മാലതി ഒന്ന് പറഞ്ഞു നിർത്തി. എന്നിട്ട് പതുക്കെ ദീർഘ നിശ്വാസം വിട്ടു.
“എന്നിട്ടോ”
അനന്തു മാലതിയെ ബാക്കി അറിയാനുള്ള വ്യഗ്രതയിൽ നോക്കി. ശിവ ആകാംക്ഷയോടെ ബാക്കി ഭാഗം കേൾക്കാൻ കാത് കൂർപ്പിച്ചു.
“ഉത്സവത്തിന് തലേന്ന് ഗ്രാമത്തിനു പുറത്തുള്ള റോഡിൽ വച്ചു ദേവേട്ടന് ആക്‌സിഡന്റ് ആയി എന്ന് കേട്ട് പരിഭ്രമത്തോടെ ഞങ്ങൾ ഓടി ചെന്നു.അവിടെ ചെന്നപ്പോൾ കണ്ടത് റോഡ് സൈഡിൽ ദേഹത്തൊക്കെ ചോരപ്പാടുകൾ ഉണങ്ങി പിടിച്ചു ഷർട്ട് ഒക്കെ കീറി പറിഞ്ഞു മുറിവുകൾ കൊണ്ടു വികൃതമായ മുഖവുമായി എന്റെ ദേവേട്ടന്റെ ശ്വാസം നിലച്ച ശരീരമാണ്. രാത്രി പോകുമ്പോൾ ഏതോ മരം കയറ്റി വന്ന ലോറി ഇടിച്ചിട്ടതാണെത്രെ… ആരും കണ്ടില്ല.. വെളുപ്പിന് പണിക്ക് പോയ ആരൊക്കെയോ ആണ് കണ്ടത്. പാവം എന്റെ ഏട്ടൻ .
മാലതിയുടെ കണ്ണിൽ നിന്നും കണ്ണു നീർ ധാരയായി ഒഴുകി. അതു കവിളിലൂടെ ഒലിച്ചിറങ്ങി താടിയിൽ നിന്നും ഞെട്ടറ്റു വീണു മടിയിൽ ഉള്ള അനന്തുവിന്റെ കവിളിൽ ചെന്നു പതിച്ചു.
ആ അശ്രു കണം അവനെ ചുട്ടു പൊള്ളിച്ചു. അനന്തു പൊടുന്നനെ എണീറ്റു മാലതിയെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. മാലതിയുടെ കണ്ണുകൾ അനന്തു പതിയെ അമർത്തി തുടച്ചു.
മാലതി അനന്തുവിന്റെ നെഞ്ചിലേക്ക് പതിയെ ചാരിയിരുന്നു. അനന്തു അമ്മയുടെ നെറുകയിൽ പതിയെ തഴുകി. ശിവ വിഷാദത്തോടെ ഭിത്തിയിലേക്ക് ചാരിയിരുന്നു.
“മാതു ഇനി വിഷമിക്കല്ലെട്ടോ എനിക്കും സങ്കടമാവുന്നു ”
അനന്തു ദുഖത്തോടെ പറഞ്ഞു അതു കേട്ടതും മാലതി ഞെട്ടലോടെ അനന്തുവിൽ നിന്നും വിട്ടു മാറി. അവളുടെ കണ്ണുകൾ വിടർന്നു. കണ്ണുകൾ ചിമ്മിക്കൊണ്ട് മിടിക്കുന്ന ഹൃദയത്തോടെ മാലതി അനന്തുവിന്റെ കണ്ണിലേക്കു ഉറ്റു നോക്കി.
“നീ എന്താ എന്നെ വിളിച്ചത്? ”
മാലതിയുടെ ശബ്ദത്തിലെ ഇടർച്ച അനന്തുവിന് മനസ്സിലായി.
“ഞാൻ എന്താ അമ്മേ വിളിച്ചേ? ”
അനന്തു ഒന്നും മനസ്സിലാകാതെ മാലതിയെ നോക്കി.
“നീ എന്നെ മാതു എന്ന് വിളിച്ചില്ലേ ? ”
മാലതി ആശ്ചര്യത്തോടെ അനന്തുവിനോട് ചോദിച്ചു.
“ഞാനോ? ”
“അതേ നീ വിളിച്ചില്ലേ മോനെ… സത്യം പറ എന്നെ നീ അങ്ങനെ വിളിച്ചില്ലേ ? ”
മാലതി അനന്തുവിന്റെ തോളിൽ പിടിച്ചു കുലുക്കി.
അനന്തു ഗത്യന്തരമില്ലാതെ ആണെന്ന് തലയാട്ടി. എന്നാൽ അമ്മയെ അങ്ങനെ വിളിച്ചത് അവന്റെ ബോധമണ്ഡലത്തിലേ ഉണ്ടായിരുന്നില്ല.
“എന്റെ ദേവേട്ടൻ എന്നെ അങ്ങനാ വിളിച്ചിരുന്നേ മാതു എന്ന്. പെട്ടെന്നു അതു കേട്ടപ്പോൾ എന്റെ ഏട്ടൻ എന്നെ ചേർത്തു പിടിച്ചു വിളിച്ച പോലെ തോന്നി.”
ദുഃഖം കടിച്ചമർത്തി മാലതി ഇരുന്നു. അനിയന്ത്രിതമായ രീതിയിൽ മാലതിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അനന്തുവും ശിവയും അമ്മയെ കഷ്ട്ടപെട്ടു സമാധാനിപ്പിച്ചു.
അൽപ നേരം കൊണ്ടു സംയമനം വീണ്ടെടുത്ത മാലതി കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് എണീറ്റു നേരെ അടുക്കളയിലേക്ക് പോയി. അനന്തുവും ശിവയും മുഖത്തോട് മുഖം നോക്കിയിരുന്നു കുറച്ചു നേരം.