എന്താണ് സംഗതി എന്ന് മനസിലാവാതെ ഞാൻ സതീഷിനെ നോക്കി. സതീഷ് അപ്പോളേക്കും എന്റെ ക്യാബിന്റെ ഡോർ തുറന്നു പുറത്തിറങ്ങി. പുറത്ത് എന്തൊക്കെയോ ബഹളം.
ഞാനും കസേരയിൽ നിന്ന് എഴുന്നേറ്റു പുറത്തേക്ക് ഓടി വന്നു. നോക്കുമ്പോൾ ഓഫീസ് മുഴുവൻ പോലീസുകാർ. എനിക്ക് ഒന്നും മനസിലായില്ല മാത്രമല്ല പൊക്കം കുറവായത് കൊണ്ട് ഒന്നും കാണാൻ പറ്റുന്നില്ല. എന്താണ് നടക്കുന്നത് എന്ന് കാണാൻ ഞാൻ വേറൊരു സ്ഥലത്തേക്ക് മാറി നിന്നു.
പോലിസ്കാർ ചുറ്റും കൂടി നിൽക്കുന്നതിന്റെ നടുവിൽ ഒരു പോലിസ്കാരൻ ഞങ്ങളുടെ ഓഫീസിലെ ഗ്ലികേഷിനെ വിലങ്ങ് അണിയിക്കുന്നു. ഗ്ലികേഷ് ആകെ കുറ്റബോധം കൊണ്ട് മുഖം കുനിഞ്ഞു നിക്കുന്നു. ശ്ശെടാ ഗ്ലികേഷ് എന്താണോ ചെയ്തത് അറസ്റ്റ് ചെയ്യാൻ മാത്രം.
പെട്ടെന്ന് ഞങ്ങളുടെ എംഡി ഇറങ്ങി വന്നു.
എംഡി : ” സർ വാട്ട് ഈസ് ഹാപ്പിനിംഗ് എന്താ പ്രശ്നം ”
പോലീസ്കാരുടെ ഏറ്റവും സീനിയർ എന്ന് തോന്നിക്കുന്ന ഒരു ഉദ്യോഗസ്ഥൻ അയാളുടെ ഐഡി കാർഡ് എടുത്ത് എംഡിയുടെ കയ്യിൽ കൊടുത്തിട്ട് പറയാൻ തുടങ്ങി : “സീ നിങ്ങളുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ഇയാൾക്ക്(ഗ്ലികേഷ് ) തീവ്രവാദി ബന്ധം ഉണ്ടെന്ന് ഒരു ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിരുന്നു. അതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് ബന്ധം ഉണ്ടെന്ന് മനസിലായി. അതുകൊണ്ട് ഇയാളെ അറസ്റ്റ് ചെയ്യുന്നു. പോലീസിന്റെ ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് ഞങ്ങൾ”
ഒന്ന് നിർത്തിയിട്ടു ഞങ്ങൾ വീണ്ടും തുടർന്നു.
” കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളോടൊപ്പം ജോലി ചെയ്ത ലിയോണ എന്റെ അസിസ്റ്റന്റ് ആണ്. എന്റെ നിർദേശ പ്രകാരം ഗ്ലികേഷിനെ നിരീക്ഷിക്കാൻ ആയിട്ട് ഇവിടെ വന്നതാണ് ലിയോണ ”
അപ്പോളാണ് അയാളുടെ തൊട്ടടുത്ത് പോലിസ് യൂണിഫോമിൽ നിൽക്കുന്ന ലിയോണയെ ഞാൻ കണ്ടത്. എന്റെ മുട്ട് തളരുന്നത് പോലെ തോന്നി. അപ്പൊ ഇവൾ പോലിസ് ആയിരുന്നു. എന്തിനാണ് എന്നോട് കൂട്ട് കൂടിയത്. ചുമ്മാ രസത്തിന് ആയിരിക്കും.
സതീഷും ഞെട്ടി നിൽക്കുകയാണ്. അർജുൻ ഒന്ന് ചമ്മി. അവളോട് വഴക്കിടാൻ പോയതല്ലേ. ആര്യയും ദീപയും മിഴിങ്ങസ്യ എന്ന് പറഞ്ഞു നില്കുന്നു.