“ഏട്ടാ എന്തോ മൈൻഡ് ആകെ ഡിസ്റ്റർബ് ആയ പോലെ.. നമുക്ക് എങ്ങോട്ടേലും പോയാലോ? ”
“പോകാം ശിവ വാ ”
അനന്തു എണീറ്റു നിന്നു അവൾക്ക് നേരെ കൈ നീട്ടി. ശിവ അവന്റെ കയ്യിൽ ബലമായി പിടിച്ചു എണീറ്റു. രണ്ടു പേരും നടന്നു ബുള്ളറ്റിനു സമീപം എത്തി.
ബലരാമന്റെ കാറിൽ ഉള്ള എണ്ണ എടുത്തു അനന്തു ബുള്ളെറ്റിലേക്ക് ഒഴിച്ചു. എണ്ണ ഒഴിച്ച് കഴിഞ്ഞ ശേഷം അനന്തു ബുള്ളറ്റിൽ അമർന്നിരുന്ന് ചാവി ഇട്ടു സ്റ്റാർട്ട് ചെയ്തു.
ആക്‌സിലേറ്റർ തിരിച്ചു അവനെ ഒന്ന് ഉഷാറാക്കി. ശിവ അവനു പുറകിൽ കയറിയിരുന്നു. മുറ്റത്തും തൊടിയിലുമൊക്കെയായി പണിയെടുക്കുന്ന ജോലിക്കാർ ബുള്ളറ്റിന്റെ ആർത്ത നാദം കേട്ട് ഒന്ന് എത്തി നോക്കിയ ശേഷം വീണ്ടും അവരുടെ ജോലികളിൽ വ്യാപൃതരായി.
അനന്തു ബുള്ളറ്റ് കറക്കിയെടുത്തു നേരെ മുന്നോട്ടേക്ക് എടുത്തു. പടിപ്പുര കഴിഞ്ഞതും റോഡിലേക്ക് ഇറക്കി എതിർ ഭാഗത്തേക്ക് കുതിച്ചു.
ചെറിയൊരു കയറ്റം കേറി എത്തിയതും അവർ എത്തിയത് ഒരു നിരപ്പായിട്ടുള്ള പ്രദേശത്താണ്. അവിടെ റോഡിനു ഇരുവശവുമായി ഒരുപാട് കുഞ്ഞു വീടുകൾ അവർക്ക് കാണാൻ കഴിഞ്ഞു.
വഴിക്കാഴ്ചകൾ കണ്ട് ബുള്ളറ്റ് ഓടിക്കവേ റോഡ് സൈഡിൽ ഒരു സ്ത്രീ തന്റെ കുഞ്ഞിനേയും ഒക്കത്തിരുത്തി വേറെ ഒരു സ്ത്രീയോട് സൊറ പറഞ്ഞിരിക്കുന്നത് അനന്തു കണ്ടു. അവൻ വേഗം അവർക്ക് സമീപം ബുള്ളറ്റ് കൊണ്ടു വന്നു പതുക്കെ നിർത്തി.
“ചേച്ചി ഇവിടെ കാണാൻ നല്ല ഭംഗിയുള്ള ഏത് സ്ഥലമാ ഉള്ളത് ? ”
അവൻ പ്രതീക്ഷയോടെ അവരെ മാറി മാറി നോക്കി.
“മോനെ നേരെ കുറച്ചു പോയാൽ രണ്ടു വഴി കാണും. അതിൽ പടിഞ്ഞാറ് ഭാഗത്തേക്ക് പോയാൽ ഒരു മൊട്ട കുന്ന് കാണാം. അവിടെ ചെറിയൊരു പതി ഒക്കെ ഉള്ളതാ . അതിനു മുൻപിൽ ഉള്ള ആൽമര ചുവട്ടിൽ ഇരുന്നാൽ കാണാൻ നല്ല രസമാ… ഇപ്പൊ പോയാൽ സൂര്യൻ അസ്തമിക്കുന്നതു കാണാം.”
കുഞ്ഞിനെ ഒക്കത്തു വച്ചിരിക്കുന്ന സ്ത്രീ അവരോടായി പറഞ്ഞു.
“ആയ്ക്കോട്ടെ വല്യ ഉപകാരം. ”
അനന്തു ഗിയർ മാറ്റി ബുള്ളറ്റ് നേരെ വച്ചു പിടിപ്പിച്ചു. ഗ്രാമം ആണെങ്കിലും റോഡ് കുറച്ചു ശോച്യാവസ്ഥയിൽ ആണെന്ന് അനന്തുവിന് തോന്നി.
തറവാട്ടിൽ നിന്നും പട്ടണം വരെയുള്ള റോഡ് മാത്രം നന്നായി മിനുക്കിയിരുന്നു. ഒരുപക്ഷെ നല്ല വില കൂടിയ കാറുള്ളത് കൊണ്ടാവും അങ്ങനെ ചെയ്തതെന്ന് അവനു തോന്നി.
കുറേ ദൂരം മുന്നോട്ടേക്ക് പോയപ്പോൾ വഴി രണ്ടായി പിരിഞ്ഞത് അവൻ കണ്ടു. വെയിലിന് ആക്കം ഉള്ളതിനാൽ റോഡിൽ തണലുള്ള ഭാഗം നോക്കിയാണ് അനന്തു വണ്ടി ഓടിച്ചിരുന്നത്.
പടിഞ്ഞാറ് ഭാഗത്തേക്കുള്ള വഴിയിലൂടെ അവൻ വണ്ടി ഓടിച്ചു. ഒരുപാട് വളവുകളും തിരിവും കയറ്റവും അവനെ അല്പം ബുദ്ധിമുട്ടിച്ചു.
അവൻ പട്ടണത്തിൽ ആയിരുന്നപ്പോൾ ഹൈവേ റോഡിലൂടെ ഓടിച്ചുള്ള മികവ് ഇവിടെ പോരാ എന്ന് അനന്തുവിന് തോന്നി. എങ്കിലും സൂക്ഷ്മതയോടെ അവൻ വണ്ടി ഓടിച്ചു.
“ഡാ എത്താനായോ ? ”