വീണക്ക് പെൻഡ്രൈവ് തുറക്കാൻ സാധിച്ചാൽ രാജീവനെ ഒതുക്കാൻ പറ്റും എന്ന വിശ്വാസവും അവന് വന്നു.അതിലെ വിവരമെന്തെന്നറിഞ്ഞിട്ട് മതി മാഷിനോട് പറയുന്നത് എന്ന് അവർ ഉറപ്പിച്ചിട്ടു തന്നെയാണ് വീട്ടിൽ ചെന്നു കയറുന്നതും.
*****
അവർ വീട്ടിലെത്തുമ്പോൾ സമയം ഒൻപത്.സാവിത്രി ഉമ്മറത്തുതന്നെ ഇരിപ്പുണ്ട്.എന്തോ വായിക്കുകയാണ് കക്ഷി.സാവിത്രി ഇരിക്കുന്നതിന് തൊട്ട് താഴെ ഗായത്രിയുമുണ്ട്.
അവൾ ഫോണിൽ കളിച്ചുകൊണ്ട് ഇരിക്കുകയാണ്.
അവരെയെങ്ങനെ അഭിമുഖീകരിക്കും എന്നോർത്താണ് വീണയും ശംഭുവും അകത്തേക്ക് കയറിയത്.അവരൊട്ട് അത് മൈൻഡ് ചെയ്യുന്നുമില്ല.ശംഭു ഒന്ന് നിന്നു,അവന് പിന്നിൽ പതുങ്ങി
വീണയും.
അവർ വന്നത് സാവിത്രിയറിഞ്ഞിട്ടും ഒന്ന് ശ്രദ്ധിക്കാതെയിരിക്കുന്നത് കണ്ട് ശംഭു ഒന്ന് മുരടനക്കി.
“മ്മ്മ്മ്? “സാവിത്രി ഒന്ന് ഇരുത്തി മൂളി.
അതിലൊരു ചോദ്യവും.
“അത് പിന്നെ…….വഴിക്ക് റപ്പായി മാപ്പിളയെ കണ്ടപ്പോൾ………പിന്നെ സുനന്ദയെയും ഒന്ന് കണ്ടിട്ട്…….”
അവൻ മുഴുവിപ്പിച്ചില്ല.
“എന്നാ അവിടെ എവിടെയെങ്കിലും കൂടിക്കൂടായിരുന്നൊ?”സാവിത്രി കലിപ്പിൽ തന്നെയാണ്.ഗായത്രി ഇത് തന്നെ ബാധിക്കുന്ന വിഷയമെ അല്ല എന്ന മട്ടിലും.
“അത്……….അത് പിന്നെ ടീച്ചറെ………”
“കിടന്നുരുളാതെടാ…….ഈ സമയത്ത്
അമ്പലത്തിൽ പോക്ക് നിർത്താൻ അറിയാഞ്ഞിട്ടല്ല.ദൈവകാര്യമല്ലെ എന്നോർത്തിട്ടാ.അതൊരു അവസരം ആക്കിയെടുത്താലുണ്ടല്ലൊ…?എന്നെ
അറിയാല്ലോ നിനക്ക്.”
“ഇനി ഉണ്ടാവില്ല അമ്മെ………”അവന് പിന്നിൽ നിന്ന് വീണയും പറഞ്ഞു.
“ഇവിടെ ഉണ്ടാരുന്നോ ജാൻസി റാണി
ഞാനോർത്തു ഇവൻ മാത്രെ ഉള്ളൂ എന്ന്.”അതുവരെ മിണ്ടാതെയിരുന്ന ഗായത്രി അവസരം മുതലാക്കി.
സാവിത്രി ഇരിക്കുന്നതുകൊണ്ട് മറുത്തൊന്നും പറയാതെ നിന്നെ ഞാൻ എടുത്തോളാം എന്നയാർത്ഥം വച്ച് വീണ ഗായത്രിയെ ഒന്ന് നോക്കി.
ഇതിന്റെയൊക്കെ എന്നോട് തീർക്കും ഈ പെണ്ണ് എന്നായിരുന്നു ശംഭുവിന്റെ മനസ്സിലപ്പോൾ.പക്ഷെ ഇതിനിടയിൽ ഗായത്രിയുടെ ശബ്ദം പൊങ്ങിയതും സാവിത്രി അവളുടെ ചെവി പിടിച്ചു തിരിച്ചുകഴിഞ്ഞിരുന്നു.
“ഞാൻ ചോദിക്കുന്നതിന് ഇടയിൽ കേറുന്നോ?”എന്നതായിരുന്നു ന്യായം.
വീണക്ക് ചിരി പൊട്ടിയെങ്കിലും അത് അടക്കി നിക്കാനെ നിർവാഹം ഉണ്ടായിരുന്നുള്ളൂ.
“ഒന്നാമത് അതിലെയുള്ള വഴി ഒക്കെ വളരെ മോശവാ.അതിനിടക്കൂടെയാ ഇവളെയും കൊണ്ടുള്ള പോക്ക്. ഇവന്റെ ഡ്രൈവ് അത്രക്ക് കേമാണെ ഒരു ശ്രദ്ധയും ഇല്ലാത്ത ഒരുത്തൻ.
പോരാഞ്ഞിട്ട് നൂറുകൂട്ടം പ്രശ്നങ്ങൾ വേറെയും.”