എന്നെയും അവളെയും പറ്റി ഒരു ഗോസിപ് കോളേജിൽ ഉണ്ടാവുന്നത് പോലും അവൾക്ക് സഹിക്കാൻ പറ്റിയില്ല. എന്നെ കല്യാണം കഴിക്കാൻ പറഞ്ഞൊന്നുമില്ല വെറും ഒരു ഗോസിപ് മാത്രം. അത് പോലും വളരെ ദേഷ്യത്തോടെ കണ്ട അവളുടെ മനസ്സിൽ എന്നോട് അപ്പോൾ എന്ത് വികാരമായിരിക്കും. ഒരു തരത്തിലും അവൾക്ക് എന്നെ ഇഷ്ടപ്പെടാൻ കഴിയില്ല. അവളുടെ സ്വപനങ്ങളിൽ അവളുടെ ഭർത്താവ് ഒരു രാജകുമാരൻ ആയിരിക്കും. ഞാൻ വെറും ഒരു പരമു.
എങ്കിലും ഞാൻ തന്നെ ആലോചിച്ചു ഞാൻ എന്തിനാ കരയുന്നത്. എന്നെ അച്ഛൻ തള്ളി പറഞ്ഞതിനോ…അതോ എന്നെ ഇഷ്ടമല്ലാത്ത പെണ്ണിന് വേണ്ടിയോ. ഇല്ല ഞാൻ കരയില്ല. ഞാൻ കണ്ണ് തുടച്ചു.
******
******
******
പിറ്റേന്ന് കോളേജിൽ എല്ലാവരും എന്നെ തന്നെ നോക്കുകയാണ്. ഇന്നലെ പൂജ വ്യക്തമായി അവളെ ഒഴിവാക്കാൻ പറഞ്ഞെങ്കിലും ഇപ്പോൾ കോളേജ് മുഴുവൻ കേൾക്കുന്ന കഥ വേറെ ആണ്.
പൂജയ്ക്ക് സൂരജിനെ ഇഷ്ടം ആണെന്നും എന്നാൽ ഞാൻ അവളെ തട്ടി എടുക്കാൻ നോക്കിയെന്നും. ഞാൻ സൂരജിനെ കലോത്സവത്തിലും കായിക മേളയിലും വെല്ലുവിളിച്ചുവെന്നും ജയിക്കുന്നവനെ പൂജ സ്വീകരിക്കും എന്നൊക്കെയാണ് ഇപ്പോൾ കോളേജിൽ കേൾക്കുന്ന കഥകൾ. എനിക്ക് അതിലൊന്നും വലിയ പ്രശ്നമില്ല. കാരണം ഞാൻ എന്തോരം ചീത്ത വിളി കെട്ടിട്ടുള്ളതാ. പക്ഷെ പൂജയ്ക്ക് ആകെ നാണക്കേടായി. എങ്കിലും നഷ്ടം വന്നത് സൂരജിനാണ്. ഇങ്ങനെ ഒരു അവസ്ഥയിൽ അവനും പങ്കുണ്ടല്ലോ അതുകൊണ്ട് സൂരജിനേ ഇനി ഒരിക്കലും പൂജ ഇഷ്ടപ്പെടാൻ സാധ്യത ഇല്ല.
ഞാൻ ഒന്നിനും ചെവി കൊടുക്കാതെ നടന്നു. സൂരജിന്റെ ശിങ്കിടികൾ എന്നെ കണ്ടപ്പോൾ സ്പോർട്സ് ഡേയ്ക്ക് കാണാമെടാ ആർട്സ് ഡേയ്ക്ക് കാണാമെടാ എന്നൊക്കെ പറഞ്ഞു . ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല.
എന്നാൽ പൂജയോട് ആത്മാർഥമായി ഒരു സോറി പറയണം എന്ന് എനിക്ക് തോന്നി.
ഞാൻ ക്ലാസിൽ അവളെ കണ്ടു എങ്കിലും അവൾ മുഖം വെട്ടിച്ച് എന്നെ നോക്കാതെ ഇരുന്നു. എനിക്ക് അവളോട് അങ്ങോട്ട് ചെന്നു സംസാരിക്കാനും മടി ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് സംസാരിക്കുന്നത് കണ്ടാൽ മതി വീണ്ടും കഥകൾ ഉണ്ടാവാൻ. ഞാൻ അതുകൊണ്ട് തത്കാലം അവളോട് മിണ്ടാൻ പോയില്ല.
പിന്നെയും രണ്ട് ദിവസം കഴിഞ്ഞു.
ഒരു ഞായറാഴ്ച വന്നു. അന്ന് ഞാൻ പൂജയെ വീട്ടിൽ പോയി കാണാം എന്ന് കരുതി. ഞാൻ അവളുടെ വീടൊക്കെ കണ്ടുപിടിച്ചു വച്ചിരുന്നു. ആ പറയാൻ വിട്ടു പോയി. ഇതിനിടയിൽ ഏട്ടത്തിയോട് സോറി പറഞ്ഞു ഞാൻ പിണക്കം മാറ്റിയിരുന്നു. കളിയാക്കുമെങ്കിലും എന്നോട് അല്പം ഇഷ്ടം ഒക്കെ ഏട്ടനും ഏട്ടത്തിക്കും ഉണ്ട്. ഞാൻ നന്നാവണം എന്ന് അവർക്ക് ആഗ്രഹം ഉണ്ട്.
ഞാൻ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് പൂജയുടെ വീട്ടിലേക്ക് ഇറങ്ങി. ബസിലാണ് യാത്ര ചെയ്തത്. അങ്ങനെ അവളുടെ വീടിന്റെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി അവളുടെ വീട്ടിലേക്ക് നടന്നു. അവിടെ ചെന്ന് എന്ത് പറയണം എന്ന് ഓർത്ത് ഓർത്ത് നടന്നു വഴി തെറ്റി. പിന്നെ കുറെ ദൂരം തിരിച്ചു നടന്നിട്ടാണ് അവളുടെ വീട്ടിൽ എത്തിയത്. ഇത്തരം അബദ്ധങ്ങൾ എനിക്ക് ഇടയ്ക്കിടെ പറ്റാറുണ്ട്.
ഞാൻ അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. പോർച്ചിൽ അവളുടെ സ്കൂട്ടി കണ്ടപ്പോൾ അവളുടെ വീട് തന്നെയെന്ന് ഉറപ്പായി. ഞാൻ കാളിംഗ് ബെൽ അടിച്ചു. ഒരു പ്രായം ചെന്ന സ്ത്രീ ആണ് വാതിൽ തുറന്നത്. അവളുടെ അമ്മ ആയിരിക്കണം.
സ്ത്രീ : ” ആരാ…..”
ഞാൻ : ” പൂജയുടെ വീട്….. ”