“ഹ്മ്മ്… അപ്പൊ ഫ്രാക്ചർ മാറാൻ എത്ര നാൾ വേണ്ടി വരും.? ”
“ഏകദേശം 2 ആഴ്ച വേണ്ടി വരും. പിന്നെ ഒരാഴ്ച കഴിഞ്ഞ് ഇങ്ങോട്ട് ഒന്നു വരേണ്ടി വരും ചെക്കപ്പിന്. ”
“ശരി ഡോക്ടറെ.. ഒരാഴ്ച കഴിഞ്ഞിട്ട് ചെക്കപ്പിന് വരാം. പിന്നെ എനിക്ക് ഇത് വേണ്ടപ്പെട്ട കുട്ടിയാ.. അതുകൊണ്ട് വേണ്ടത് പോലെ നോക്കണം കേട്ടോ ”
ഗൗരവത്തോടെ ബലരാമൻ ഡോക്ടറോട് പറഞ്ഞു.
“നോക്കാം അങ്ങുന്നേ.. ഇതെന്റെ മാത്രം റെസ്‌പൊൺസിബിലിറ്റിയാ.. അങ്ങുന്ന് അത് ഓർത്തു വറീഡ് ആവണ്ടട്ടോ ”
ഡോക്ടർ ആശ്വാസത്തിന്റെ സ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞു.
“ആയ്ക്കോട്ടെ.. ഞാൻ ഒന്ന് എംഡി യെ കണ്ടിട്ട് വരാം. ”
“ശരി അങ്ങുന്നേ ”
ബലരാമൻ അരുണിമയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നേരെ എം ഡിയുടെ മുറിയിലേക്ക് പോയി.പോകുന്ന വഴിക്ക് അദ്ദേഹം അനന്തുവിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.
ബലരാമൻ പോയി കഴിഞ്ഞതും അനന്തു പതിയെ അരുണിമയ്ക്ക് സമീപം വന്നു നിന്നു. അവളെ തലയുയർത്തി നോക്കി.
“ഇയാൾക്ക് എങ്ങനാ ബലരാമൻ അങ്ങുന്നുമായി പരിചയം.. താൻ അവിടുത്തെ പണിക്കാരൻ വല്ലതും ആണോ? ”
അരുണിമ സംശയത്തോടെ അവനെ നോക്കി. അനന്തു ഉള്ളിൽ ചിരിയോടെ അവളോട് പറഞ്ഞു.
“അതു കുട്ടിക്കെങ്ങനെ മനസ്സായിലായി ”
“അതു അങ്ങാനാവാനല്ലേ വഴിയുള്ളൂ… അല്ലാതെ തേവക്കാട്ട് കുടുംബത്തിലെ കുട്ടിയായി ജനിക്കാനുള്ള യോഗം ഒന്നും തനിക്ക് ഇല്ലാല്ലോ ”
“ഹാ അതും ശരിയാ “അനന്തു പിറുപിറുത്തു.
“താൻ ആളെ കൊല്ലാൻ നടക്കുവല്ലേ… ആ കുന്ത്രാണ്ടവും കൊണ്ടു ”
“കുട്ടി അതൊരു അബദ്ധം പറ്റിയതാ ”
അരുണിമ അവനെ കോപത്തോടെ പൂച്ചക്കണ്ണുകൊണ്ട് തുറിച്ചു നോക്കി.
“അല്ല അരുണിമ ഒരു അബദ്ധം പറ്റിയതാ ക്ഷമിക്കണം ”
അനന്തു കൈകൾ കൂപ്പി കൊണ്ടു ദയനീതയോടെ അവളെ നോക്കി. അരുണിമ പുറത്തേക്ക് വന്ന ചിരി കടിച്ചു പിടിച്ചുകൊണ്ടു പുറമെ അവനെ ഗൗരവത്തോടെ നോക്കി.
“അല്ല അവിടുത്തെ പണിക്കാരനായ തനിക്ക് എവിടുന്നാ ബുള്ളറ്റ് ഒക്കെ കിട്ടിയേ.. ഇവിടൊക്കെ സാധാരണ ബൈക്ക് അല്ലെ ആൾക്കാർക്ക് ഉള്ളൂ.. ”
“അതോ.. ഞാൻ അവിടുത്തെ പുതിയ കാര്യസ്ഥന്റെ മോനാ.. അപ്പൊ അവിടുത്തെ ശങ്കരൻ അങ്ങുന്നിന്റെ മോന്റെ ഒരു പഴയ വണ്ടി അവിടെ കിടപ്പുണ്ട് നന്നാക്കാൻ അറിയുമെങ്കിൽ എടുത്തോ എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഞാൻ ആ ബുള്ളറ്റ് പോയി എടുത്തു കൊണ്ടു വന്നു നന്നാക്കി.. ഇപ്പൊ എന്റെ കയ്യിൽ ആണത് ”
അനന്തു ചിരിയോടെ അവളോട് പറഞ്ഞു.
“അങ്ങനായാൽ തനിക്ക് കൊള്ളാം.. മര്യാദക്ക് ഓടിച്ചോണം ഇനി റോഡിൽ കൂടി…കേട്ടല്ലോ അല്ലേൽ എന്റെ വിധം മാറും. ”
അരുണിമ കപട ഗൗരവത്തോടെ അവനെ നോക്കി.
“ഞാൻ നോക്കിക്കോളാം അരുണിമ ”