ഇരുവരെയും കാണാത്തതിനാൽ സീത വഴി കണ്ണുമായി അവരെ കാത്തിരിക്കുവായിരുന്നു.
ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ സീതയിൽ ആശ്വാസത്തിന്റ വെളിച്ചം കത്തി. ബുള്ളറ്റിൽ നിന്നു ഇറങ്ങിയതും ശിവ സീതയുടെ അടുത്തേക്ക് ഓടി അവളുടെ കയ്യിൽ പിടിച്ചു കവിളിൽ മുത്തം നൽകി. സീത അവളെ ചേർത്തു പിടിച്ചു.
“എവിടെ പോയതാ ചേട്ടനും അനിയത്തിയും കൂടി ? ”
സീത പരിഭവത്തോടെ ചോദിച്ചു.
“ഞങ്ങൾ സൂര്യാസ്തമയം കാണാൻ പോയതാ”
ശിവ ഉത്സാഹത്തോടെ പറഞ്ഞു.
“ഏത് ആ മൊട്ടക്കുന്നിലോ ? ”
“അതു തന്നെ ”
“ആരാ പറഞ്ഞേ അങ്ങോട്ട് പോയാൽ മതിയെന്ന് ? ”
സീത ശിവയുടെ മുടിയിൽ പതിയെ തഴുകി.
“വഴിയിൽ കണ്ട ഒരു ചേച്ചി പറഞ്ഞതാ”
അനന്തു അതിനു ഉത്തരം നൽകി.
“ആഹാ എങ്കിൽ വേഗം രണ്ടാളും കൂടി അകത്തേക്ക് വാ ചായ കുടിക്കാം ”
സീത അവരെ നോക്കി പറഞ്ഞ ശേഷം തിരിഞ്ഞു നേരെ അടുക്കളയിലേക്ക് നടന്നു. അനന്തുവും ശിവയും അമ്മായിയുടെ പുറകെ നടന്നു.
അടുക്കളയിലെത്തിയ അവർക്ക് ആവി പറക്കുന്ന ചായ കപ്പ് നീട്ടികൊണ്ട് ഷൈല അമ്മായി അവരെ നോക്കി ചിരിച്ചു. ശിവ കപ്പും വാങ്ങി സീതയുടെ പുറകെ എങ്ങോട്ടോ പോയി.
അനന്തു ചായ കപ്പ് കയ്യിൽ വാങ്ങി അതു കുടിച്ചു നോക്കി. ആ ചായ അവനു ഒരുപാട് ഇഷ്ട്ടമായി.
“അമ്മായി ആണോ ഈ ചായ ആക്കിയേ? ”
“അതേ അനന്തു എന്തെ ഇഷ്ട്ടായില്ലേ? ”
ഷൈല പരിഭ്രമത്തോടെ അവനെ നോക്കി.
“അയ്യോ വേറൊന്നുംകൊണ്ടല്ല നല്ല ചായ ആണ്. എനിക്ക് ഇഷ്ട്ടമായി.”
അതു കേട്ടതും ഷൈലയുടെ ഉള്ളിലുള്ള പരിഭ്രമം അവളെ വിട്ടകന്നു.
“അമ്മായി അഞ്ജലിയ്ക്ക് ചായ കൊടുത്തായിരുന്നോ ? ”
അനന്തു ശങ്കയോടെ ചോദിച്ചു.
“ഇല്ല അനന്തു ഞാൻ കൊടുക്കാൻ പോകുവാ”
“എങ്കിൽ എന്റെ കയ്യിൽ തരുമോ ഞാൻ അവൾക്ക് കൊടുത്തോട്ടെ ? ”
പ്രതീക്ഷയോടെയുള്ള അനന്തുവിന്റെ ചോദ്യം കേട്ടതും ഷൈലക്ക് ഒരുപാട് സന്തോഷം തോന്നി.
“അതിനെന്താ അനന്തു”
ഉത്സാഹത്തോടെ ഒരു കപ്പ് ചായ കൂടി ഷൈല അനന്തുവിന്റെ കയ്യിൽ കൊടുത്തു.
ഷൈലയെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അനന്തു നടു മുറ്റത്തേക്ക് നടന്നു. അവിടുന്ന് നേരെ അഞ്ജലിയുടെ മുറിയ്ക്ക് സമീപം എത്തി.
മുറിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നതിനാൽ അനന്തു അഞ്‌ജലി എന്ന് വിളിച്ചുകൊണ്ടു മുറിയിലേക്ക് കയറി ചെന്നു.