അനന്തു സന്തോഷത്തോടെ അദ്ദേഹത്തെ നോക്കി. അത് കേട്ടതും ആ വൃദ്ധ പിതാവിന്റെ ഉള്ളം തുടിച്ചു. ഇത്രയും കാലം തന്റെ മകളും പേര മക്കളും അനുഭവിച്ച ദാരിദ്ര്യം ഓർത്തു അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.
“മുത്തശ്ശന് എന്റെ അച്ഛനോട് ദേഷ്യമാണോ ഇപ്പോഴും ? ”
അനന്തു അല്പം പരിഭ്രമത്തോടെ ചോദിച്ചു. അവന്റെ ശ്വാസഗതി ഉയർന്നു. മുത്തശ്ശന്റെ മറുപടിക്കായി അവൻ കാതോർത്തു.
“ഉണ്ടായിരുന്നു ദേവാ.. പണ്ടൊക്കെ.. ഇപ്പൊ ഇല്ലാട്ടോ.. സ്നേഹം മാത്രേ ഉള്ളൂ.. നേരത്തെ തന്നെ എന്റെ മാലതിയെയും മക്കളെയും തനിച്ചാക്കി പോയതിൽ സങ്കടം മാത്രം.”
ശങ്കരൻ നെടുവീർപ്പെട്ടു. അനന്തു അല്പം നേരം നിശബ്ദനായി. അച്ഛന്റെ ഓർമ്മകൾ വല്ലാത്തൊരു വേദന തന്നിൽ സൃഷ്ടിക്കുന്നതായി അവനു തോന്നി.
അതുപോലെ തന്നെ അച്ഛച്ചനും. രണ്ടുപേരും ഒരുപാട് സ്നേഹിച്ചിട്ടേ ഉള്ളൂ.. ഒരിക്കൽ പോലും വേദനിപ്പിച്ചിരുന്നില്ല.
അനന്തുവിന് വല്ലാത്ത ഒരു നഷ്ട്ട ബോധം തോന്നി. പൂമുഖത്തെ തൂണിൽ ചാരിയിരുന്ന് അവൻ മുറ്റത്തേക്ക് കണ്ണുകൾ പായിച്ചു എന്തോ ചിന്തയിൽ ആണ്ടു.
“ദേവാ ആ മുറുക്കാൻ ചെല്ലം ഇങ്ങോട്ടടുത്തെ?”
മുത്തശ്ശൻ അനന്തുവിന് സമീപത്തേക്ക് കൈചൂണ്ടി. അവൻ ആ ചെല്ലം കയ്യിൽ എടുത്തു മുത്തശ്ശന്റെ കയ്യിലേക്ക് കൊടുത്തു.
ശങ്കരൻ മുറുക്കാൻ ചെല്ലം മടിയിൽ വച്ചു പതിയെ തുറന്നു. അനന്തുവിന് അതൊരു തകര പെട്ടി പോലെയാണ് ഉള്ളതെന്ന് തോന്നി. ചെല്ലം തുറന്നു ശങ്കരൻ വെറ്റില കയ്യിലെടുത്തു അതിന്റെ ഞെട്ട് പൊട്ടിച്ചു കളഞ്ഞു.
എന്നിട്ട് ചെറിയൊരു പ്ലാസ്റ്റിക് ഡപ്പിയുടെ അടപ്പ് തുറന്നു അതിലുള്ള ചുണ്ണാമ്പ് ചൂണ്ട് വിരൽ കൊണ്ടു തോണ്ടിയെടുത്തു. അതു പതിയെ വെറ്റിലയിൽ തേച്ചു പിടിപ്പിച്ച ശേഷം ചെപ്പിൽ നിക്ഷേപിച്ചിരുന്ന പച്ചടക്ക നുറുക്കിയതിന്റെ കഷണങ്ങളിൽ നിന്നും വിരൽ തുമ്പിൽ കുറച്ചു എടുത്തു വായിലേക്ക് ഇട്ട ശേഷം മുത്തശ്ശൻ ഒരു ഈണത്തോടെ വെറ്റില മൂന്നു നാല് മടക്കായി വച്ചു വായിലേക്ക് വച്ചു ചുണ്ടുകൾ പൂട്ടി വച്ചു ചവച്ചു.
ശങ്കരൻ ചാരു കസേരയിലേക്ക് തല ചായ്ച്ചു വച്ചു കാലിന്മേൽ കാലും കയറ്റി വച്ചു കസേരയുടെ പിടിയിൽ വിരലുകൾ കൊണ്ടു കൊട്ടികൊണ്ട് താളം പിടിച്ചു.
അനന്തു ഇത് കണ്ടു രസിച്ചിരുന്നു.മുത്തശ്ശന്റെ കിടപ്പിന് വരെ വല്ലാത്തൊരു പ്രൗഢി ആണെന്ന് അവനു തോന്നിപോയി.
“മുത്തശ്ശാ ഇന്ന് നല്ല മൂഡിൽ ആണല്ലോ എന്തുപറ്റി? ”
“ഒന്നുമില്ല ദേവാ ഓരോന്നൊക്കെ ആലോചിച്ചു ഇരുന്നതാ ”
“ആഹാ അതാണോ മുത്തശ്ശന് എന്തേലും ടെൻഷൻ പോലെ ഉണ്ടോ ? ”
അനന്തു തന്റെ സംശയം പ്രകടിപ്പിച്ചു.
“ഇല്ല മോനെ മുത്തശ്ശന് കുഴപ്പം ഒന്നുമില്ല”
ശങ്കരൻ അവനെ നോക്കി പുഞ്ചിരിക്കുവാൻ ശ്രമിച്ചു.
“അപ്പൊ കുഴപ്പമില്ല ”
അനന്തുവിന് ആശ്വാസം തോന്നി. മുത്തശ്ശനും മുത്തശ്ശിക്കും എന്തേലും വിഷമം വരുന്നത് അവനു സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.
“ദേവാ മോൻ ഇവിടുത്തെ അമ്പലത്തിൽ പോയിട്ടില്ലലോ? ”
“ഇല്ല മുത്തശ്ശാ ”
“എങ്കിൽ നാളെയോ മറ്റന്നാളോ നമുക്ക് പോയാലോ നിന്റെ വണ്ടിയിൽ”
“പോയേക്കാം മുത്തശ്ശാ… നമുക്ക് ഒന്ന് കറങ്ങാം കേട്ടോ എല്ലായിടത്തും ”
അനന്തു ഉത്സാഹത്തോടെ പറഞ്ഞു.
“ശരി മോനെ പോയേക്കാം ”
“ആഹാ എങ്ങോട്ട് പോകുന്ന കാര്യമാ പറയുന്നേ? ”