എനിക്ക് ഒരുപാട് ഇഷ്ട്ടമായിട്ടോ ”
അനന്തു അത്ഭുതത്തോടെ അഞ്‌ജലി വരച്ച തന്റെ ചായാ ചിത്രത്തിലേക്ക് കണ്ണുകൾ നട്ടിരുന്നു.
“സത്യമാണോ ഒരുപാട് ഇഷ്ട്ടായോ? ”
അഞ്‌ജലി വിശ്വാസം വരാതെ അവനെ നോക്കി.
“സത്യം അഞ്‌ജലി. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. എന്നെയും ഇങ്ങനെ വരയ്ക്കാൻ പഠിപ്പിക്കുമോ? ”
“ഞാൻ പഠിപ്പിക്കാം നന്ദുവേട്ടാ ”
“ആഹാ സന്തോഷം. ”
അനന്തു അഞ്ജലിയെ നോക്കി പുഞ്ചിരിച്ചു. അഞ്‌ജലി അനന്തുവിന്റെ നീല കണ്ണുകളും ചിരിയും ഒക്കെ നോക്കിയിരിക്കുകയായിരുന്നു. അവൾക്ക് അവന്റെ ചിരിയും സംസാരവും വല്ലാത്തൊരു ഊർജം നൽകുന്നതായി തോന്നി.
അനന്തു യാദൃശ്ചികമായി അടുത്ത താള് കൂടി മറിച്ചു. ആ താളിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം കണ്ടതും അനന്തു സ്തബ്ധനായി.
ആ ചിത്രത്തിലൂടെ അനന്തുവിന്റെ കണ്ണുകൾ ഓടി നടന്നു.മനസ്സിനുള്ളിലേക്ക് വല്ലാത്തൊരു ദുഃഖം നുരഞ്ഞു പൊന്തുന്നപോലെ അവനു തോന്നി.ഒരു ദീർഘ നിശ്വാസം വിട്ടു ചിത്രത്തിൽ നിന്നും കണ്ണുകൾ പറിച്ചെടുത്തു അഞ്ജലിയെ അവൻ ഉറ്റു നോക്കി.
“ഇന്ന് വെളുപ്പിനെ കണ്ട സ്വപ്നമാ.. ഒരാൾ ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്ന രംഗം. പഞ്ഞികെട്ടുകൾ പോലുള്ള മേഘങ്ങൾക്കിടയിൽ ആയിരുന്നു അവരുടെ വിവാഹം. എന്റെ മുന്നിൽ തടസ്സം സൃഷ്ട്ടിച്ച കോട മഞ്ഞിനെ വകഞ്ഞു മാറ്റി ഞാൻ അവർക്ക് സമീപം പതിയെ നടന്നെത്തി.അപ്പൊ അയാൾ താലി കയ്യിൽ എടുത്തു ആ പെൺകുട്ടിയുടെ കഴുത്തിൽ കെട്ടുകയായിരുന്നു. അപ്പോഴാണ് അതു നന്ദുവേട്ടൻ ആണെന്ന് എനിക്ക് മനസ്സിലായത്. അപ്പൊ ഞാൻ ആ പെൺകുട്ടിയെ പൊടുന്നനെ നോക്കി. പക്ഷെ അവളുടെ മുഖം അവ്യക്തമായിരുന്നു.ആ സമയം നാല് ദിക്കിൽ നിന്നും ഒരേ സമയം നിങ്ങൾക്ക് നേരെ പുഷ്പ്പ വൃഷ്ടി ഉണ്ടായി.വല്ലാത്തൊരു അനുഭൂതിയോടെയാ ഞാൻ അതു കണ്ടു നിന്നത്. അതു മാത്രമല്ല ഞാൻ ആ സ്വപ്നം കാണുമ്പോൾ പഴയപോലെ എണീറ്റു നിൽക്കുവായിരുന്നു ഉഷാറോടെ… അല്ലാതെ വീൽ ചെയറിൽ ആയിരുന്നില്ല..”
അഞ്‌ജലി താൻ കണ്ട സ്വപ്നത്തെ കുറിച്ച് വാചാലയായി. അനന്തു ഇതിക്കെ കേട്ട് ആദ്യം അത്ഭുതം തോന്നിയെങ്കിലും പിന്നെ അതു അവളുടെ സ്വപ്നമാണല്ലോ എന്ന് ഓർത്തു അതിനെ തള്ളി കളഞ്ഞു.
അവൻ വീണ്ടും ആ ചിത്രത്തിലേക്ക് ഉറ്റു നോക്കി. താൻ ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്നത് അവൾ മനോഹരമായി വരച്ചു വച്ചിരിക്കുന്നു.എന്നാൽ സ്വപ്നത്തിൽ കണ്ടത് പോലെ ഇവിടെയും അവളുടെ മുഖം അവ്യക്തമാണ്.
“ശോ നല്ലൊരു സ്വപ്നം ആയിരുന്നു ”
അഞ്‌ജലി നെടുവീർപ്പെട്ടു.
“സാരമില്ല അതു വിട് നമുക്ക് വേറെന്തെലും പറയാം.”
വിഷയം മാറ്റാൻ അനന്തു ശ്രമിച്ചു. അങ്ങനെ കുറേ നേരം അവർ ഇരുന്നു വർത്തമാനം പറഞ്ഞു. കൂടുതലായി അടുത്തു.
വീടിനു പുറത്തു ഇരുൾ വ്യാപിച്ചതും ഷൈല അഞ്ജലിയെ കുളിപ്പിക്കാൻ കൊണ്ടു പോകുന്നതിനായി വന്നു. ഈ സമയം തറവാട്ടിലെ ഉദോഗസ്ഥരും മറ്റുമെല്ലാം ജോലി കഴിഞ്ഞു തിരിച്ചെത്തിയിരുന്നു.
രാത്രിയിലെ കുളിയും അത്താഴവും എല്ലാം കഴിഞ്ഞു മനയിലെ ആണുങ്ങൾ എല്ലാം മനയ്ക്ക് സമീപമുള്ള ചായ്പ്പിൽ ഒത്തുകൂടി.