“അതും ഞാൻ തന്നെ ശരിയാക്കിക്കോളാം ”
“താൻ തന്നെ ശരിയാക്കണം. തന്റെ ഉത്തരവാദിത്തമാ… നിങ്ങൾ അല്ലെ എന്നെ വന്നു ഇടിച്ചത്… എന്റെ എല്ലാ ചിലവും തന്നില്ലെങ്കിൽ ഞാൻ കേസ് കൊടുക്കും.പറഞ്ഞില്ലാന്നു വേണ്ട ”
അരുണിമ അനന്തുവിനെ ഭീഷണിപ്പെടുത്തി.
“ഞാൻ കൊടുത്തോളം അരുണിമ കേസ് ഒന്നും കൊടുക്കണ്ട ”
അനന്തുവിന്റെ മറുപടി കേട്ടതും അരുണിമ ഉള്ളിൽ ഊറി ചിരിച്ചു. വേദനയുള്ള കൈ അവൾ മടിയിൽ താങ്ങ് പോലെ വച്ചു. റൂമിൽ നിന്നു ഇറങ്ങിയ ഡോക്ടറും കയ്യിൽ എന്തൊക്കെയോ പിടിച്ചു നഴ്സും പുറത്തേക്കിറങ്ങി.
ഡോക്ടർ വന്നു അവളുടെ വിരലിൽ തൊട്ട് നോക്കിയപ്പോൾ അരുണിമ വേദന കാരണം ചുണ്ടുകൾ കടിച്ചു പിടിച്ചു. കണ്ണുകൾ ചിമ്മിക്കൊണ്ടിരുന്നു.അനന്തുവിന് അതു കണ്ടതും വല്ലാത്തൊരു സങ്കടം മനസ്സിൽ ഉടലെടുത്തു.
അരുണിമ വേദനിക്കുന്നത് കാണാൻ അവനു ത്രാണിയില്ലാത്ത പോലെ തോന്നി. അനന്തു അവിടെ ഒരു വിധത്തിൽ പിടിച്ചു നിന്നു. ഡോക്ടർ അവളുടെ വിരൽ ഇമ്മൊബിലൈസർ ഉപയോഗിച്ചു ഘടിപ്പിച്ചു വച്ചു.
വേദന കാരണം അരുണിമയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു. അവൾ അതു പതുക്കെ തുടച്ചു വച്ചു. ഇനിയും അവളെ നോക്കി നിന്നാൽ ഞാൻ ചിലപ്പോ അവളെ പ്രേമിച്ചു പോകുമെന്ന പേടി കൊണ്ടു അനന്തു പുറത്തേക്ക് ഇറങ്ങി നിന്നു.
പെട്ടെന്നു അവന്റെ ഫോൺ ശബ്ദിച്ചു. അവൻ ഫോൺ എടുത്തു കാതോരം ചേർത്തു.
“അനന്തൂട്ടാ ഞാൻ ഹോസ്പിറ്റലിന് പുറത്തുണ്ട്.”
ബലരാമന്റെ ശബ്ദം കേട്ടതും അവനു അല്പം ആശ്വാസം തോന്നി.
“അമ്മാവാ ഞാൻ അങ്ങോട്ടേക്ക് വരാം.”
അനന്തു ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു. ബലരാമൻ ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നു വരുന്നത് അവൻ കണ്ടു. അനന്തുവിനെ കണ്ടതും ബലരാമൻ വെപ്രാളത്തോടെ ഓടി വന്നു.
“അനന്തൂട്ടാ നീ ok അല്ലെ?കുഴപ്പം ഒന്നുമില്ലല്ലോ?”
അനന്തു അവനെ ചേർത്തു പിടിച്ചുകൊണ്ടു ചോദിച്ചു. അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും അവന്റെ മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചു.
“എനിക്ക് കുഴപ്പമില്ല അമ്മാവാ ”
“അതേതായാലും നന്നായി മോനെ… ആ കുട്ടിക്ക് എങ്ങനുണ്ട്? ”
പരിഭ്രമത്തോടെ ബലരാമൻ ചോദിച്ചു.
“വിരലിനു ഫ്രാക്ചർ ഉണ്ട്. വേറെ കുഴപ്പം ഒന്നുമില്ല.
“ഹാവൂ അതു നന്നായി വേറൊന്നും പറ്റിയില്ലല്ലോ സമാധാനം. എവിടാ ഉള്ളേ ആ കുട്ടി? ”
“കൺസൾട്ടിങ് റൂമിലുണ്ട്. ”
“എന്നാൽ ഞാൻ ഒന്നു കാണട്ടെ ”
അനന്തുവിനെ ഒന്നു നോക്കി ബലരാമൻ ഡോക്ടറുടെ റൂമിലേക്ക് നടന്നു.അനന്തു ബലരാമന്റെ പിന്നാലെ നടന്നു. റൂമിന്റെ ഡോർ തുറന്നു ബലരാമൻ ഉള്ളിലേക്ക് കയറി.
ബലരാമനെ കണ്ടതും ഡോക്ടർ ബഹുമാനത്തോടെ ചെയറിൽ നിന്നും ചാടിയെണീറ്റു. ഡോക്ടറിനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം ബലരാമൻ ബെഡിൽ ഇരിക്കുന്ന അരുണിമയെ പാളി നോക്കി.
അരുണിമ മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ ചെവിക്ക് പിറകിലേക്ക് കോതിയൊതുക്കി ബലരാമനെ നോക്കി.