ഫോൺ റീചാർജ് ചെയ്യണതും അവിടുത്തെ കറന്റ് ബില്ല് ഗ്യാസ് ബുക്കിങ് ഒക്കെ ഓൺലൈൻ ആയി ചെയ്യുന്നത് എന്റെ സഹായത്തോടെ ആണ്.. ചേതമില്ലാത്ത ചില ഉപകാരങ്ങൾ.. ജിബിൻ ചേട്ടൻ ഇച്ചിരി പഴഞ്ചൻ ആണോ എന്ന് എനിക്ക് സംശയം തോന്നാതെ ഇല്ല..
പുള്ളിക്ക് ഈ ഓൺലൈൻ ഡീലിങ് ഒക്കെ ഇപ്പോഴും വിശ്വാസക്കുറവ് ആണ് അതോണ്ട് അതൊക്കെ പഠിക്കാനും മെനക്കേടില്ല..പിന്നെ നാട്ടിൽ ചില ആൾക്കാരെ ഞാൻ സംസാരിച്ച് പോളിസി എടുപ്പിച്ചതിൽ പിന്നെ പുള്ളിക്കും ഞാൻ ഒരു സ്വീകാര്യനായി.. പിന്നെ അടുത്ത് ഒരു കുടുംബം താമസം മാറി വന്നപ്പോൾ അവർ നമ്മളുമായി ഒക്കെ ആയിരിക്കുമോ എന്നുള്ള പേടി ഒക്കെ മാറി.. അമ്മയും ഹാപ്പി ആയി അപ്പോൾ പിന്നെ ഞാൻ ഫുൾ ഹാപ്പി.. അങ്ങനെ വളരെ ഹാപ്പി ആയി എല്ലാം പോകുകയായിരുന്നു..
ഒരു വെള്ളിയാഴ്ച ഞാൻ പാർട്ടി ഓഫീസിൽ ഇരിക്കുമ്പോൾ ആണ് എനിക്ക് അമ്മയുടെ കാൾ വരുന്നത്
“മോനെ നീ എവിടെയാണെങ്കിലും.. പെട്ടെന്ന് അത്യാവശ്യമായി വീട്ടിലേക്ക് വാ ”
“എന്താ അമ്മേ ”
“നീ വേഗം വാ..വിശദീകരിക്കാനൊന്നും നേരമില്ല”
അമ്മയുടെ ശബ്ദത്തിൽ മുഴുവനും നിറഞ്ഞു നിന്ന ആശങ്ക എന്നിലേക്ക് പടരാൻ സെക്കന്റ്കളെ വേണ്ടി വന്നുള്ളൂ..
ഒരുപാട് ടെൻഷനോട് ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു ഞാൻ…
നേരെ വീട്ടിലേക്ക് ചെന്നപ്പോൾ ജീന ചേച്ചിയുടെ വീട്ടിൽ ചെറിയ ഒരാൾകൂട്ടം കണ്ടു.. എന്നേ കണ്ടതും അമ്മ ഓടി വന്നു..
“മോനെ നീ കാറെടുക്ക്.. നമുക്ക് ഹോസ്പിറ്റൽ വരെ അത്യാവശ്യം പോകണം ”
അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി പെട്ടെന്ന് തന്നെ ബാഗ് ഒക്കെ എടുത്ത് വെളിയിൽ വന്നു.. അമ്മയുടെ മുഖം കണ്ടപ്പോൾ എനിക്ക് പേടി ആയി.. എന്താ കാരണം എന്ന് കൂടെ ചോദിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.. കാറിലേക്ക് കരഞ്ഞു കൊണ്ട് ഓടി വന്നു കേറുന്ന ജീന ചേച്ചിയെ ആണ് ഞാൻ കണ്ടത്.. ഞാൻ വേഗം തന്നെ കാർ എടുത്തു..
“ജീനെ നീ ഒന്ന് സമാധാനപ്പെട്.. നമ്മൾ അങ്ങോട്ട് പോകുവാണല്ലോ..”
“അമ്മേ ഇനി എങ്കിലും മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ നിങ്ങൾ എന്താണ് ഒന്ന് പറയാമോ”
“മോനെ ജിബിൻ ചേട്ടനൊരു ആക്‌സിഡന്റ് എന്ന് വിളിച്ചു പറഞ്ഞു.. ബൈക്കിൽ ഒരു ലോറി തട്ടിയതാണ്.. കുഴപ്പം ഒന്നുമില്ല എന്നാണ് പറഞ്ഞത്.”
അമ്മ അത്രേം പറഞ്ഞ് മുഴുവിപ്പിച്ചപ്പോൾ പിറകിൽ കുനിഞ്ഞിരുന്നു കരയുന്ന ജീന ചേച്ചിയെ ഞാൻ ഒന്ന് നോക്കി.. സത്യത്തിൽ അവിടെ വെച്ഛ് എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു..ഒരുപക്ഷെ ഞാൻ എന്ത് പറഞ്ഞാലും അത് മറ്റൊരു കരച്ചിലിന് വഴി വെക്കുന്ന അല്ലാതെ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല എന്ന് മനസിലാക്കാൻ സാധിച്ചു..
ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.. ജിബിൻ ചേട്ടൻ icu വിലാണ്.. ഡോക്ടർ അവിടുന്ന് ഇറങ്ങിയാൽ മാത്രമേ എന്തെങ്കിലും അറിയാൻ സാധിക്കൂ..ഞാൻ ഒരു ബൈ സ്റ്റാൻഡേർ റൂം എടുത്ത് അമ്മയെയും ജീന ചേച്ചിയെയും അവിടെ സെറ്റ് ആക്കിയിട്ട് ഞാൻ പുറത്തേക്ക് പോയി