ഞാൻ കുറെ ആലോചിച്ചു കൂട്ടി. അവളെ നഷ്ടപ്പെടുന്നു എന്നുള്ള ഭയവും ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്ന ചിന്തയും ഒക്കെ എന്നെ വീർപ്പുമുട്ടിച്ചു. ഞാൻ പലതും ആലോചിച്ചു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. എന്തിനാണ് അവൾ. അവളില്ലെങ്കിൽ എനിക്ക് എന്ത് പറ്റാൻ…… പക്ഷെ എത്രയൊക്കെ സ്വയം പറഞ്ഞിട്ടും അവളുടെ സ്മരണകൾ പോകുന്നില്ല.
ഉച്ചയ്ക്ക് കഴിക്കാൻ ക്യാന്റീനിൽ പോകുമ്പോൾ ഞാൻ പ്രതീക്ഷിച്ചത് പോലെ എന്റെ നേരെ പരിഹാസത്തിന്റെ ശരം വന്നു വീണു.
നടന്നു പോകുന്ന എന്നെ നോക്കി ആര്യയും ദീപയും പാട്ട് പാടുന്നു “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയെ അയ്യോ കാക്കച്ചി കൊത്തി പോയെ” ഞാൻ കേട്ട ഭാവം നടിചില്ല. കാരണം ഇതൊക്കെ കേട്ട് കേട്ട് ചെവി പണ്ടേ തഴമ്പിച്ചതാ.
എന്നെ അവർ ഒന്ന് കളിയാക്കി എങ്കിലും പൊതുവെ എല്ലാവരും കൂടുതൽ അത്ഭുതപ്പെട്ടത് ലിയോണ പോലിസ് ആണെന്നുള്ള കാര്യത്തിൽ അല്ല. ഗ്ലികേഷിന് തീവ്രവാദി ബന്ധം ഉണ്ടെന്നുള്ളതാണ് എല്ലാവരെയും കൂടുതൽ ഞെട്ടിച്ചത്. എല്ലാവരും ആ കാര്യം ചർച്ച ചെയ്തുകൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ ഞാൻ ഭക്ഷണം കഴിച്ചിട്ട് അവിടെ നിന്നും പെട്ടെന്ന് പോന്നു.
ഉച്ച കഴിഞ്ഞപ്പോളും ഞാൻ അവളെ പറ്റി തന്നെ ആണ് ആലോചിച്ചത്. അവൾ അങ്ങ് വിട്ടു പോകുന്നില്ല.
അപ്പോളാണ് അവളുടെ ഒരു കോൾ വന്നത്. പെട്ടെന്ന് ചാടിക്കയറി ആ ഫോൺ ഞാൻ അറ്റൻഡ് ചെയ്യാൻ ഒരുങ്ങി. എന്നാൽ ഒരു നിമിഷം ഞാൻ ഒന്ന് അറച്ചു നിന്നു. ഒരു പക്ഷെ ഇത് ഒരു ബ്രേക്ക് അപ്പ് പറയാൻ വേണ്ടി വിളിക്കുന്നതാണെങ്കിലോ. ഒരു പക്ഷെ അവളെ മറക്കാൻ ആണ് അവൾ ഈ ഫോണിൽ കൂടി പറയുന്നത് എങ്കിലോ. ഒരു പക്ഷെ ഈ ഒരൊറ്റ ഫോൺ കോളിന് ശേഷം ഞങ്ങൾ തമ്മിൽ ഉള്ള എല്ലാ ബന്ധങ്ങളും തീർന്നാലോ. ഒരു പക്ഷെ അവൾ എനിക്ക് തീർത്തും അന്യായയാലോ.
ഞാൻ ഫോൺ എടുക്കാൻ മടിച്ചു. എനിക്ക് ധൈര്യം ഉണ്ടായില്ല. ആ ഫോൺ റിങ് ചെയ്ത് ചെയ്ത് നിന്നു.
അല്പസമയത്തിനകം വീണ്ടും ഒരു കോൾ വന്നു. ഇതും അവൾ തന്നെ ആയിരുന്നു. ഞാൻ ഫോൺ എടുത്തില്ല.
എല്ലാം കൂടി എനിക്ക് വട്ട് പിടിക്കുന്ന പോലെ തോന്നി. ഞാൻ എല്ലാം മാറ്റിവച്ചു ജോലിയിൽ മുഴുകി. ജോലിയിൽ മാത്രം ശ്രദ്ധിച്ചു. നാളെ വൈകുന്നേരം വരെ തീർക്കാൻ സമയമുള്ള ജോലി ഞാൻ അപ്പോൾ തന്നെ ചെയ്ത് തീർത്തു. എന്നിട്ട് വേറെ ജോലി തുടങ്ങി. വൈകുന്നേരം വരെ ഞാൻ ജോലി തന്നെ ചെയ്തു. മറ്റു ചിന്തകൾ എല്ലാം മാറ്റി വച്ച ഞാൻ ജോലിയിൽ മാത്രം മുഴുകി സമയം തള്ളി നീക്കി.