രാജൻ പോലീസ് സങ്കോചത്തോടെ അവരെ നോക്കി.
“പ്ഫാ നായെ നിനക്ക് എന്ത് അറിയാം ഈ ശിവജിത്തിനെ കുറിച്ച് .. അവന്മാരുടെ കുടുംബം അടക്കം കത്തിക്കും ഞാൻ ഒറ്റ രാത്രികൊണ്ട്… കാണണോ തനിക്ക് ? ”
ശിവജിത്ത് കസേരയിൽ നിന്നും ചാടിയെണീറ്റ് ചീറിക്കൊണ്ട് പറഞ്ഞു. രാജൻ പോലീസ് നേരിയ ഭയത്തോടെ പുറകിലേക്ക് ഒരു ചുവട് വച്ചു. രോഷത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചു ശിവജിത്ത് അയാളെ തുറിച്ചു നോക്കി.
“ജിത്തൂ നീ വീട്ടിലേക്ക് കേറിപ്പോ”
ശങ്കരൻ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. അതു കേട്ടിട്ടും കലിയടങ്ങാതെ ശിവജിത്ത് അവിടെ തന്നെ നിന്നപ്പോൾ ശങ്കരൻ കോപത്തോടെ കസേരയിൽ നിന്നും ചാടിയെണീറ്റു.
“കേറിപ്പോടാ അകത്തേക്ക് ”
ശങ്കരൻ ആജ്ഞയുടെ സ്വരത്തിൽ അവനു നേരെ അലറി. ശിവജിത്ത് നിലത്തു അമർത്തി ചവിട്ടി തന്റെ ദേഷ്യം പ്രകടിപ്പിച്ചുകൊണ്ട് മനയിലേക്ക് കയറിപ്പോയി.
മുത്തശ്ശൻ ദേഷ്യപെടുന്നത് അനന്തു ആദ്യമായി കാണുകയായിരുന്നു. അവനും എന്തോ ഒരു വയ്യായ്മ പോലെ തോന്നി.
“രാജൻ പൊയ്ക്കോ”
ശങ്കരന്റെ ആജ്ഞ കേട്ടതും ബലരാമൻ അങ്ങുന്നിന് എങ്ങനെ ഇങ്ങനൊരു മകൻ ഉണ്ടായി എന്ന് ആത്മഗതം പറഞ്ഞു രാജൻ അവരെ വണങ്ങിയിട്ട് തിരിച്ചു ജീപ്പിലേക്ക് പോയി. അല്പ സമയം അവിടെ നിശബ്ദത തളം കെട്ടിക്കിടന്നു.
“അനന്തൂട്ടാ പോയി കിടന്നോ ”
ബലരാമൻ അവനെ നോക്കി പുഞ്ചിരിക്കുവാൻ ശ്രമിച്ചു. പക്ഷെ ആ പുഞ്ചിരിക്ക് പുറകിൽ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി അനന്തുവിന് തോന്നി. അവൻ അവിടെ നിന്നും എണീറ്റു പതിയെ മനയിലേക്ക് നടന്നു.
പൂമുഖത്തു നിന്നും നേരെ തന്റെ മുറിയിലേക്ക് അനന്തു നടന്നു. ആ സമയം ആ വീടിന്റെ വലുപ്പം അവനു അല്പം അസ്വസ്ഥതയുളവാക്കി. അവസാനം നടന്നു മുറിയിലേക്ക് എത്തി വാതിൽ അടച്ചു കുറ്റിയിട്ട് അവൻ ബെഡിലേക്ക് വന്നു കിടന്നു.
എത്ര ഉറങ്ങാൻ ശ്രമിച്ചിട്ടും നിദ്രാ ദേവി അവനെ കടാക്ഷിച്ചില്ല. നിരാശയോടെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്തൊക്കെയോ ആലോചനകൾ അവനെ അസ്വസ്ഥനാക്കി.
ഈ മുറിയിൽ തനിക്ക് ഒരിക്കലും സമാധാനത്തോടെ ഉറങ്ങാൻ പറ്റിയിട്ടില്ലെന്ന് വിവശതയോടെ അവൻ ഓർത്തു. പെട്ടെന്നു എന്തോ ഓർത്തപോലെ അനന്തു കട്ടിലിൽ നിന്നും ചാടിയെണീറ്റു.
മുറിയിലെ മേശയുടെ വലിപ്പിൽ വച്ചിരുന്ന ദേവന്റെ ഡയറി അവൻ എടുത്തു. ഏതായാലും അതു വായിച്ചു സമയം കളയാമെന്ന ചിന്തയിൽ അനന്തു തിരിച്ചു കട്ടിലിൽ വന്നു കിടന്നു.
ഡയറി വയറിൽ ക്രമീകരിച്ചു വച്ചു. ആദ്യത്തെ രണ്ടു മൂന്ന് താൾ മറിച്ചപ്പോൾ ആ പെൺകുട്ടിയുടെ ചിത്രം വീണ്ടും അവൻ കണ്ടു. അതിനോട് എന്തോ ഒരു ആകർഷണം പോലെ അവനു തോന്നി.
ആ അവ്യക്തമായ ചിത്രം പൂർണമായിരുന്നുവെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു. അതിൽ നിന്നും കണ്ണെടുത്തു അവൻ ആ താൾ മറിച്ചു. അപ്പോൾ കണ്ട താളിൽ ദേവൻ മഷിപ്പേന കൊണ്ടു വടിവൊത്ത അക്ഷരത്തിൽ എഴുതിവച്ചിരിക്കുന്നതു അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു. അവൻ അതിലൂടെ തന്റെ കണ്ണുകൾ ഓടിച്ചു.