ഹാളിലേക്കെത്തിയതും വിക്രമൻ ചുറ്റും ഒന്ന് നോക്കി.ആ തറവാടിന്റെ പ്രൗഡി കണ്ടാസ്വദിക്കുന്ന സമയം തന്റെ ഓഫിസിലായിരുന്ന മാധവനും അങ്ങോട്ടെത്തി.
“ആരിത് വിക്രമൻ സാറോ,ഇതെന്താ പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ?”
ഒപ്പം ഗായത്രിയോട് അകത്തേക്ക് പോകാൻ കണ്ണ് കാണിച്ചു.അവൾ നേരെ വീണയുടെ മുറിയിലേക്ക് നടന്നു,അവൾക്കൊരു കൂട്ടായിട്ട്.
“വിളിച്ചറിയിച്ചു വരാൻ നമുക്കിടയിൽ എന്ത്?മാധവൻ സാറെ,ഇത് തികച്ചും ഔദ്യോഗികം മാത്രം.എനിക്കങ്ങനെ
ഒരു ശീലമില്ല താനും.എനിക്ക് ശരിയായി തോന്നുന്ന സമയം കാണേണ്ടയാളെ അവരുള്ളിടത്തു പോയി കാണുന്നതാണ് എന്റെ രീതി.സൊ ഇവിടെയും എത്തി.”
“ഇങ്ങോട്ടേക്ക് അല്പം നേരത്തെയാണ് വിക്രമൻ സാറെ.കാണേണ്ടയാൾ ഈ വീടിന് പുറത്തും.അയാളെ നിങ്ങൾ കണ്ടും കഴിഞ്ഞു.ഇനിയെന്താണ് കൂടുതലായി ഇവിടെനിന്ന്?”
“നിങ്ങൾ വളരെ ക്ലവർ ആയി സംസാരിക്കുന്നുണ്ട് മാധവൻ സാറെ.
നാലഞ്ചു ദിവസം മുന്നേ വരെ ഇങ്ങോട്ടെക്കുള്ള വരവ് എന്റെ
ചിന്തയിലെ ഇല്ലായിരുന്നു.പക്ഷെ എന്റെ വഴിയിലേക്ക് കയറി വന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടത് ഇവിടെനിന്നും.അപ്പോൾ പിന്നെ വന്നല്ലേ പറ്റൂ.”
“അപ്പോൾ സാറ് എല്ലാം ഉറപ്പിച്ചു തന്നെയാണ്?”
“ഒരുറപ്പുമില്ലാതെ ഈ വിക്രമൻ ഒന്നിലേക്കും കാലെടുത്തു വക്കില്ല. അതും നിങ്ങളെപ്പോലെ ഒരാൾ ആകുമ്പോൾ.രണ്ടു മൂന് ചോദ്യങ്ങൾ, ഉത്തരം കിട്ടിയാൽ ഞാനങ്ങ് പോകും
അത്രെയുള്ളൂ കാര്യം.”വിക്രമൻ ശംഭുവിനെ ഒന്ന് നോക്കി.മാധവനും ശംഭുവും പരസ്പരം നോക്കി.
“ശംഭു ഒന്നിങ്ങു വന്നേ,ചോദിക്കട്ടെ.”
അയാൾ ശംഭുവിന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.മാധവൻ കണ്ണുകൾ കൊണ്ട് അനുവാദം നൽകി.
“ഞാൻ നേരെ കാര്യത്തിലേക്ക് വരാം.
“98******65, ഇതാരുടെ നമ്പർ ആണ് ശംഭു?”
“എന്റെ നമ്പർ”അവൻ മറുപടി നൽകി.
“9756******44″ഈ നമ്പർ പരിചയം ഉണ്ടോ തനിക്ക്.”
“ഇത്………എന്റെ ഏടത്തിയുടെയാണ്.
വൈഫിന്റെ ചേച്ചി.”
“നമ്പർ ഒക്കെ കാണാപ്പാഠമാണല്ലേ?”
“അടുത്ത പരിചയക്കാരുടെയും ബന്ധുക്കളുടെയും നമ്പർ ഓർത്ത് വക്കണ്ടേ സർ.ഒരുവേള ഫോൺ കയ്യിൽ ഇല്ലെങ്കിലോ?”
“ഒക്കെ ഫൈൻ.9400******54 ഇങ്ങനെയൊരു നമ്പർ പരിചയമുണ്ടൊ തനിക്ക്?”
“ഇങ്ങനെയൊരു നമ്പർ……… ഹേയ് ഇല്ല സർ.”
“ഒന്നോർത്തു നോക്ക്?”
“ഹേയ്…….. ഇല്ല സർ.അത്യാവശ്യം ക്ലോസ്സ് ആയ ആൾക്കാരുടെ നമ്പർ എനിക്ക് മനപ്പാഠമാണ്.ഇനി എന്റെ ഫോണിൽ ഒന്ന് നോക്കട്ടെ.”