പൂജ : ” പരമു കോളേജ് കഴിഞ്ഞ് എന്താ പ്ലാൻ ”
ഞാൻ : ” ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ചോദ്യം ചോദിക്കല്ലേ. അറിയമല്ലോ സപ്പ്ളികളുടെ കൂമ്പാരമാണ് ”
പൂജ : ” ഈ മണ്ടൻ പരമു ആള് കോമെഡി ആണ് കേട്ടോ ”
പുല്ല് ഇവളും പുച്ഛമാണല്ലോ.
പിന്നെയും എന്തൊക്കെയോ അവൾ സംസാരിച്ചു.
പൂജ : ” പരമു…. ഒരു ചായ വാങ്ങിതാടാ ”
കയ്യിൽ ഊണിനുള്ള പൈസ മാത്രമേ ഒള്ളു എന്നാലും ഇവളോട് എങ്ങനെ പറ്റില്ല എന്ന് പറയും. അവളെ ഇമ്പ്രെസ്സ് ചെയ്യാൻ എന്റെ മനസ്സ് തുടിച്ചു. ഞാൻ അവൾക്കും എനിക്കും ഓരോ ചായ പറഞ്ഞു. അവൾ ആസ്വദിച്ചു ചായ കുടിക്കുന്നതും അവളുടെ മുഖവും ഒക്കെ ഞാൻ നോക്കിയിരുന്നു.
അടുത്ത പിരീഡ് ഞങ്ങൾ രണ്ടും ക്ലാസ്സിൽ കയറി. എങ്ങനെയോ ഉച്ച വരെ ക്ലാസ്സിൽ ഇരുന്നു. ഉച്ചയ്ക്ക് ഉണ്ണാൻ പൈസ ഇല്ലാത്തത് കൊണ്ട് ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നു.
ഒരുത്തൻ : ” ഡേയ് മണ്ടാ ഉണ്ണാൻ വരുന്നില്ലേ ”
ഞാൻ : ” ഇല്ല നിങ്ങൾ പൊയ്ക്കോ”
“മണ്ടൻ പരമുവിന് ചോറ് വേണ്ടേ. പുല്ല് അവന്റെ പാത്രത്തിൽ നിന്ന് ഓസിനു തിന്നാം എന്ന് വിചാരിച്ചതാ” പോകുന്ന വഴിക്ക് പിള്ളേര് പിറുപിറുക്കുന്നത് ഞാൻ കേട്ടു.
ഞാൻ അവിടെ തന്നെയിരുന്നു. പകൽസ്വപ്നം കാണുന്ന സ്വഭാവം എനിക്കുണ്ടെന്ന് പറഞ്ഞല്ലോ. ഞാൻ വെറുതെ എന്റെ സങ്കൽപ്പങ്ങളുടെ ലോകത്തേക്ക് ഇറങ്ങിച്ചെന്നു. അതാ ഒരു കതിർമണ്ഡപം. അതിൽ ആരുടെയോ കല്യാണം നടക്കുന്നു. ആഹാ വരൻ ഞാൻ തന്നെയാണല്ലോ. വെള്ളയും വെള്ളയുമിട്ട് കുട്ടപ്പനായി ഞാൻ ഇരിക്കുന്നു. ആകാംഷയോടെ വധുവിനെ ഞാൻ നോക്കി. വധു എന്റെ പ്രേമ ഭാജനം പൂജ തന്നെ. ചുവന്ന പട്ടുസാരിയിൽ അവൾ എത്രയോ സുന്ദരി. ഞങ്ങളുടെ ചുറ്റിലും പുറകിലുമായി എന്റെ അച്ഛനും ചേട്ടനുമൊക്കെ. കിച്ചു ഏട്ടത്തിയുടെ ഒക്കത്ത് ഇരിക്കുന്നു. ആരോ താലി നീട്ടുന്നു, ഞാൻ അത് അവളുടെ കഴുത്തിൽ കെട്ടുന്നു. എന്നിട്ട് അവളുടെ കയ്യും പിടിച്ച് കതിർമണ്ഡപത്തിന് ചുറ്റും നടന്നു.
മനസ്സ് വഴുതി മാറി…… അടുത്ത സീനിൽ ഞാനും അവളും കൊറേ പിള്ളേരും. എല്ലാം ഞങ്ങളുടെ മക്കളാ കേട്ടോ. ഞങ്ങൾ ഇങ്ങനെ ബീച്ചിലും പാർക്കിലും ഒക്കെ കറങ്ങി നടക്കുന്നു. ഓഹ് എന്തൊക്കെ സ്വപ്നങ്ങളാണ് ഞാൻ ചിന്തിച്ചു കൂട്ടുന്നത്. ഞാൻ ഇങ്ങനെ നടക്കുമ്പോ ഒക്കത്ത് ഒരു കുഞ്ഞിനേയും വച്ചു രണ്ട് പിള്ളേരെ നടത്തികൊണ്ട് പുറകെ അവളും. ആഹാ എന്തൊക്കെ ആഗ്രഹങ്ങൾ…..
നോട്ടുബുക്കിൽ കുത്തിവരച്ചു കൊണ്ട് ഓരോ സ്വപ്നം കണ്ട ഞാൻ ചുമ്മാ എഴുതി നോക്കി. പൂജ വെഡ്സ് പരമു… ശ്ശെ വൃത്തികേട്. ഈ പേരൊന്നു മാറ്റണം. പരമേശ്വർ എന്നാക്കണം. അപ്പൊ പൂജ വെഡ്സ് പരമേശ്വർ ആഹാ അന്തസ്സ്. പൂജ പരമേശ്വർ നല്ല ചേർച്ച. ഞാൻ ബുക്കിൽ വെറുതെ അങ്ങനെ എഴുതി നോക്കി എന്നിട്ട് അത് നോക്കി ഒന്ന് പുഞ്ചിരിച്ചു.
ചെറിയ മൂത്ര ശങ്ക വന്നതുകൊണ്ട് ഞാൻ ഒന്ന് മൂത്രമൊഴിക്കാൻ വേണ്ടി ബോയ്സ് വാഷ്റൂമിലേക്ക് പോയി. മൂത്രമൊഴിച്ച് മുഖമൊക്കെ ഒന്ന് കഴുകി. ഞാൻ തിരികെ വന്നപ്പോൾ ക്ലാസ്സിൽ നിന്ന് ഭയങ്കര കളിയും ചിരിയും കേൾക്കുന്നു.
” ഹഹഹ മൈരന്റെ ഓരോരോ ആഗ്രഹങ്ങളെ ”
“ഈ മന്ദബുദ്ധിക്ക് ഇത്രയും ആഗ്രഹമോ ”
” അവനെയും അവളെയും കൂടി ഒന്ന് ആലോചിച്ച് നോക്ക് അളിയാ…. ചിരിച്ചു മരിക്കും ”
എന്താണ് സംഭവമെന്ന് മനസിലാകാതെ ഞാൻ അകത്തേക്ക് കയറി. ചിരിച്ചുകൊണ്ടിരിക്കുന്ന അവന്മാർ എന്നെ കണ്ടപ്പോൾ വീണ്ടും ചിരിച്ചു. കൂട്ടത്തിൽ ഒരുത്തൻ ഒരു ബുക്ക് പൊക്കിക്കാണിച്ചു.