അങ്ങനെ പിറ്റേന്ന് ഞാൻ അവിടെ നിന്നും തന്നെ ജോലിക്ക് പോയി. ഇതിനിടയ്ക്കൊന്നും ഞാൻ ട്രീസയെ കണ്ടില്ല, അവർ ട്രീസയോട് ഈ കാര്യം പറഞ്ഞോ എന്നും എനിക്കറിയില്ല.ഓഫീസിൽ ഇരിക്കുമ്പോൾ അവർ വിളിച്ചു ട്രീസയ്ക്ക് സമ്മതമാണെന്ന് പറഞ്ഞു.ഈ ഞായർ എബിയ്ക്കു പെണ്ണ് കാണാൻ ആൻ മേരിയുടെ വീട്ടിൽ പോകാം എന്ന് പറഞ്ഞു.
വൈകുന്നേരം തന്നെ ഞാൻ കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചു,ട്രീസയെ എന്റെ കാമുകി ആയാണ് അവതരിപ്പിച്ചത്. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ വമ്പൻ വഴക്ക് നടന്നു.
അമ്മ പറഞ്ഞു.
നീ എന്റെ വാക്ക് കേൾക്കാതെ ആ പെണ്ണിനെ കെട്ടാനാണ് തീരുമാനം എങ്കിൽ നിനക്ക് ഇനി അമ്മയില്ല. എന്നാലും കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ പൊത്തി പൊത്തി വളർത്തിയപ്പോ നിനക്ക് ഇങ്ങനെ പറയാൻ തോന്നിയല്ലോ…എടാ മോനെ അമ്മ മോനു നല്ല കുട്ടിയെ കണ്ടു പിടിച്ചു താരാടാ.. നമ്മുടെ കുടുംബത്തിന്റെ മാനം പോകുമെടാ..
ഞാൻ – അമ്മ എന്തൊക്കെയാ ഈ പറയുന്നത്, എന്നെ കത്തിരിക്കുന്ന ആ പെണ്ണിനോട് ഞാൻ എന്ത് പറയും. ഇനി വേറെ ആരെയെങ്കിലും കെട്ടിയാൽ അവളുടെ ശാപം കാണില്ലേ…
അമ്മ – അപ്പൊ നിന്റെ തീരുമാനത്തിൽ മാറ്റമില്ല എങ്കിൽ നിനക്കിനി അമ്മയും ഇല്ല.
അച്ഛൻ – എന്റെ വാക്ക് കേട്ടു ഇവിടെ നീയ്ക്കാൻ പറ്റാത്തവർ ഇപ്പൊ ഇവിടെ നിന്നും ഇറങ്ങണം.
ഞാൻ കരഞ്ഞു കൊണ്ട് ആ വീടിന്റെ പടിയിറങ്ങി.
അതോടെ ഞാൻ വീടിനു പുറത്തായി. ഓഫീസിനടുത് ഒരു വീട്ടിൽ താമസം ശരിയാക്കി. ഒന്ന് രണ്ടു പ്രാവശ്യം അമ്മ വിളിച്ചു കരഞ്ഞു പറഞ്ഞു മോനെ വാടാ എന്നൊക്കെ.. പക്ഷെ അപ്പോഴൊക്കെ ഞാൻ പ്രതീക്ഷ നൽകിയ കുടുംബം ആയിരുന്നു എന്റെ മനസ്സിൽ. ഞാൻ എന്റെ ദുഃഖം കരഞ്ഞു തീർത്തു.
എബിയ്ക്കു പെണ്ണ് കാണാനുള്ള ദിവസം വന്നെത്തി.അവന്റെ അച്ഛനും അമ്മയും ഞാനും അവനും പോയി.ട്രീസ വന്നില്ല. ഇനി അവിടെ പോകുമ്പോൾ എന്ത് പറ്റി.. എന്നുള്ള ചോദ്യവും പിന്നെ അതിനു ഉത്തരം പറയാനുള്ള മെനക്കേടും അത് കഴിഞ്ഞു അവരുടെ സിമ്പതിയും ഒന്നും കാണാൻ വയ്യ എന്ന്.
നമ്മളും അത് തന്നെ ശരി വച്ചു.എന്നെ കണ്ടിട്ടും ട്രീസയ്ക്ക് വലിയ സന്തോഷം ഒന്നും തോന്നിയില്ല.ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു, അവളും വേണം വേണ്ടാത്ത രീതിയിൽ ഒന്ന് വക്രിച്ചു .
ഈ പെണ്ണിന് ഇനി എന്നെ ഇഷ്ടമല്ലേ. ഇവരൊക്കെ നിർബന്ധിച്ചു സമ്മതിപ്പിച്ചതാണോ. വരട്ടെ ചോദിക്കാം. ഇപ്പൊ സമയമില്ല, വന്നിട്ട് ചോദിക്കാം, കാര്യം അറിയണമല്ലോ.