്ട്ടം തോന്നിപോയി. ഈ വണ്ടിയുമായി മുൻപ് എപ്പോഴോ ഒരു ബന്ധമുണ്ടായ പോലെ അവനു തോന്നി.
നഷ്ട്ടപെട്ടു പോയ വിലപ്പെട്ട നിധി തിരിച്ചു കിട്ടിയ അനുഭവം ആയിരുന്നു അനന്തുവിന്. ആ വണ്ടിയോടു യാതൊരു വിധ അപരിചിതത്വവും അവന് തോന്നിയില്ല.