“ഇഷ്ട്ടപ്പെടുന്നവരുടെ മനസ്സറിയാൻ എനിക്ക് പറ്റും എന്ന് കൂട്ടിക്കോ.”
ശംഭു പറഞ്ഞത് കേട്ട് സുനന്ദയൊന്ന് ചുണ്ട് കോട്ടി കൊഞ്ഞനം കുത്തി.
വീണ കണ്ണുരുട്ടി അവനെ പേടിപ്പിക്കുകയാണ് ചെയ്തത്.
“അമ്പലത്തിൽ പോയി വരുന്ന വഴി റപ്പായിച്ചേട്ടനെ കണ്ടിരുന്നു സുനന്ദെ, അല്ലാതെ ഈ മാക്കാൻ പറയുന്നത് പോലെ ഒന്നുമില്ല.”അതിനോട് ചേർത്ത് വീണ പറഞ്ഞുനിർത്തി.
“മ്മ്മ്മ്……ഈ കോപ്പിന് വിശ്വാസം വന്നു എന്ന് നാരായൺ ചേട്ടൻ പറഞ്ഞു കേട്ടിരുന്നു.”സുനന്ദയുടെ വകയും അവന് കിട്ടി.
“അല്ല…….നിന്റെ കുഞ്ഞും അമ്മയും ഒക്കെ എന്തിയെ?”ശംഭു ചെറുതായി ഒന്ന് വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.
“കുഞ്ഞുറക്കത്തിലാ……ഇനി രാത്രി എന്നെയുറക്കില്ല.അമ്മ എപ്പോഴെയും പോലെ അടുക്കളയിലുണ്ട്.ഇന്ന് കൂടി നിന്നെ തിരക്കിയിരുന്നു,ഇങ്ങോട്ട്
കാണാനേ ഇല്ലെന്ന് ഇടക്ക് പറയും.”
“വല്ലിടത്തും പോണേൽ എന്റെ ഭാര്യ സമ്മതിക്കണ്ടെ.പിടിച്ചുവച്ചിരിക്കുവാ.
ഇത് തന്നെയെനിക്ക് കഷ്ട്ടപ്പെട്ടു കിട്ടിയ ചാൻസാ.ജയിലിൽ കിടക്കുന്നവന് ഇതിലും സുഖവാ.”
അവൻ വീണക്കിട്ട് കൊട്ടാനുള്ള അവസരം കളഞ്ഞില്ല.
“ഇവനിത്തിരി കറക്കം കൂടുതലാ സുനന്ദെ.അതൊന്ന് നിർത്തി എന്ന് മാത്രം.”തനിക്കിട്ട് കൊട്ടുന്നത് കേട്ട വീണ ഉടനെ മറുപടി കൊടുത്തു.
അടുത്തിരുന്ന ശംഭുവിന്റെ കാലിൽ സുനന്ദ കാണാതെ ഒരു ചവിട്ടും.അത് കേട്ട് പതിയെ ചിരിക്കാൻ സുനന്ദയും.
അവർ സംസാരിക്കുന്നതിനിടയിൽ അമ്മ ചായയുമായി വന്നു.അവർ വന്നത് അവരറിഞ്ഞിരുന്നു.അല്പം കുശലം പറഞ്ഞ ശേഷം അടുക്കള ജോലി തീർക്കാനായി അവരകത്തു പോവുകയും ചെയ്തു.
“അല്ലെടൊ,എന്താ കാണണം എന്ന് പറഞ്ഞത്?”ചായ കുടിക്കുന്നതിന് ഇടയിൽ ശംഭു കാര്യം തിരക്കി.
‘നിക്ക്……’എന്നും പറഞ്ഞ് സുനന്ദ മുറിയിലേക്ക് പോയി.എന്തോ എടുക്കാനാണ് എന്നവന് തോന്നി.
തിരികെയെത്തുമ്പോൾ അവന്റെ പ്രതീക്ഷപോലെ ഒന്നുണ്ടായിരുന്നു.
“ദാ…….ഇതൊന്ന് തരാനാ ഞാൻ വിളിച്ചത്.”ഒരു പെൻഡ്രൈവ് നീട്ടിക്കൊണ്ട് സുനന്ദ പറഞ്ഞു.
“ഇതിപ്പൊ എന്താ സംഭവം?”അവൻ
അതിനെന്താ ഇത്രമാത്രം പ്രാധാന്യം എന്നോർത്തുകൊണ്ട് ചോദിച്ചു.
“കഴിഞ്ഞ ദിവസം ഒരു പെണ്ണ് മറന്നു വച്ചുപോയതാ.നമ്മുടെ റെസ്റ്റോറന്റിൽ ബില്ല് ചെയ്യുന്നതിന് ഇടയിൽ ബാഗിൽ നിന്നും വീണ് പോയി എന്ന് പറയുന്നതാവും ശരി.
ക്യാഷിലെ പയ്യൻ അതെന്നെ ഏൽപ്പിച്ചു.”
“ഓഹ്……അത് ശരി.ഇപ്പൊ നീയാല്ലൊ
അവിടുത്തെ സൂപ്പർവൈസർ.അല്ല, ഇതെന്തിനാ എനിക്ക്.അവരത് തിരക്കി വരുമ്പോൾ കൊടുത്ത് ഒഴിവാക്കരുതൊ?”
“അങ്ങനെയാ ഞാനും കരുതിയത്. ഞാനിത് സൂക്ഷിക്കുകയും ചെയ്തു.
ഊഹിച്ചത് പോലെ ഇന്ന് രാവിലെ ആള് വരികയും ചെയ്തു.”
“പിന്നെന്താ പ്രശ്നം?”
“വന്നയാള് തന്നെയാ പ്രശ്നം.സൊ ഞാൻ പ്ലേറ്റ് മാറ്റി.”
“അതാരാ അത്രയും വേണ്ടപ്പെട്ടയാള്”
“ആളെ നീയറിയും.നമ്മുടെ എസ് ഐ രാജീവന്റെ ഭാര്യ ഷാഹില.”