ബുള്ളറ്റിന്റെ ശബ്ദം കേട്ടതും മാലതി മനയുടെ ഉള്ളിൽ നിന്നും പുറത്തേക്കിറങ്ങി വന്നു.ദേവൻ ബുള്ളറ്റ് ഒതുക്കി വച്ചു തിരിഞ്ഞതും മാലതി ഓടി വന്നു അവനെ കെട്ടിപിടിച്ചു.
ദേവൻ സന്തോഷത്തോടെ അവളെ മുറുകെ കെട്ടിപിടിച്ചു.
“ദേവേട്ടാ എന്റെ നാരങ്ങ മിട്ടായി താ ”
കൊഞ്ചലോടെ മാലതി ദേവനെ ചുറ്റിപിടിച്ചു. ദേവൻ ചിരിയോടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും മിട്ടായിയുടെ പൊതിയെടുത്ത് അവൾക്ക് നേരെ കാണിച്ചു.
“ഇതാ മാതുകുട്ടി ”
അതു കണ്ടതും മാലതിയുടെ കണ്ണുകൾ വിടർന്നു. അവൾ സന്തോഷത്തോടെ തുള്ളി ചാടിക്കൊണ്ട് അവന്റെ കയ്യിൽ നിന്നും പൊതി തട്ടിപറിച്ചെടുത്തു.
“എന്റെ ചക്കരയേട്ടൻ ഉമ്മാ ”
ദേവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് മിട്ടായി പൊതി നെഞ്ചോട് ചേർത്തു മാലതി അകത്തളത്തിലേക്ക് ഓടി. ഈ സമയം ശങ്കരൻ പൂമുഖത്തേക്ക് നടന്നു വന്നു.
“ദേവാ നിന്റെ തിരക്ക് ഒക്കെ കഴിഞ്ഞോ? ”
“കഴിഞ്ഞു അച്ഛാ ”
“എങ്കിൽ ഇന്നാ താക്കോൽ.. നമുക്ക് അമ്പലത്തിലേക്ക് പോകാം. എല്ലാവരും നമ്മളെ അവിടെ കാത്തിരിപ്പുണ്ടാകും .”
ശങ്കരൻ പോകാനുള്ള ധൃതിയിൽ ജീപ്പിനു സമീപം നടന്നു.
“ശരി അച്ഛാ പോകാം. ”
ദേവൻ ചാവി കയ്യിലിട്ട് കൊണ്ടു ജീപ്പിനു സമീപത്തേക്ക് വന്നു.
ശങ്കരൻ മുൻപിൽ കയറിയതും ദേവൻ തന്റെ മഹേന്ദ്ര ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് വന്നു കയറി. വണ്ടി സ്റ്റാർട്ട് ചെയ്തു ഒന്ന് ഇരപ്പിച്ച ശേഷം ദേവൻ ജീപ്പ് പടിപ്പുര കടന്നു റോഡിലേക്ക് ഇറക്കി.
ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് ജീപ്പ് മുന്നോട്ടേക്ക് കുതിച്ചു. ചെറിയ ഒരു മഴക്കോള് കാണുന്നതിനാൽ കത്തിച്ചു വിട്ടോളാൻ ശങ്കരൻ ആജ്ഞാപിച്ചു.
ദേവൻ മെയ്‌വഴക്കത്തോടെ വളവും തിരിവും ഇറക്കവും കയറ്റവും അസാമാന്യ കരുത്തോടെ ജീപ്പ് ഓടിച്ചു. ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ ദേശം ഗ്രാമത്തിന്റെയും കുന്താളപുരം ഗ്രാമത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുന്നത്ത് ദേവി ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു.
“ദേവാ വണ്ടി ഒതുക്കി വച്ചിട്ട് വാ. ഞാൻ അമ്പലത്തിൽ കാണും ”
“ശരി അച്ഛാ ”
ക്ഷേത്രത്തിനു മുൻപിൽ ശങ്കരനെ ഇറക്കിയ ശേഷം വണ്ടി അല്പം മാറ്റി വയ്ക്കുന്നതിനായി ദേവൻ ജീപ്പ് മുന്നോട്ടേക്ക് എടുത്തു. അല്പം കാട് തിങ്ങി വളർന്ന റോഡിന്റെ ഓരത്ത് ജീപ്പ് ഒതുക്കി വച്ചു ദേവൻ തിരിച്ചു അമ്പലത്തിലേക്ക് നടന്നു വന്നു.
ധൃതിയിൽ റോഡിൽ നിന്നും അമ്പലത്തിലേക്കുള്ള പടവുകൾ ദേവൻ ചാടികയറുകയായിരുന്നു. പെട്ടെന്നു ഒരു പെൺകുട്ടി പടവിൽ നിന്നും തെന്നി വീഴാൻ ആയുന്നത് കണ്ടതും ദേവൻ സംഭ്രമത്തോടെ മുന്പോട്ടെക്ക് ആഞ്ഞു ചെന്നു കൈകൾ വിരിച്ചു അവളെ താഴെ വീഴാതെ താങ്ങി നിർത്തി. അവൾ ഉടുത്തിരുന്ന ഹാഫ് സാരിയുടെ വിടവിലൂടെ ആനാവൃതമായ അവളുടെ ഇളം വയറിൽ ദേവന്റെ കൈ അമർന്നു.ദേവന്റെ കരസ്പർശം ഏറ്റതും അവളുടെ ശരീരമാകെ കോരിത്തരിച്ചു. ശരീരത്തിന്റെ ഓരോ അണുവിലും അതിന്റെ പ്രതീതി അവൾ അറിഞ്ഞു