അവളുടെ പൂരപ്പാട്ട് കേൾക്കുമെന്ന് ഉറപ്പുള്ളതിനാൽ അറ്റെൻഡറെ നോക്കി അവൻ യാചിച്ചു.
“പെട്ടെന്നു കാഷ്വാലിറ്റിയിലേക്കുള്ള വഴി പറ ചേട്ടാ ”
“എന്റെ കൂടെ വന്നോ ”
അറ്റൻഡർ അവർക്ക് മുൻപിൽ വഴികാട്ടിയായി.
അനന്തു അരുണിമയെ നോക്കാതെ മുന്നോട്ട് നോക്കി നടന്നു. ചമ്മലോടെ അരുണിമ അവന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെ പോലെ പറ്റി പിടിച്ചു കിടന്നു.
അനന്തുവിന്റെ നെഞ്ചിലെ ചൂടും ഹൃദയ മിടിപ്പും വിയർപ്പിന്റെ മണവും തനിക്ക് മുൻ പരിചയമുള്ളപോലെ അരുണിമയ്ക്ക് തോന്നിപോയി.അവൾ ആകെ അമ്പരപ്പോടെ അവന്റെ മുഖത്ത് കണ്ണു നട്ടിരുന്നു.
അനന്തു ഒരു കുഞ്ഞിനെ പോലെ അവളെ ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടു പോയി. ഡോക്ടറിന്റെ കൺസൾട്ടിങ് റൂമിലേ ബെഡിൽ അനന്തു അരുണിമയെ കിടത്തി.
“ബലരാമൻ സാർ ഇപ്പൊ വിളിച്ചു പറഞ്ഞിരുന്നു. ഞാൻ കാത്തിരിക്കുവായിരുന്നു.”
ഡോക്ടർ അനന്തുവിനെ നോക്കി പറഞ്ഞു. അവൻ മറുപടിയായി ഒന്നു പുഞ്ചിരിച്ചു.ഡോക്ടർ അരുണിമയെ വിശദമായി പരിശോദിച്ചു.
കൈയുടെ എക്സ് റേ എടുക്കാൻ നിർദ്ദേശിച്ചു. എക്സ് റേ എടുക്കാനായി അവൾ പോയപ്പോൾ വഴിയിൽ വച്ചു ഉണ്ടായ സംഭവങ്ങൾ അനന്തു ഒന്നിട വിടാതെ ഡോക്ടറിനോട് പറഞ്ഞു.
അവൾ തിരികെ വരുന്നവരെ അവർ അതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു.അരുണിമ നഴ്സിന്റെ കൂടെ വന്നു കഴിഞ്ഞതും എക്സ് റേ ഒക്കെ എടുത്തു ഡോക്ടർ സൂക്ഷ്മമായി പരിശോധിച്ചു.
“തള്ള വിരലിലെ എല്ലിന് ഫ്രാക്ചർ ഉണ്ട്. ചെറുതായിട്ട്. കാൽ മുട്ടിന്റെ വേദന വീഴ്ചയിൽ പറ്റിയതാ. ഓയിന്റ്മെന്റ് തരാം അതു പുരട്ടിയാൽ മതിട്ടോ. വേറെ കുഴപ്പം ഒന്നുമില്ലാ”
ഡോക്ടർ അരുണിമയെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു.
ഡോക്ടർ മറ്റൊരു നഴ്സിന്റെ കൂടെ ഉള്ളിലുള്ള മുറിയിലേക്ക് കയറി പോയി.
റൂമിലെ ബെഡിൽ അമർന്നിരുന്ന അരുണിമ കോപത്തോടെ അവനെ നോക്കി. അനന്തു ദുഖത്തോടെ തല താഴ്ത്തി. താൻ കാരണം ഒരാൾക്ക് അപകടം പറ്റിയെന്നു ചിന്ത അവന്റെ മനസ്സിനെ കുത്തി നോവിച്ചു.
അരുണിമ അവനെ തലയാട്ടി വിളിച്ചപ്പോൾ അനന്തു അവളുടെ അടുത്തേക്ക് വന്നു നിന്നു.
“എന്റെ കയ്യിൽ നയാ പൈസ ഇല്ല… താൻ തന്നെ കൊടുത്തോണം ”
അരുണിമ മുഖം വീർപ്പിച്ചു പറഞ്ഞു.
“ഞാൻ കൊടുത്തോളാം കുഴപ്പമില്ല ”
അനന്തു അവളെ സമാധാനിപ്പിളിക്കുവാനായി പറഞ്ഞു.
“എങ്കിൽ തനിക്ക് കൊള്ളാം. അപ്പൊ എന്റെ സൈക്കിളോ.. അതാര് ശരിയാക്കും അതു തവിടു പൊടിയായില്ലേ? ”
അരുണിമ പുലമ്പിക്കൊണ്ടിരുന്നു.