സീത നെറ്റി ചുളിച്ചു
“ഞാൻ കല്യാണിയെ പോലെ തന്നെ ഉള്ള ഒരു പെൺകുട്ടിയെ കണ്ടു അവിടെ വച്ചു. ”
അത് കേട്ടതും സീതയിൽ ഒരു നടുക്കം ഉണ്ടായി. വിശ്വാസം വരാതെ അവൾ ബലരാമനെ അമ്പരപ്പോടെ നോക്കി
“നീ വിശ്വസിച്ചേ പറ്റൂ.. ഞാൻ ആ കുട്ടിയെ കണ്ടു അവിടെ വച്ചു ”
“ഏട്ടാ ആ കുട്ടി ആരുടെ മോളാ. പേരും മേൽവിലാസവും ഒക്കെ ഏട്ടന് അന്വേഷിക്കായിരുന്നില്ലേ? ”
“ഞാൻ അന്വേഷിച്ചു സീതേ.. നമ്മുടെ സ്കൂളിൽ കഞ്ഞി വയ്ക്കുന്ന ആശയുടെ മകളാണ് അവൾ. ചെത്തുകാരൻ ബാലൻ ആണ് അവളുടെ അച്ഛൻ. ഞാൻ ഇന്ന് അവരെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ അറിഞ്ഞതാ ”
“ഏട്ടാ ആ കുട്ടിയെ കാണാൻ കല്യാണിയെ പോലെ തന്നെയാണോ? ”
ആകാംക്ഷയോടെ സീത വീണ്ടും ചോദിച്ചു.
“അതേ സീതേ.. കല്യാണിയെ കൊത്തി വച്ച പോലുണ്ട്. ആദ്യം കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.എന്റെ മനസ് ഒന്ന് പാകപ്പെടാൻ കുറച്ചു സമയം എടുക്കേണ്ടിവന്നു. ”
“ഏട്ടാ എനിക്കും ആ കുട്ടിയെ കാണാമെന്നുണ്ട്”
“ഞാൻ ഒരിക്കൽ കൊണ്ടുപോയി കാണിക്കാം സീതേ. അതുവരെ ആരും ഇതറിയണ്ടാ കേട്ടോ”
“ശരി ഏട്ടാ ”
“ഹാ ”
ബലരാമൻ ഉറങ്ങുവാനായി തയാറെടുത്തു. സീതയുടെ മനസ് ആകെ കലങ്ങി മറിഞ്ഞുകൊണ്ടിരുന്നു. എന്തൊക്കെയോ അവൾ വൃഥാ ചിന്തിച്ചുകൊണ്ടിരുന്നു.
രാത്രിയിൽ കട്ടിലിൽ കിടന്നു വെരുകിനെ പോലെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ അനന്തുവിന് ദേവന്റെ ഡയറിയെ കുറിച്ച് ഓർമ്മ വന്നു.
കള്ള കാമുകൻ എഴുതി വച്ചതിന്റെ ബാക്കി വായിക്കാനുള്ള ത്വരയിൽ ഉത്സാഹത്തോടെ അനന്തു ചാടിയെണീറ്റു. നേരെ മേശയ്ക്ക് സമീപം വന്നു നിന്നു വലിപ്പ് തുറന്നു വച്ചു അതിൽ നിന്നും ഡയറി സൂക്ഷ്മതയോടെ കൈ കൊണ്ടു എടുത്തു.
അതും കൊണ്ടു കട്ടിലിലേക്ക് ചാടി കയറിയ അനന്തു തലയ്ക്കു പിറകിൽ തലയിണ വച്ചു അഡ്ജസ്റ്റ് ചെയ്ത ശേഷം ചാഞ്ഞിരുന്ന് വായനയ്ക്കായി ഡയറിയുടെ താളുകൾ ഓരോന്നായി തുറന്നു.
പെൺകുട്ടിയെ അവ്യക്തമായി ആലേഖനം ചെയ്തിട്ടുള്ള താളിൽ എത്തിയതും അനന്തു ഞെട്ടലോടെ എണീറ്റിരുന്നു. അവനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഒന്നു ശ്വാസം വലിച്ചെടുത്ത ശേഷം അവൻ ഒന്നുകൂടി ആ താളിലേക്ക് സസൂക്ഷ്മം നോക്കി. മുൻപ് അവ്യക്തമായ ഒരു പെൺകുട്ടിയുടെ ചിത്രമാണ് അവിടെ ഉണ്ടായിരുന്നതെങ്കിലും ഇന്ന് അത് മാറി അതിലെ അവ്യക്ത ഭാഗങ്ങൾ തെളിഞ്ഞു വന്ന് അത് പൂർണമായ ഒരു ചിത്രമായി മാറി.
എന്നാൽ അതിന്റെ നടുക്കത്തിൽ നിന്നും മോചിതനാവാൻ അനന്തുവിന് കഴിഞ്ഞില്ല. പതിയെ ആ ചിത്രത്തിൽ അരുണിമയുടെ മുഖം തെളിഞ്ഞു വരുന്നതായി അവനു തോന്നി.
ആരോ അരുണിമയുടെ ചിത്രം പുതുതായി വരച്ചു ചേർത്ത പോലെ ആയിരുന്നു. മുൻപിൽ നടക്കുന്ന അസ്സാധാരണമായ സംഭവങ്ങൾ ഓർത്ത് അവനു ഭ്രാന്ത് പിടിച്ചു. തൽക്കാലം അരുണിമയെ കാണാനുള്ള ആഗ്രഹംകൊണ്ടാകും ഇങ്ങനൊക്കെ തനിക്ക് കാണാൻ പറ്റുന്നതെന്നു ഓർത്തു അവൻ ആശ്വസിച്ചു.
അങ്ങനെ ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.സാവധാനം അനന്തു ഡയറിയിലേക്ക് മുഖം പൂഴ്ത്തി.